ADVERTISEMENT

കൊൽക്കത്ത∙ ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ എലിമിനേറ്റർ മത്സരം കിടിലൻ ക്ലൈമാക്സിലേക്കു നീങ്ങവേ, സുരക്ഷാ ക്രമീകരണങ്ങൾ മറികടന്ന് ഗ്രൗണ്ടിലേക്ക് ഓടിക്കയറിയ ആരാധകനെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ‘കൂളായി’ ചുമലിൽ തൂക്കിയെടുത്തു നടന്നു നീങ്ങിയതു കണ്ട് സ്തബ്ധനായി ബാംഗ്ലൂർ താരം വിരാട് കോലി! സുരക്ഷാ ക്രമീകരണങ്ങൾ മറികടന്ന് ആരാധകർ ഗ്രൗണ്ടിലേക്ക് ഓടിക്കയറുക എന്നതു ക്രിക്കറ്റിനെ സംബന്ധിച്ചു പുതുമയുള്ള കാര്യമല്ല.

ലക്നൗ– ബാംഗ്ലൂർ എലിമിനേറ്റർ മത്സരത്തിനിടെ സംഭവിച്ചതും ഇതുതന്നെ. മത്സരത്തിന്റെ അവസാന ഓവറിലായിരുന്നു നാടകീയ സംഭവങ്ങൾ. ഹർഷൽ പട്ടേലിനെ സിക്സറടിച്ച ശ്രീലങ്കൻ താരം ദുഷ്മന്ത ചമീര ലക്നൗ സൂപ്പർ ജയന്റ്സിനു പ്രതീക്ഷയുടെ കണികകൾ ബാക്കിവച്ചിരുന്ന സമയം. 

ലക്നൗ ജയത്തിന് 3 പന്തിൽ 16 റൺസ് വേണമെന്നിരിക്കെ അൽപ നേരത്തേക്കു മത്സരം തടസ്സപ്പെട്ടു. മൈതാനത്തേക്ക് കടന്നുകയറിയ ഒരു ആരാധകൻ വിരാട് കോലിയുടെ അടുത്തേക്ക് ഓടിയെത്താൻ ശ്രമിച്ചതായിരുന്നു കാരണം.

ലോങ് ഓൺ ബൗണ്ടറിയിലാണു കോലി അപ്പോൾ ഫീൽഡ് ചെയ്തിരുന്നത്. 

രസകരമായ സംഭവങ്ങളുടെ വിഡിയോ ദൃശ്യങ്ങൾ ഗ്രൗണ്ടിൽ തത്സമയം കളി കണ്ടിരുന്ന ചിലരാണു ചിത്രീകരിച്ചത്. വിഡിയോകളിൽ ഒന്നിൽ, സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥനെ ‘കടന്നുകയറ്റത്തിന്റെ’ കാര്യം കോലി അറിയിക്കുന്നതും, പിന്നാലെ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ കോലിയുടെ അടുത്തേക്ക് ഓടിയെത്താൻ ശ്രമിച്ച 

ആരാധകനെ തൂക്കി തോളിലിട്ടുകൊണ്ട് ഗ്രൗണ്ടിനു പുറത്തേക്കു നടന്നു നീങ്ങുന്നതും കാണാം.  

തൊട്ടടുത്തുള്ള കോലി ഇതുകണ്ട് അവിശ്വസനീയതയോടെ നിലത്തിരിക്കുന്നതും പിന്നാലെ ചിരി അടക്കാൻ പാടു പെടുന്നതും വിഡിയോയിൽ കാണാം. ‘കളിക്കളത്തിലെ പിടിത്തംവിട്ട സംഭവത്തിനു സാക്ഷിയായി. കൊൽക്കത്ത പൊലീസ് ജോൺ സീനയാകുന്നതും കണ്ടു’– സംഭവത്തെക്കുറിച്ചുള്ള ഒരു ആരാധകന്റെ കമന്റ് ഇങ്ങനെ.

ആരാധകനെ ഗ്രൗണ്ടിൽനിന്നു നീക്കിയതിനു പിന്നാലെതന്നെ മത്സരം പുനരാരംഭിച്ചിരുന്നു. എന്നാൽ പിന്നീടുള്ള 3 പന്തിലും ചമീരയുടെയും എവിൻ ലൂയിസിന്റെയും കണക്കുകൂട്ടലുകൾ തെറ്റിച്ച ഹർഷൽ പട്ടേൽ ബാംഗ്ലൂരിനു 14 റൺസ് വിജയം സമ്മാനിക്കുകയും ചെയ്തു.  

 

English Summary: Watch: Virat Kohli sits in shock as Kolkata policeman turns 'John Cena' to escort fan who tried to meet Ex-RCB captain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com