ADVERTISEMENT

കൊൽക്കത്ത∙ ഐപിഎൽ സീസണിൽ ഉജ്വല പ്രകടനം പുറത്തെടുത്താനായതിന്റെ കാരണം താരങ്ങൾ തമ്മിൽ ഏറെ ആത്മബന്ധമുള്ള ടീമിൽ കളിക്കാനായതാണെന്നും രാജസ്ഥാനായി മത്സരങ്ങൾ കളിക്കുമ്പോൾ, ഫ്രാഞ്ചൈസിയെ 2008ലെ പ്രഥമ ഐപിഎൽ സീസണിൽ ചാംപ്യൻമാരാക്കിയ ഇതിഹാസ സ്പിന്നർ ഷെയ്ൻ വോൺ, സ്വർഗത്തിലിരുന്ന് തന്റെ ബോളിങ് നോക്കിക്കാണുന്നതായി തോന്നുന്നുണ്ടെന്നും രാജസ്ഥാൻ റോയൽസ് താരം യുസ്‌വേന്ദ്ര ചെഹൽ. 

ലീഗ് ഘട്ടത്തിൽ, 16.53 ശരാശരിയിലും 7.67 ഇക്കോണമി നിരക്കിലും 26 വിക്കറ്റുകൾ വീഴ്ത്തിയ ചെഹലാണു വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ നിലവിൽ ഒന്നാമതുള്ളത്. പ്ലേ ഓഫ് ഘട്ടത്തിൽ ഇന്നു രാത്രി നടക്കുന്ന ഒന്നാം ക്വാളിഫയറിൽ, പോയിന്റ് പട്ടികയിലെ  ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റൻസാണ് രാജസ്ഥാന്റെ എതിരാളികൾ. 

‘രാജസ്ഥാൻ റോയൽസിന് ഒപ്പമുള്ള എന്റെ ആദ്യ സീസണാണ് ഇത് എന്ന് എനിക്കു നന്നായി അറിയാം. പക്ഷേ, വളരെ വർഷങ്ങളായി ഇവിടെ കളിക്കുന്ന പ്രതീതിയാണ് എനിക്കുള്ളത്. ഇപ്പോൾത്തന്നെ ഇതൊരു കുടുംബം പോലെ ആയിക്കഴിഞ്ഞു. മാനസികമായി ഏറെ ഉല്ലാസവാനാണു ഞാൻ. അതിനുള്ള കടപ്പാട് റോയൽസ് കുടുംബത്തിലെ അംഗങ്ങളോടാണ്. അവർ എല്ലാവരും എന്റെ കാര്യങ്ങൾ വളരെ നന്നായാണു നോക്കുന്നത്. 

പ്ലേയിങ് ഇലവനും സഹതാരങ്ങളും മാത്രമല്ല, ടീം മാനേജ്മെന്റിന്റെ സമീപനവും ഇത്തരത്തിലാണ്. എല്ലാവരും എന്നെ ഇത്തരത്തിൽ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതിനാൽ, ഫ്രാഞ്ചൈസിയുമായുള്ള എന്റെ ബന്ധം മറ്റൊരു തലത്തിലേക്കു നീങ്ങിയിരിക്കുകയാണ്. അതു പോലെ തന്നെ വോൺ സർ (ഷെയ്ൻ വോൺ) രാജസ്ഥാൻ റോയൽസിനായാണു കളിച്ചിരുന്നതെന്നതും എന്നെ ഈ ടീമുമായി ബന്ധിപ്പിക്കുന്നു. അദ്ദേഹത്തിന്റെ അനുഗ്രഹം എനിക്കൊപ്പം ഉണ്ടെന്നാണു കരുതുന്നത്. സ്വർഗത്തിലിരുന്ന് അദ്ദേഹമിപ്പോൾ എന്നെ കാണുന്നുണ്ടാകും’– ഫ്രാഞ്ചൈസിക്കായി പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിൽ ചെഹൽ പറഞ്ഞു.

കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ ഹാട്രിക് അടക്കം 40 റൺസ് വഴങ്ങി 5 വിക്കറ്റെടുത്ത പ്രകടനം തനിക്ക് എറെ പ്രിയപ്പെട്ടതാണെന്നും ചെഹൽ പറഞ്ഞു.

‘കൊൽ‌ക്കത്തയ്ക്കെതിരായ പ്രകടനം ഏറെ സന്തോഷം നൽകുന്നതാണ്. സമ്മർദ ഘട്ടത്തിൽ, കൊൽക്കത്തയ്ക്കു ജയിക്കാൻ 4 ഓവറിൽ 40 റൺസ് മാത്രം വേണ്ടപ്പോഴായിരുന്നു ഈ പ്രകടനം എന്നതുതന്നെ കാരണം. അപ്പോഴാണു സഞ്ജു എന്നെ പന്ത് ഏൽപിച്ചത്. ഇനിയെല്ലാം നിങ്ങളുടെ കയ്യിലാണ്. നിങ്ങൾക്കിതു സാധിക്കും എന്നാണു സഞ്ജു പറഞ്ഞത്. 

സഞ്ജുവിന്റെ വാക്കുകൾ എന്റെ ആത്മവിശ്വാസം കാര്യമായി വർധിപ്പിച്ചു. എങ്ങനെ വിക്കറ്റുകൾ വീഴ്ത്താം എന്നു മാത്രമാണു ഞാൻ പിന്നീടു ചിന്തിച്ചത്. കാരണം വിക്കറ്റുകൾ എടുത്താൽ മാത്രമേ ഞങ്ങൾക്കു മത്സരത്തിൽ എന്തെങ്കിലും സാധ്യത ബാക്കിയുണ്ടായിരുന്നുള്ളു. ടീമിനെ നിങ്ങൾ വിജയത്തിലേക്കു നയിക്കുന്ന ഇത്തരത്തിലുള്ള ചില നിമിഷങ്ങള്‍ ഏറെ വിശേഷപ്പെട്ടതാണ്’– ചെഹലിന്റെ കുറിപ്പിൽ പറയുന്നു. 

 

English Summary: IPL 2022: RR spinner Yuzvendra Chahal makes BIG statement, says 'Shane Warne is watching me...'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com