ADVERTISEMENT

മുംബൈ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള 18 അംഗ ടീമിൽ സ്ഥാനം ഉണ്ടാകില്ലെന്ന കാര്യം ഇന്ത്യൻ സീനിയർ താരം ശിഖർ ധവാനെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് ടീം പ്രഖ്യാപനത്തിനു മുൻപുതന്നെ അറിയിച്ചിരുന്നതായി മുതിർന്ന ബിസിസിഐ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ. 

ടീമിലെ മുൻനിര താരങ്ങളുടെ ‘കൂട്ടയിടിയാണു’ ധവാനെ പരിഗണിക്കാനാകാതെ പോയതിനുള്ള കാരണമെന്നും പേരു വെളിപ്പെടുത്താൻ തയാറാകാത്ത ബിസിസിഐ ഉദോഗസ്ഥൻ ഇൻസൈഡ്സ്പോട്.ഇൻ വെബ്സ്റ്റിനോടു വെളിപ്പെടുത്തി. 

ഐപിഎൽ സീസണിൽ പഞ്ചാബ് കിങ്സിനായി 14 കളിയിൽ 460 റണ്‍സെടുത്ത ധവാൻ സീസണിലെ റൺവേട്ടക്കാരിൽ, ജോസ് ബട്‌ലർ, കെ.എൽ. രാഹുൽ, ക്വിന്റൻ ഡികോക്ക് എന്നിവർക്കു പിന്നിൽ 4–ാം സ്ഥാനത്താണ്. 3 അർധ സെഞ്ചറികൾ കുറിച്ച ധവാന്റെ ഉയർന്ന സ്കോർ പുറത്താകാതെ നേടിയ 88 റൺസും. ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോലി എന്നീ സീനിയർ താരങ്ങൾക്കു വിശ്രമം അനുവദിച്ച പരമ്പരയിൽ, മികച്ച ഫോമിലുള്ള ധവാന്റെ അസാന്നിധ്യം ക്രിക്കറ്റ് ആരാധകരെ ആശ്ചര്യപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണു ബിസിസിഐ ഉദ്യോഗസ്ഥന്റെ പ്രതികരണം.

‘10 വർഷത്തിലേറെയായി ഇന്ത്യൻ ക്രിക്കറ്റിനായി ഏറ്റവും മികച്ച സേവനം ചെയ്യുന്ന താരങ്ങളിൽ ഒരാളാണു ധവാൻ. പക്ഷേ, ട്വന്റി20 മത്സരങ്ങളിൽ നന്നായി കളിക്കുന്ന യുവ താരങ്ങൾക്കു കൂടി അവസരം നൽകേണ്ടതുണ്ട്. ബുദ്ധിമുട്ടേറിയ ആ തീരുമാനം രാഹുൽ ദ്രാവിഡിനു കൈക്കൊള്ളേണ്ടിവന്നു. ഞങ്ങൾ എല്ലാവരും അതിനു സമ്മതവും മൂളി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ 5 ട്വന്റി20 മത്സര പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിനു മുൻപുതന്നെ ഇക്കാര്യം രാഹുൽ ദ്രാവിഡ് ധവാനെ അറിയിക്കുകയും ചെയ്തിരുന്നു’– ബിസിസിഐ ഉദ്യോഗസ്ഥൻ പറഞ്ഞു.

അതേ സമയം ഇന്ത്യൻ മുൻനിരയിലെ സ്ഥാനം കാത്തിരിക്കുന്ന ഒട്ടേറെ താരങ്ങൾ ഉണ്ടെന്നും ടീം സ്ഥാനം ലഭിക്കുന്നതിൽ ധവാനു തിരിച്ചടിയായത് ഇതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘കാര്യങ്ങൾ വളരെ ലളിതമാണ്. ഋതുരാജ് ഗെയ്‌ക്വാദ്, ഇഷൻ കിഷൻ, കെ.എൽ. രാഹുൽ എന്നിവര്‍, പുറമേ സഞ്ജു സാംസൺ അടക്കമുള്ള ഒട്ടേറെ താരങ്ങൾ. ഇവരൊക്കെയുള്ളപ്പോൾ ധവാന്റെ കാര്യം ബുദ്ധിമുട്ടാണ്.

മാത്രമല്ല, തനിക്കു വേണ്ടതെന്താണ് എന്ന കാര്യത്തിൽ രാഹുൽ ദ്രാവിഡിന് വ്യക്തതയുമുണ്ട്. ധവാനോടു ഞങ്ങൾക്കു തികഞ്ഞ ബഹുമാനമാണ്. അതുകൊണ്ടുതന്നെയാണു ടീമിന്റെ ട്വന്റി20 പദ്ധതികളിൽ ധവാന്‍ ഇനി ഉണ്ടാകില്ലെന്ന് അദ്ദേഹത്തെ ഫോണിൽ വിളിച്ച് അറിയിച്ചത്’– ബിസിസിഐ ഉദ്യോഗസ്ഥന്റെ വാക്കുകൾ. 

ഇതോടെ, കഴിഞ്ഞ വർഷം ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ ഇന്ത്യയെ നയിച്ച താരം കൂടിയായ ധവാന്റെ ട്വന്റി20 കരിയർ അവസാനിച്ചിരിക്കാനുള്ള സാധ്യത കൂടിയാണ് തെളിഞ്ഞിരിക്കുന്നത്. ഐപിഎൽ ചരിത്രത്തിൽത്തന്നെ ഏറ്റവും സ്ഥിരതയോടെ ബാറ്റു വീശുന്ന താരങ്ങളിൽ ഒരാളായ ധവാനാണ് ഈ ‘കഷ്ടകാലം’ വന്നുഭവിച്ചത് എന്ന വസ്തുത ക്രിക്കറ്റ് ആരാധകരെ നിരാശപ്പെടുത്തുന്നുണ്ടാകാം. 

 

English Summary: India vs South Africa 2022: Shikhar Dhawan informed by head coach Rahul Dravid before omission, says report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com