ADVERTISEMENT

ഐപിഎൽ മെഗാലേലത്തിന്റെ തുടക്കത്തിൽ ‘അൺസോൾഡ്’ ആയ ഡേവിഡ് മില്ലർ, ഗുജറാത്ത് ടൈറ്റൻസിന്റെ സൂപ്പർതാരമായി മാറിയ കഥ....

ഏഴ് ഐപിഎൽ സീസണുകളി‍ൽ തുടർച്ചയായി നിരാശപ്പെടുത്തിയ ഡേവിഡ് മില്ലറിന് ഇത്തവണ എന്തു മാറ്റമാണ് സംഭവിച്ചത് ? രാജസ്ഥാനെതിരെ ഒന്നാം ക്വാളിഫയറിൽ ഗുജറാത്തിനെ വിജയത്തിലെത്തിച്ചശേഷമുള്ള കമന്റേറ്ററുടെ ചോദ്യത്തിന് ഒരു സിക്സർ വേഗത്തിൽ മില്ലറുടെ മറുപ‍ടി: ‘ഇത്തവണ കൂടുതൽ അവസരം ലഭിച്ചു. സീസണിലെ 15 മത്സരങ്ങളിലും കളിച്ചു’.

തന്റെ കഴിവിൽ വിശ്വാസമർപ്പിച്ച ടൈറ്റൻസിനു 32 വയസ്സുകാരനായ മില്ലർ‌ തിരിച്ചുനൽകിയത് 449 റൺസാണ്. ക്വാളിഫയറിൽ 38 പന്തിൽ പുറത്താകാതെ നേടിയ 68 റൺസ് ഉൾപ്പെടെ നിർണായക മത്സരങ്ങളിൽ ടീമിന്റെ വിജയശിൽപിയുമായി. 2016നുശേഷം മില്ലർ ഇത്രയും മത്സരങ്ങൾ കളിക്കുന്നതാദ്യം. ഇതിനിടയിലെ 5 സീസണുകളിലായി ആകെ കളിച്ചത് 28 മത്സരങ്ങൾ.

പുതുതായി 2 ടീമുകളെ ഉൾപ്പെടുത്തിയിരുന്നില്ലെങ്കിൽ ഈ ഐപിഎൽ സീസണിൽ മില്ലറെ കാണാനാകില്ലായിരുന്നു. ലേലത്തിന്റെ ആദ്യ ദിവസം ‘അൺസോൾഡ്’ ആയ  ദക്ഷിണാഫ്രിക്കക്കാരനെ രണ്ടാംദിവസം 3 കോടി രൂപയ്ക്കു ഗുജറാത്ത് ടൈറ്റൻസ് വാങ്ങി. പതിയെ തുടങ്ങി താളം കണ്ടെത്തിയശേഷം ആഞ്ഞടിക്കുന്നതാണ് മില്ലറുടെ ബാറ്റിങ് ശൈലി. സമ്മർദങ്ങളില്ലാതെ സ്വതസിദ്ധമായ ശൈലിയിൽ ബാറ്റു ചെയ്യാനുള്ള സ്വാതന്ത്യം ഇത്തവണ ഗുജറാത്ത് ടീം നൽകിയെന്നും അതു ബാറ്റിങ്ങിൽ‌ പ്രതിഫലിച്ചെന്നുമാണ് മില്ലർ പറയുന്നത്. പേസർമാരെ കരുതലോടെ നേരിട്ട മില്ലർ മധ്യ ഓവറുകളിൽ സ്പിന്നർമാ‍ർക്കെതിരെയാണ് ഇത്തവണ ആഞ്ഞടിച്ചത്. രാജസ്ഥാനെതിരായ മത്സരത്തിൽ ആദ്യ 10 പന്തുകളിൽ 5 റൺസാണ് നേടിയതെങ്കിൽ തുടർന്നുള്ള 28 പന്തുകളിൽ അടിച്ചെടുത്തത് 63 റൺസ്. 10 വർഷം നീണ്ട ഐപിഎൽ കരിയറിൽ മില്ലർ ഏറ്റവും കൂടുതൽ പന്തുകൾ നേരിട്ടതും ഇത്തവണയാണ്; 318 പന്തുകൾ.

2013 സീസണിൽ ബാംഗ്ലൂർ ടീമിനുവേണ്ടിയുള്ള വെടിക്കെട്ട് സെഞ്ചറിയിലൂടെയാണ് (38 പന്തിൽ 101 നോട്ടൗട്ട്) ഡേവിഡ് മില്ലർ ആദ്യം ആരാധകശ്രദ്ധ നേടിയത്. 9 വർഷത്തിനുശേഷവും തന്റെ ‘കില്ലർ’ ബാറ്റിങ്ങ് അവസാനിച്ചിട്ടില്ലെന്നു തെളിയിക്കുന്നതാണ് ഈ സീസണിലെ പ്രകടനം. തന്റെ മുൻ ടീമായ രാജസ്ഥാൻ റോയൽസിനെതിരായ വെടിക്കെട്ട് മില്ലർക്ക് ഒരു മധുരപ്രതികാരം കൂടിയായിരുന്നു. 2020ൽ രാജസ്ഥാൻ ടീമിലുണ്ടായിരുന്ന മില്ലർക്ക് ആ സീസണിൽ അവസരം കിട്ടിയത് ഒരേയൊരു തവണ മാത്രം. പക്ഷേ ഒരു പന്തുപോലും ബാറ്റു ചെയ്യാൻ സാധിച്ചില്ല. 2021 സീസണിൽ 9 മത്സരങ്ങൾ കളത്തിലിറങ്ങിയെങ്കിലും ബാറ്റിങ് നിരയിലെ പരീക്ഷണങ്ങൾ മില്ലറുടെ പ്രകടനത്തെ ബാധിച്ചു.

English Summary: David Miller success at Gujarat Titans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com