ADVERTISEMENT

മുംബൈ∙ വിക്കറ്റ് നേട്ടത്തിനു ശേഷമുള്ള ‘കടുത്ത’ ആഘോഷപ്രകടങ്ങളുടെ പേരിൽക്കൂടി അറിയപ്പെടുന്ന ആളാണു രാജസ്ഥാൻ റോയൽസ് താരം രവിചന്ദ്രൻ അശ്വിൻ. ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഇന്നലെ നടന്ന മത്സരത്തിലും അതു കണ്ടു. പക്ഷേ, ചെറിയൊരു വ്യത്യാസം ഉണ്ടായിരുന്നു എന്നു മാത്രം. 

‌സമ്മർദ ഘട്ടത്തിൽ, വെറും 23 പന്തിൽ 2 ഫോറും 3 സിക്സും അടക്കം പുറത്താകാതെ 40 റൺസടിച്ച ഉജ്വല ഇന്നിങ്സിനിടെയായിരുന്നു നെഞ്ചിൽ പല തവണ ആഞ്ഞ് ഇടിച്ചു കൊണ്ടുള്ള അശ്വിന്റെ ഈ ആഘോഷ പ്രകടനം. 

ശ്രീലങ്കൻ പേസർ മഹീഷ് പതിരന എറിഞ്ഞ അവസാന ഓവറിൽ, ജയിക്കാൻ 5 പന്തിൽ 6 റൺസ് വേണമെന്നിരിക്കെ ബൗണ്ടറി നേടിയതിനു ശേഷമായിരുന്നു അശ്വിന്‍ ആഹ്ലാദ സൂചകമായി സ്വന്തം നെഞ്ചിൽ പല തവണ ആഞ്ഞിടിച്ചത്. പതിരനയുടെ ഉജ്വല ബോളിൽ പ്ലേസിങ് ഷോട്ടിലൂടെ അശ്വിൻ നേടിയ ബൗണ്ടറി രാജസ്ഥാൻ ജയത്തിൽ നിർണായകവുമായി. 

പിന്നീട് പതിരനയുടെ വൈഡ് ബോളിൽ രാജസ്ഥാൻ വിജയലക്ഷ്യം മറികടന്നപ്പോൾ നോൺ സ്ട്രൈക്കിങ് എൻഡിലെ അശ്വിന്റെ ‘അമിത’ ആഹ്ലാദപ്രകടനവും ടിവി ക്യാമറ ഒപ്പിയെടുത്തു.

തന്റെ ഉള്ളിലുള്ള ഡേവിഡ് വാർണറെയാണ് പുറത്തുകൊണ്ടുവന്നതെന്ന് മത്സരത്തിനു ശേഷം അശ്വിൻ പ്രതികരിച്ചു. ‘കളിക്കുന്ന എല്ലാ ഫ്രാഞ്ചൈസികൾക്കു വേണ്ടിയും ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കണം എന്നാണ് എന്റെ ആഗ്രഹം. അത് ബഹുമാനത്തിന്റെ കൂടി കാര്യമാണ്. പ്ലേ ഓഫിൽ പ്രവേശിക്കാനായതിൽ അതിയായ സന്തോഷമുണ്ട്. ആഘോഷത്തെപ്പറ്റി പറഞ്ഞാൽ, എന്റെ ഉള്ളിലെ ഡേവിഡ് വാർണറെയാണു ഞാൻ പുറത്തെടുത്തത്. 

10 ലക്ഷം യുഎസ് ഡോളർ കയ്യിൽ കിട്ടിയതുപോലെയാണു തോന്നുന്നത്. ബാറ്റിങ് സംബന്ധിച്ചുള്ള ആശയവിനിമയം രാജസ്ഥാൻ അധികൃതർ ടൂർണമെന്റ് തുടങ്ങുന്നതിനു മുൻപുതന്നെ നൽകിയിരുന്നു. കാര്യമായ മുന്നൊരുക്കങ്ങൾ തന്നെ ഞാൻ നടത്തിയിരുന്നു. എന്റെ ബാറ്റിങ് സ്ഥാനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ടീം മാനേജ്മെന്റിന് വ്യക്തമായ ധാരണ ഉണ്ടായിരുന്നു. 

ടീമിലെ എന്റെ റോൾ എന്താണെന്ന് എനിക്ക് നന്നായി അറിയാം’– അശ്വിന്റെ വാക്കുകള്‍.

അശ്വിന്റെ ഇന്നിങ്സിനൊപ്പം യുവതാരം യശസ്വി ജെയ്സ്വാൾ (44 പന്തിൽ 8 ഫോറും ഒരു സിക്സും അടക്കം 59) നൽകിയ മികച്ച തുടക്കവും രാജസ്ഥാൻ ജയത്തിൽ നിർണായകമായിരുന്നു.  

 

English Summary: Watch: Ashwin celebrates RR's win vs CSK with chest-thumps and roars, reveals Warner connection behind it

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com