പവർ പുറത്തെടുത്ത് പഞ്ചാബ്; 5 വിക്കറ്റ് വിജയം; സൺറൈസേഴ്‌സിന് നിരാശ

LIVINGSTON
സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ലിയാം ലിവിങ്‌സ്റ്റൻ ബാറ്റ് ചെയ്യുന്നു. ചിത്രം: ഐപിഎൽ/ ട്വിറ്റർ
SHARE

മുംബൈ ∙ ഐപിഎൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ പഞ്ചാബ് കിങ്സിന് 5 വിക്കറ്റ് വിജയം. ഇതോടെ പോയിന്റ് പട്ടികയിൽ പഞ്ചാബ് ആറാമത് ഫിനിഷ് ചെയ്‌തു. സൺറൈസേഴ്‌സ് ഹൈദരാബാദ് എട്ടാം സ്ഥാനത്തു പോരാട്ടം അവസാനിപ്പിച്ചു. ഇംഗ്ലണ്ട്  താരം ലിയാം ലിവിങ്‌സ്റ്റണിന്റെ (22 പന്തിൽ 49 നോട്ടൗട്ട്) ബാറ്റിങ്‌ മികവാണ് പഞ്ചാബിനെ വിജയത്തിലെത്തിച്ചത്. 

സ്‌കോർ: സൺറൈസേഴ്‌സ് ഹൈദരാബാദ് 20 ഓവറിൽ 8 വിക്കറ്റിന് 157 റൺസ്; പഞ്ചാബ് കിങ്‌സ് 15.1 ഓവറിൽ 5 വിക്കറ്റിന് 160 റൺസ്   

158 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് കിങ്സിന് ഓപ്പണർ ജോണി ബെയർസ്‌റ്റോ മിന്നുന്ന തുടക്കം നൽകി. എന്നാൽ വലിയ സ്കോറിലേക്ക് കുതിക്കും മുൻപ് ബെയർസ്റ്റോയെ (23) അഫ്‌ഗാൻ താരം ഫസൽഹഖ് ഫറൂഖി മടക്കി. എന്നാൽ പവർപ്ലേ ഓവറുകളിൽ പരമാവധി റൺസ് കണ്ടെത്താനുള്ള പഞ്ചാബ് നീക്കം ടീമിന് ഉത്തേജനമായി. ആറ് ഓവറിൽ ഒരു വിക്കറ്റിന് 62 റൺസ് എന്ന നിലയിൽ പഞ്ചാബ് കുതിച്ചു.  

എന്നാൽ കൂടുതൽ റൺസ് ഉയർത്താനുള്ള ശ്രമത്തിനിടെ മികച്ച രീതിയിൽ ബാറ്റ് ചെയ്തിരുന്ന ഷാരൂഖ് ഖാൻ (19) ഉമ്രാൻ മാലിക്കിന്റെ പന്തിൽ പുറത്തായി.  തുടർന്ന് ക്രീസിലെത്തിയ ക്യാപ്റ്റൻ മയങ്ക് അഗർവാൾ നേരിട്ട ആദ്യ പന്ത് ദേഹത്ത് കൊണ്ടതിനെ തുടർന്ന് വൈദ്യസഹായം ആവശ്യപ്പെട്ടു. അധികം വൈകാതെ, കൂറ്റനടിക്ക് ശ്രമിച്ച പഞ്ചാബ് നായകന് (1) വിക്കറ്റ് നഷ്ടമായി.   

sunrisers-hyderabad

എന്നാൽ അഞ്ചാമതെത്തിയ ലിയാം ലിവിങ്‌സ്റ്റൻ ടൂർണമെന്റിലെ മികച്ച ഫോം തുടർന്നു. സിക്‌സറുകളും ഇംഗ്ലണ്ട് താരം പായിച്ചു. മറുവശത്ത് ശിഖർ ധവാനും പതറാതെ ബാറ്റ് ചെയ്‌തു.  എന്നാൽ രണ്ടാം സ്പെല്ലിന് വന്ന ഫറൂഖിക്ക് മുൻപിൽ ധവാന്റെ പോരാട്ടം (39) അവസാനിച്ചു. ധവാൻ പുറത്തായശേഷമെത്തിയ ജിതേഷ് ശർമയും ടൂർണമെന്റിലെ മികച്ച ഫോം തുടർന്നു.      

നേരത്തെ മൂന്നു വിക്കറ്റുമായി നഥാൻ എലീസും ഹർപ്രീത് ബ്രാറും തിളങ്ങിയ മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദ് 20 ഓവറിൽ 8 വിക്കറ്റിന് 157 റൺസെടുത്തു. 43 റൺസ് നേടിയ ഓപ്പണർ അഭിഷേക് ശർമയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറർ.

ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത സൺറൈസേഴ്‌സ് ഹൈദരാബാദിന് യുവ ഓപ്പണർ പ്രിയം ഗാർഗിനെ (4) വേഗത്തിൽ നഷ്‌ടമായി.  രണ്ടാം വിക്കറ്റിൽ രാഹുൽ ത്രിപാഠിയും (20) അഭിഷേക് ശർമയും നിലയുറപ്പിച്ചു. ഇരുവരും ചേർന്ന് 47 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ റൺ നിരക്ക് ഉയർത്താനുള്ള ശ്രമത്തിനിടെ ത്രിപാഠി പുറത്തായി.  അധികം വൈകാതെ ഓപ്പണർ അഭിഷേക് ശർമ (43) ഹർപ്രീത് ബ്രാറിന് രണ്ടാം വിക്കറ്റ് സമ്മാനിച്ച് മടങ്ങി.  

harpreet-brar
3 വിക്കറ്റ് നേടിയ ഹർപ്രീത് ബ്രാർ. ചിത്രം: ട്വിറ്റർ/ ഐപിഎൽ

നിക്കോളാസ് പുരാനും (5) കാര്യമായൊന്നും ചെയ്യാനാവാതെ മടങ്ങിയതോടെ ഹൈദരാബാദ് 13 ഓവറിൽ 4 വിക്കറ്റിന് 87 റൺസ് എന്ന നിലയിലായി.  അധികം വൈകാതെ എയ്‌ഡൻ മർക്രം (21) പുറത്തായി. ഇതോടെ ഹൈദരാബാദ് മറ്റൊരു ബാറ്റിങ്‌ തകർച്ചയെ നേരിട്ടു. മധ്യ ഓവറുകളിൽ റൺസ് നേടാൻ കഴിയാതെ പോയത് റൺ റേറ്റിനെയും ബാധിച്ചു. 

തുടർന്ന് വാഷിങ്ങ്ടൻ സുന്ദറും (25) റൊമാരിയോ ഷെപ്പെർഡും ചേർന്ന് ആറാം വിക്കറ്റിൽ 29 പന്തിൽ നേടിയ 58 റൺസ് കൂട്ടുകെട്ടാണ് ഹൈദരാബാദ് സ്‌കോർ  ഉയർത്തിയത്. ഇരുവരും അവസാന ഓവറുകളിൽ ഉത്തരവാദിത്തത്തോടെ ബാറ്റ് വീശിയത് ഹൈദരാബാദിനെ സഹായിച്ചു. എന്നാൽ അവസാന ഓവർ എറിഞ്ഞ നഥാൻ എലീസിന്റെ ഓവറിൽ 3 വിക്കറ്റുകൾ വീണതോടെ 160 റൺസ് എന്ന ടോട്ടൽ ഉയർത്താൻ ഹൈദരാബാദിന് സാധിക്കാതെ പോവുകയായിരുന്നു.

English Summary: IPL Match 70 - Sunrisers Hyderabad vs Punjab Kings - Live Updates

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA