‘രാജസ്ഥാൻ കുടുംബം ക്ഷമിക്കണം’; ‘തോൽപിച്ചശേഷം’ മുൻ ടീമിനോട് മില്ലർ!

miller-david
രാജസ്ഥാൻ താരമായിരിക്കെ ഡേവിഡ് മില്ലർ, ഒന്നാം ക്വാളിഫയറിൽ രാജസ്ഥാനെതിരെ മില്ലറുടെ ബാറ്റിങ് (ചിത്രങ്ങൾ– ഐപിഎൽടി20.കോം).
SHARE

കൊൽക്കത്ത∙ ഐപിഎൽ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്ന് ഒന്നാം ക്വാളിഫയർ മത്സരത്തിനായി കാത്തുവച്ചിരിക്കുകയായിരുന്നോ ഡേവിഡ് മില്ലർ? ആ ഇന്നിങ്സിന്റെ പിറവി മുൻ ഫ്രാഞ്ചൈസിക്കെതിരെ കൂടിയാകുമ്പോൾ ഏതൊരു താരത്തിനും അൽപമെങ്കിലും ‘പിടിത്തംവിട്ടു’ പോയില്ലെങ്കിലല്ലേ അദ്ഭുതമുള്ളു! രാജസ്ഥാനെതിരായ മത്സരത്തിലെ കിടിലൻ ഇന്നിങ്സിനു ശേഷം മില്ലർക്കും സംഭവിച്ചതും അതാണ്.

റണ്‍ചേസിൽ 85 റണ്‍സിനിടെ ഗുജറാത്തിനു 3 വിക്കറ്റ് നഷ്ടമായപ്പോഴാണു ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കു കൂട്ടാളിയായി മില്ലർ ബാറ്റു ചെയ്യാനെത്തുന്നത്. തുടക്കത്തിൽ പന്തിൽ മിഡിൽ ചെയ്യാൻ നന്നേ വിഷമിച്ച മില്ലർ പക്ഷേ 38 പന്തിൽ 3 ഫോറും 5 സിക്സറും അടക്കം പുറത്താകാതെ നേടിയ 68 റൺസുമായാണ് ഇന്നിങ്സ് അവസാനിപ്പിച്ചത്. അവസാന ഓവറിൽ, ലക്ഷ്യത്തിലെത്താൻ 16 റൺസ് വേണമെന്നിരിക്കെ, വിജയപ്രതീക്ഷയിലായിരുന്ന രാജസ്ഥാൻ റോയൽസ് ആരാധകരുടെ ഹൃദയം തകര്‍ത്ത ഹാട്രിക് സിക്സറുകളും ഇതിൽ ഉൾപ്പെടും.

കഴിഞ്ഞ 2 സീസണുകളിൽ ഇതേ രാജസ്ഥാൻ റോയൽസ് ടീമിലാണു മില്ലറും കളിച്ചിരുന്നത്. എന്നാൽ ഭൂരിഭാഗം മത്സരങ്ങളിലും ‘റിസർവ് ബെഞ്ച് ചൂടുപിടിപ്പിക്കുന്ന’തായിരുന്നു അവിടെ മില്ലറുടെ റോൾ.

2 സീസണിലായി 10 കളിയിൽ 124 റൺസ് മാത്രമാണു മില്ലർക്കു നേടാനായതും. സ്ട്രൈക്ക് റേറ്റും (109.73) നിരാശാജനകമായിരുന്നു. എന്നാൽ അതേ മില്ലറുടെ പരിണാമം ഈ സീസണിലെ കണക്കുകൾ പറഞ്ഞുതരും. ഗുജറാത്തിനായി തുടർച്ചയായ 15 കളിയിൽ 64.14 ശരാശരിയിൽ 449 റണ്‍സെടുത്ത മില്ലർ സീസണിലെ റൺവേട്ടക്കാരിൽ 6–ാം സ്ഥാനത്താണ്. 141.19 സ്ട്രൈക്ക് റേറ്റോടെ ടീം ഫിനിഷറുടെ റോളും ഗുജറാത്തിൽ മില്ലർ ഭംഗിയായി കൈകാര്യം ചെയ്യുന്നു.

രാജസ്ഥാനെതിരായ ഒന്നാം ക്വാളിഫയറിൽ, 4–ാം വിക്കറ്റിൽ ഹാർദിക്കുമൊത്ത് 106 റണ്‍സ് ചേർത്ത മില്ലറാണു മത്സരത്തിന്റെ വിധിയെഴുതിയത്. കളി തീർന്നതിനു തൊട്ടുപിന്നാലെ, ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽനിന്നു മില്ലർ ഇങ്ങനെ കുറിച്ചു ‘സോറി, റോയൽസ് ഫാമിലി’.  

മത്സരം അവസാനിച്ചതിനു ശേഷം തന്റെ ഇന്നിങ്സിനെക്കുറിച്ചുള്ള മില്ലറുടെ പ്രതികരണം ഇങ്ങനെ, ‘നിങ്ങൾക്കു പറ്റുന്ന ഘട്ടത്തിൽ കളിയുടെ നിയന്ത്രണം ഏറ്റെടുത്തേ മതിയാകൂ. എന്താണു സംഭവിക്കാൻ പോകുന്നത് എന്നു തലപുകച്ചിട്ടൊന്നും കാര്യമില്ല. പന്തിലും ബാറ്റിങ്ങിലും ശ്രദ്ധിക്കുക. അടിക്കാവുന്ന പന്ത് ആണെങ്കിൽ അടിച്ചുപറത്തുക. കളി അവസാന ഓവറിലേക്ക് എത്തിയാൽപ്പിന്നെ ഇതു ചെയ്തേ മതിയാകൂ. കാരണം അതു കഴി‍ഞ്ഞാൽ പിന്നെ പന്തുകൾ ബാക്കിയില്ല’. 

English Summary: David Miller sends a message to Rajasthan Royals fans after defeating his former team in IPL 2022 Playoffs

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS