ADVERTISEMENT

കൊൽക്കത്ത∙ 19–ാം ഓവർ വരെ ക്രീസിൽ ചെലവിട്ടു. 58 പന്തിൽ 3 ഫോറും 5 സിക്സും അടക്കം 79 റൺസ് അടിച്ചു. കളിച്ചത് വലിയ ഇന്നിങ്സ് തന്നെ എങ്കിലും ടീമിനെ ജയിപ്പിക്കാനായില്ലെങ്കിൽപ്പിന്നെ പറഞ്ഞിട്ടു കാര്യമില്ലല്ലോ! ഐപിഎൽ എലിമിനേറ്ററിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലെ  കെ.എൽ. രാഹുലിന്റെ ബാറ്റിങ് പ്രകടനത്തിനും, അതിലുപരി ക്യാപ്റ്റൻസിക്കും രൂക്ഷ വിമർശനവുമായി ആരാധകർ. 

ബാംഗ്ലൂരിനോട് 14 റൺസിനു തോറ്റ ലക്നൗ ടൂർണമെന്റിൽനിന്നു പുറത്തായി. ബാംഗ്ലൂർ ഉയർത്തിയ 208 റണ്‍സ് എന്ന വമ്പൻ ടോട്ടൽ പിന്തുടർന്ന ലക്നൗവിനു ആദ്യ ഓവറിൽത്തന്നെ പവർഹിറ്റർ ക്വിന്റൻ ഡി കോക്കിന്റെ വിക്കറ്റ് നഷ്ടമായിരുന്നു. ഇതോടെ പവർ പ്ലേ ഓവറുകൾ മുതൽതന്നെ സ്കോറിങ് ഉയർത്തേണ്ട അധിക ഉത്തരവാദിത്തം കൂടി രാഹുലിന്റെ ചുമലിലായി. ആദ്യ 5 ഓവറില്‍ സ്വത സിദ്ധമായ ശൈലിയിൽ നിലയുറപ്പിച്ച രാഹുൽ, മുഹമ്മദ് സിറാജ് എറിഞ്ഞ 6–ാം ഓവറിലാണു ആക്രമിച്ചു കളിച്ചു തുടങ്ങിയത്. 2 സിക്സും ഒരു ഫോറുമടക്കം ആ ഓവറിൽ രാഹുൽ 17 റണ്‍സ് നേടുകയും ചെയ്തു.

എന്നാൽ വമ്പൻ ടോട്ടൽ പിന്തുടരുന്ന സാഹചര്യത്തിലും മധ്യ ഓവറുകളിലെ രാഹുലിന്റെ തണുപ്പൻ കളിയാണ് ആരാധകർക്കു രസിക്കാതെ വന്നത്. എവിൻ ലൂയിസും മാർക്കസ് സ്റ്റോയ്നിസ്സും അടക്കമുള്ള വമ്പൻ അടിക്കാർ ഇറങ്ങാനുണ്ടായിരുന്നിട്ടും മധ്യ ഓവറുകളിലെ സ്കോറിങ് വേഗം കുറഞ്ഞത് ലക്നൗവിനു തിരിച്ചടിയായി. 8 വിക്കറ്റ് കയ്യിലുണ്ടായിരുന്നിട്ടും അവസാന 7 ഓവറിൽ 99 റൺസാണ് അവർക്കു ജയത്തിനു വേണ്ടിയിരുന്നത്. പിന്നീടുള്ള 3 ഓവറുകൾ നന്നായി ബാറ്റു ചെയ്ത് റൺ കടം കുറയ്ക്കാനായെങ്കിലും അതിനിടെ ദീപക് ഹൂഡയുടെ (26 പന്തിൽ ഒരു ഫോറും 4 സിക്സും അടക്കം 45) വിക്കറ്റ് വീണതോടെ ലക്നൗവിന്റെ ബാറ്റിങ് താളവും നഷ്ടമായി. പിന്നീട് ഇറങ്ങിയ മാർക്കസ് സ്റ്റോയ്നിസ്, എവിൻ ലൂയിസ് എന്നിവർക്കാകട്ടെ പന്തു നന്നായി മിഡിൽ ചെയ്യാൻ കഴിഞ്ഞതുമില്ല.

നിർണായക മത്സരത്തിൽ ടോസിന്റെ ആനുകൂല്യം ഉൾപ്പെടെ ലഭിച്ചിട്ടും സ്കോർ പിന്തുടരുന്ന ടീമിനെ അതിരറ്റു പിന്തുണയ്ക്കുന്ന ഈഡൻ ഗാർഡൻസിന്റെ ചരിത്രംതന്നെ മുന്നിലുണ്ടായിട്ടും ലക്‌നൗവിനു മത്സരം ജയിക്കാനാകാതെ പോയതോടെയാണ് ആരാധകർ രാഹുലിനു നേരെ തിരിഞ്ഞത്. എവിൻ ലൂയിസിനെപ്പോലെ അപകടകാരിയായ ഒരു ടോപ് ഓർഡർ ബാറ്ററെ രാഹുൽ 6–ാം നമ്പരിലേക്ക് ഇറക്കി കളിപ്പിച്ചതും ആരാധകരെ ചൊടിപ്പിച്ചു.

സ്വയം റൺസ് കണ്ടെത്തുക എന്നതു മാത്രമാണു രാഹുലിന്റെ താൽപര്യം എന്നും 22 ഓവർ ബാറ്റുചെയ്യാനായാൽ അത്രയും സന്തോഷമെന്നേ രാഹുൽ കരുതൂ എന്നും ആരാധകർ ട്വീറ്റ് ചെയ്തു. 

അതേ സമയം ഫീൽഡിൽവരുത്തിയ പിഴവുകളാണു ലക്നൗവിനു മത്സരം നഷ്ടമാക്കിയതെന്നു മത്സരശേഷം രാഹുൽ പ്രതികരിച്ചു. മത്സരത്തിൽ സെഞ്ചറി നേടിയ രജത് പാട്ടിദാറിന്റെത് ഉൾപ്പെടെ ഒട്ടേറെ ക്യാച്ചുകൾ ലക്നൗ താരങ്ങള്‍ നിലത്തിട്ടിരുന്നു.

‘മത്സരത്തിൽനിന്ന് ഒട്ടേറെ കാര്യങ്ങൾ പഠിക്കാനായി. ഇത് ഒരു പുതിയ ഫ്രാഞ്ചൈസിയാണ്. ഞങ്ങൾ ഒരുപാടു പിഴവുകൾ വരുത്തി. എല്ലാ ടീമിനും സംഭവിക്കുന്നതാണിത്. തെറ്റുകളിൽനിന്നു പാഠങ്ങൾ ഉൾക്കൊള്ളാനും കൂടുതൽ കരുത്തോടെ തിരിച്ചുവരാനും ശ്രമിക്കും’– കെ.എൽ. രാഹുലിന്റെ വാക്കുകൾ. 

അതേ സമയം, മത്സരത്തിലെ തോൽവിക്കു ശേഷം നിരാശനായി നിൽക്കുന്ന കെ.എൽ. രാഹുലിന്റെയും, തൊട്ടടുത്ത് അമർഷത്തോടെ നിൽക്കുന്ന ലക്നൗ ടീം മെന്റർ ഗൗതം ഗംഭീറിന്റെയും ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി. അനുയോജ്യമായ അടിക്കുറിപ്പുകൾ ക്ഷണിക്കുന്നു എന്നാണ് ചിത്രത്തിനൊപ്പം ഒരുപറ്റം ആരാധകർ കുറിച്ചത്. 

 

 

English Summary: Twitter tears into KL Rahul for his knock against RCB as LSG crash out of IPL 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com