ADVERTISEMENT

കൊൽക്കത്ത∙ ഐപിഎൽ സീസണിൽ ഏറ്റവും അധികം സ്വാധീനം പ്രകടമാക്കിയ ക്യാപ്റ്റൻ സഞ്ജു സാംസണാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റർ പാർഥിവ് പട്ടേൽ. 2018നു ശേഷം ആദ്യമായി രാജസ്ഥാൻ റോയൽസിനെ പ്ലേ ഓഫിലേക്കു നയിച്ചത് സഞ്ജു സാംസണാണ്. 

2021ൽ മുൻ ഓസീസ് നായകൻ സ്റ്റീവ് സ്മിത്തിനെ റിലീസ് ചെയ്തതിനു പിന്നാലെയാണു സഞ്ജുവിനെ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനായി രാജസ്ഥാൻ നിയമിക്കുന്നത്. 2021 സീസണിൽ, പോയിന്റ് പട്ടികയിലെ 7–ാം സ്ഥാനത്താണു രാജസ്ഥാൻ ഫിനിഷ് ചെയ്തത്. എന്നാൽ, ഇത്തവണ മെഗാ താരലേലത്തിനു പിന്നാലെ ഉടച്ചുവാർത്ത ടീമിനെ പ്ലേ ഓഫ് ഘട്ടത്തിലേക്കു നയിച്ച സഞ്ജു ഫ്രാഞ്ചൈസി തന്നിൽ അർപിച്ച വിശ്വാസം കാത്തു. 

ഫീൽഡിലെ സഞ്ജുവിന്റെ ശാന്ത സ്വഭാവത്തെയും നിർണായക തീരുമാനങ്ങൾ എടുക്കുന്നതിലെ വൈദഗ്ധ്യത്തെയും പാർഥിവ് പട്ടേൽ പ്രശംസിച്ചു. ‘ഐപിഎൽ സീസണിൽ ഏറ്റവും അധികം സ്വാധീനം പ്രകടമാക്കിയ ക്യാപ്റ്റൻ സഞ്ജു സാംസണാണ്. എല്ലാ മത്സരങ്ങളിലും വളരെ ശാന്തനായാണു സഞ്ജുവിനെ കണ്ടത്. അതേ സമയം നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ വൈദഗ്ധ്യം പുലർത്താനും സഞ്ജുവിനായി. ക്യാപ്റ്റൻസിയുടെ കാര്യം പരിശോധിച്ചാൽ സഞ്ജു വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്’– പാർഥിവ് പട്ടേൽ പറഞ്ഞു.

ഗുജറാത്തിനെതിരെ ഇന്നു നടക്കുന്ന ഒന്നാം ക്വാളിഫയർ മത്സരത്തിലെ വിക്കറ്റ് മഴമൂലം മൂടിയിട്ടിരിക്കുന്നത് റോയൽസ് പേസർ ട്രെന്റ് ബോൾട്ടിനെ സന്തോഷിപ്പിക്കുന്നുണ്ടാകാമെന്നും പട്ടേൽ അഭിപ്രായപ്പെട്ടു.

‘പിച്ച് മൂടിയിട്ടിരിക്കുന്നതില്‍ ട്രെന്റ് ബോൾട്ടിന് വളരെയധികം സന്തോഷമുണ്ടാകും. അന്തരീക്ഷത്തിൽ നിലനിൽക്കുന്ന ഈർപം സ്വിങ്ങിന് അനുയോജ്യമാണ്. കാര്യമായ മഴ പെയ്യാതിരിക്കുകയും അതേ സമയം അന്തരീക്ഷത്തിൽ ഈർപം നിലനിൽക്കുകയും ചെയ്യട്ടെ എന്നാകും ബോൾട്ട് ആഗ്രഹിക്കുന്നത്.

രാജസ്ഥാൻ ഇലവനിൽ മാറ്റങ്ങൾ വേണമെന്നു ഞാൻ കരുതുന്നില്ല. പ്ലേയിങ് ഇലവനിലേക്കു മടങ്ങിയെത്തിയതിനു ശേഷം യശസ്വി ജെയ്‌സ്വാൾ നന്നായാണു ബാറ്റു ചെയ്യുന്നത്. ബാറ്റിങ് നിരയ്ക്ക് ഇപ്പോൾ കൂടുതൽ ആഴം കൈവന്നതായി തോന്നുന്നു. അശ്വിൻ നന്നായി ബാറ്റു ചെയ്യുന്നു എന്നതും ടീമിനു സഹായകമാണ്. ബോളിങ് വിഭാഗവും മികച്ചതുതന്നെ. 

വിക്കറ്റിൽനിന്ന് എന്തെങ്കിലും തരത്തിലുള്ള സഹായം കിട്ടുമെങ്കിൽ കുൽദീപ് സെന്നിനെ പരിഗണിക്കാം. അല്ലെങ്കിൽ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യത കുറവാണ്’– പാർഥിവ് പട്ടേൽ പറഞ്ഞു.  

 

English Summary: "He has been the most influential captain in IPL 2022" - Parthiv Patel praises Sanju Samson for his leadership in IPL 2022  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com