‘കളിക്കുന്നത് ടീമിനുവേണ്ടിയാണോ? സോറി ഇന്ത്യൻ നിരയിൽ നിങ്ങൾക്കൊന്നും ഇടമില്ല’

sanju-shaw-tripathi
സഞ്ജു സാംസൺ, പൃഥ്വി ഷാ, രാഹുൽ ത്രിപാഠി.
SHARE

എന്തുകൊണ്ടായിരിക്കും അതിവേഗം സ്കോർ ചെയ്യാൻ കഴിവുള്ള ബാറ്റ്സ്മാൻമാർ വിക്കറ്റ് പോകാതെ സൂക്ഷിച്ച് കളിച്ച് റൺസ് സ്കോർ ചെയ്യുന്നത്? പവർ പ്ലേയിൽ ബോളർമാരെ നിർത്തിപ്പൊരിച്ചിരുന്ന കെ.എൽ.രാഹുൽ ഓപ്പണറായിട്ടും ആങ്കർ വേഷം അണിഞ്ഞ് പതുങ്ങുനിൽക്കുന്നതെന്തിനായിരിക്കും? വന്നയുടനേ സ്കോർബോർഡിനെ ഇളക്കി മറിച്ചു തുടങ്ങുന്ന ഹാർദിക് പാണ്ഡ്യയുടെ സ്ട്രൈക് റേറ്റിന് ഇതെന്തു പറ്റി? ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം കിട്ടണമെങ്കിൽ ദക്ഷിണാഫ്രിക്ക പരമ്പരയ്ക്കുള്ള ഇന്ത്യൻ ട്വന്റി 20 സ്ക്വാഡ് പരിശോധിച്ചാൽ മതി. അവിടെ അടിക്കാർക്കല്ല, റൺസ് കൂട്ടിവയ്ക്കുന്നവർക്കാണ് സ്ഥാനം.

∙ സ്ട്രൈക് റേറ്റ് വേണ്ടേ

കളിയിൽ പെട്ടന്ന് ഇംപാക്ട് ഉണ്ടാക്കുന്ന കളിക്കാരായ സഞ്ജു സാംസൻ, രാഹുൽ ത്രിപാഠി, പൃഥ്വി ഷാ എന്നിവർക്ക് ടീമിൽ ഇടമില്ലാത്തതിനെതിരെ ആരാധകർ പ്രതിഷേധത്തിലാണ്. ആദ്യപന്തു മുതൽ ആക്രമണ മനോഭാവം പുലർത്തുന്നരാണ് ഇവർ മൂന്നുപേരും. 

സ്വന്തം വിക്കറ്റിനെക്കാൾ, ടീം സ്കോറിങ്ങിനും ടീമിന്റെ താൽപര്യത്തിനും വേണ്ടി ബാറ്റ് വീശുന്നവർ. വിക്കറ്റ് കളഞ്ഞു കുളിച്ചു, നല്ല തുടക്കം കിട്ടിയിട്ട് പാഴാക്കി.. ഇവർ പുറത്താകുമ്പോൾ ഇങ്ങനെ വിമർശിക്കാൻ ഏറെപേരുണ്ടാകും. എന്നാൽ അവർ ക്രീസിൽ ചെലവഴിക്കുന്ന നേരം തട്ടിമുട്ടിനിന്ന് മുഴുവൻ ഓവറും പൂർത്തിയാക്കുന്ന ഓപ്പണറെക്കാൾ ഒരുപക്ഷേ ടീമിനു ഗുണം ചെയ്യുന്നതായിരിക്കും.  

പക്ഷേ ഇന്ത്യൻ ടീം തിരഞ്ഞെടുപ്പിലേക്ക് പരിഗണിക്കുന്നത് ഇതൊന്നുമല്ല എന്നു വ്യക്തമാക്കുന്ന രീതിയിലാണ് ടീം തിരഞ്ഞെടുപ്പ്. പുതിയ ടീമിൽ അർഹിക്കുന്ന സ്ഥാനം ലഭിച്ചത് ഫിനിഷിങ്ങ് റോൾ മനോഹരമാക്കിയ ദിനേഷ് കാർത്തിക്കിനു മാത്രമാണ് എന്നു പറയേണ്ടി വരും.  

∙ സഞ്ജു സാംസൺ

മിക്ക സീസണുകളിലും ഒരു സെഞ്ചറിയോ അതിനടുത്ത സ്കോറോ നേടുന്ന രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസന്റെ ഇത്തവണത്തെ മികച്ച സ്കോർ 55 ആണ്. 14 കളികളിൽനിന്ന് 28.77 റൺസ് ശരാശരിയിൽ 374 റൺസാണ് നേടിയത്. കഴിഞ്ഞ വർഷം 119 ആയിരുന്നു മികച്ച സ്കോർ. 136 സ്ട്രൈക് റേറ്റോടെ 40 റൺസിനു മുകളിൽ ശരാശരിയിൽ 484 റൺസായിരുന്നു ഐപിഎൽ 2021ലെ സമ്പാദ്യം. എന്നാൽ മുൻ സീസണുകളിൽനിന്ന് വ്യത്യസ്തമായി രാജസ്ഥാൻ ഇത്തവണ പ്ലേ ഓഫിൽ കളിക്കുകയാണ്.

ഈ വർഷം നേടിയ റൺസ് കുറവാണെങ്കിലും സ്ട്രൈക് റേറ്റ് 147നു മുകളിലാണ്. കഴിഞ്ഞ സീസണിനെക്കാൾ 4 സിക്സറുകൾ അധികവും അടിച്ചു. കണക്കുകൾക്ക് പുറത്തുനിന്നു നോക്കിയാൽ മനസ്സിലാകും സഞ്ജു ടീം താൽപര്യത്തിനനുസരിച്ചാണ് കളിച്ചതെന്ന്. ജോസ് ബട്‌ലറും ഹെറ്റ്‌മിയറും മാത്രമല്ല, സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലും യശസ്വി ജയ്‌സ്വാളുമെല്ലാം പലകളികളിലും ടീം സ്കോറിങ്ങിൽ ഇംപാക്ട് ഉണ്ടാക്കുന്ന ഇന്നിങ്സുകൾ കളിച്ചതാണ് രാജസ്ഥാനെ പ്ലേ ഓഫിലെത്താൻ സഹായിച്ചത്. സിലക്ടർമാർ പക്ഷേ ഇതൊന്നും കണക്കിലെടുത്തില്ലെന്നു വേണം കരുതാൻ.  

∙ രാഹുൽ ത്രിപാഠി

ഇടയ്ക്കും തലയ്ക്കുമാണെങ്കിലും ഇന്ത്യൻ ജഴ്സി അണിഞ്ഞതായി അഭിമാനിക്കാനെങ്കിലും സഞ്ജുവിന് വകയുണ്ട്. എന്നാൽ രാഹുൽ ത്രിപാഠിയുടെ കാര്യം അതല്ല. 31 വയസ്സായി, കളിക്കുന്ന ടീം ഏതായാലും 100 ശതമാനം അർപ്പണബോധത്തോടെ ബാറ്റുവീശുന്ന ത്രിപാഠി ഇനി എന്ന് ഇന്ത്യൻ ടീം വാതിൽ തുറന്നു കയറാനാണ് ?  

മനോഹരമായൊരു സീസണിലൂടെ രാഹുൽ, ഇന്ത്യൻ ടീമിലെത്തുമെന്ന് എല്ലാവരും പ്രതീക്ഷിച്ചുനിൽക്കുമ്പോഴാണ് ഈ തഴയൽ. പരുക്കേറ്റ സൂര്യ കുമാർ യാദവില്ലാത്ത ടീമിൽ ആ റോൾ ഒരുപക്ഷേ അതേ മികവോടെ ചെയ്യാൻ പറ്റുന്ന താരമാണ് ത്രിപാഠി. ഐപിഎലിൽ ത്രിപാഠി ആദ്യമായി 400 റൺസ് പിന്നിട്ട സീസണാണ് കടന്നുപോകുന്നത്. ടീം പ്രകടനം മോശമായെങ്കിലും സൺറൈസേഴ്സിനെ ഉയർത്തിയെടുക്കാൻ തന്നാലാവുന്നത് ശ്രമിച്ചു. 14 മത്സരങ്ങളിൽനിന്ന് 413 റൺസാണ് നേടിയത്. 158.24 എന്ന കൂറ്റൻ സ്ട്രൈക് റേറ്റിലാണ് വൺഡൗൺ ഇറങ്ങി ത്രിപാഠി ബോളർമാരെ കുഴക്കിയത്. അയർലണ്ട് പര്യടനത്തിനുള്ള ടീമിലെങ്കിലും ഇടംപിടിക്കുമെന്ന് പ്രതീക്ഷിക്കാം.

English Summary: Fans unhappy for not featuring Sanju Samson, Prithwi Shaw and Rahul Tripathi in Indian squard vs SA. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA