വലംകൈ ബാറ്റിങ്, ഇടംകൈ ബോളിങ്, ഓവറില്‍ ആറു പന്തും സിക്സ്; ശാസ്ത്രിക്ക് 60

രവി ശാസ്ത്രി. Photo: Twitter@ RajasthanRoyals
രവി ശാസ്ത്രി. Photo: Twitter@ RajasthanRoyals
SHARE

ബോളർ, ബാറ്റർ, നായകൻ, പരിശീലകൻ, കമന്റേറ്റർ, നിരൂപകൻ, ടീം മാനേജർ, ടീം ഡയറക്ടർ – ഈ നിലകളിലെല്ലാം ക്രിക്കറ്റ് ലോകത്ത് തിളങ്ങിയ രവി ശങ്കർ ജയദ്രിത ശാസ്ത്രി എന്ന രവി ശാസ്ത്രിക്ക് ഇന്ന് അറുപതാം പിറന്നാൾ. ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റിലെ ഡ്രീം ബോയ് എന്നു വിശേഷിപ്പിക്കപ്പെട്ട ശാസ്ത്രി വലതുകൈകൊണ്ട് ബാറ്റുചെയ്യുകയും ഇടതുകൈകൊണ്ട് ബോൾ ചെയ്ത അപൂർവ താരങ്ങളിലൊരാളാണ്.

∙ സ്കൂൾ ടീമിൽനിന്ന് തുടക്കം

ഡോൺ ബോസ്കോ സ്കൂൾ ടീമിലൂടെ ക്രിക്കറ്റ് താരമായി. 1977ൽ ഗിൽസ് ഷീൽഡിൽ തന്റെ സ്കൂളിനെ ജേതാക്കളാക്കിയ ശാസ്ത്രിയായിരുന്നു അന്ന് ടീമിന്റെ നായകൻ. കോളജ് വിദ്യാർഥിയായിരിക്കെ 1980ൽ മുംബൈ രഞ്ജി ടീമിലെത്തി. അപ്പോൾ പ്രായം 17 വയസും 292 ദിവസവും. സച്ചിൻ തെൻഡുൽ‍ക്കർ ടീമിലെത്തുംവരെ മുംബൈയുടെ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടം ശാസ്ത്രിയുടെ പേരിലായിരുന്നു. ബോളറായി തുടങ്ങി ബോൾ ചെയ്യുന്ന ബാറ്റ്‌സ്‌മാനായി മാറിയ കഥയാണ് ശാസ്ത്രിയുടേത്.  അണ്ടർ –19 താരമായി ദേശീയ ടീമിലെത്തിയ ശാസ്ത്രിയുടെ ആദ്യ വിദേശപര്യടനം ശ്രീലങ്കയിലേക്കായിരുന്നു. ജൂനിയർ ടീമിന്റെ നായകനായി വിദേശ പര്യടനത്തിനു പോയ ശാസ്‌ത്രിയുടെ തന്ത്രങ്ങൾ കണ്ട് എതിരാളികൾ പകച്ചു. 

∙ ബോംബെയുടെ വിജയശിൽപി 

സുനിൽ ഗാവസ്കർ അടക്കമുള്ള പ്രതിഭകൾ നിറഞ്ഞുനിന്ന ബോംബെയുടെ ടീമിലെത്തിയ ശാസ്ത്രി മികച്ച പ്രകടനമാണ് ആഭ്യന്തര ക്രിക്കറ്റിൽ കാഴ്ചവച്ചത്. മുംബൈയുടെ ക്യാപ്‌റ്റൻ എന്ന നിലയിൽ പലതവണ രഞ്‌ജി ട്രോഫി ഏറ്റുവാങ്ങിയിട്ടുണ്ട്. പശ്‌ചിമമേഖലയെയും നയിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ ശാസ്ത്രി കുറിച്ച ഒരു പിടി നേട്ടങ്ങൾക്ക് ഇന്നും തിരുത്തലുകളില്ല.

രവി ശാസ്ത്രി (ഫയല്‍ ചിത്രം)
രവി ശാസ്ത്രി (ഫയല്‍ ചിത്രം)

∙ ഇന്ത്യൻ ടീമിൽ

1981ൽ ദുലീപ് ദോഷിക്കു പരുക്കേറ്റതിനെത്തുടർന്ന് ഇന്ത്യൻ ടീമിൽ. ന്യൂസീലൻഡ് പര്യടനത്തിലൂടെ ടെസ്റ്റ് അരങ്ങേറ്റം. പകരക്കാരനായെത്തിയ കൗമാരക്കാരനു കടുത്ത തണുപ്പിൽനിന്നു രക്ഷനേടാനായി മാനേജർ പോളി ഉമ്രിഗറുടെ സ്വെറ്ററുകളെ ആശ്രയിക്കേണ്ടിവന്നു. അരങ്ങേറ്റത്തിൽ പത്താമനായി ബാറ്റിങ്ങിനിറങ്ങിയ ശാസ്ത്രി ഒന്നര വർഷം കഴിയുമ്പോൾ ഇന്ത്യയുടെ ഓപ്പണറായി. ഏതാനും മാസങ്ങൾക്കുള്ളിൽ കറാച്ചിയിൽ കന്നി സെഞ്ചുറി. തുടർന്ന് 1983 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ. തനതായ ‘ചപ്പാത്തി ഷോട്ടു’കൾ ശാസ്‌ത്രിയുടെ ട്രേഡ്‌മാർക്കായി. ഓൾ റൗണ്ടറായി മാറിയ ശാസ്ത്രി ഇന്ത്യൻ ടീമിലെ അവിഭാജ്യഘടകമായി. 

∙ 1985: ഭാഗ്യവർഷം, ചാംപ്യൻ ഓഫ് ചാംപ്യൻസ്

1985 ശാസ്ത്രിയെ സംബന്ധിച്ച് ഭാഗ്യവർഷമായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും വേഗതയേറിയ ഡബിൾ സെഞ്ചുറി നേടി. രഞ്ജി ട്രോഫിയിൽ ബറോഡയ്ക്കെതിരെ വെറും രണ്ടു മണിക്കൂറിനുള്ളിലാണ് ആ സെഞ്ചുറി പിറന്നത്. നേരിട്ടത് 123 പന്തുകളും. അതേ മൽസരത്തിൽ ഓരോവറിലെ എല്ലാ പന്തുകളിലും സിക്സർ എന്ന അപൂർവ നേട്ടവും. അക്കൊല്ലം മാർച്ചിൽ മെൽബണിൽ നടന്ന ബെൻസൺ ആൻഡ് ഹെഡ്‌ജസ് ടൂർണമെന്റിലെ മികച്ച പ്രകടനത്തിന് ശാസ്‌ത്രി ചാംപ്യൻമാരുടെ ചാംപ്യനായി തിരഞ്ഞെടുക്കപ്പെട്ടു. അതിനു സമ്മാനമായി ലഭിച്ചതാകട്ടെ ഓഡി കാറും. പാക്കിസ്ഥാനെതിരെയുള്ള ഫൈനലിലടക്കം ശാസ്ത്രി നടത്തിയ ഓൾ റൗണ്ട് പോരാട്ടങ്ങൾ ഇന്ത്യയെ കിരീടം ചൂടിച്ചു. 

വിരാട് കോലിയും രവി ശാസ്ത്രിയും (ഫയൽ ചിത്രം)
വിരാട് കോലിയും രവി ശാസ്ത്രിയും (ഫയൽ ചിത്രം)

∙ ഒന്നു മുതൽ 11 വരെ

80 ടെസ്‌റ്റിലും 150 ഏകദിനത്തിലുമായി ഓപ്പണിങ് മുതൽ 11-ാം നമ്പർ വരെ ബാറ്റ് ചെയ്‌തിട്ടുളള അപൂർവം താരങ്ങളിലൊരാളാണ് ശാസ്‌ത്രി.  1983 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന ശാസ്ത്രിക്ക് അപ്പോൾ പ്രായം 21 മാത്രം. 1987, 92 ലോകകപ്പുകളിലും ഇന്ത്യൻ ടീമിലുണ്ടായിരുന്നു. 

∙ ക്യാപ്റ്റൻസിയിൽ ‘സമ്പൂർണ’ ജയം

ഒരൊറ്റ ടെസ്‌റ്റിൽ ഇന്ത്യയെ നയിക്കുകയും അതിൽ വിജയിക്കുകയും ചെയ്‌ത ഒരൊറ്റ ഇന്ത്യൻ നായകനേയുള്ളൂ– അത്  ശാസ്‌ത്രിയാണ്. അഥവാ ക്യാപ്‌റ്റൻസിയിൽ 100 ശതമാനം വിജയം കുറിച്ച ഏക ഇന്ത്യൻ നായകൻ. 1987–88ലെ വെസ്‌റ്റ് ഇൻഡീസിന്റെ ഇന്ത്യൻ പര്യടനവേളയിലെ മൂന്നാം ടെസ്‌റ്റിൽ ക്യാപ്‌റ്റൻ വെങ്സാർക്കറിന് പരുക്കേറ്റതിനെത്തുടർന്നു നാലാം ടെസ്‌റ്റ് നയിക്കാൻ ശാസ്‌ത്രിയെയാണു നിയമിച്ചത്. ശാസ്‌ത്രി ‌തന്റെ ജോലി ഭംഗിയായി നിർവഹിച്ചു. ചെന്നൈയിൽ നടന്ന മത്സരത്തിൽ ഇന്ത്യ കരുത്തരായ കരീബിയൻ പടയെ പരാജയപ്പെടുത്തുകയും ചെയ്‌തു. തുടർന്ന് നടന്ന ഷാർജ ഏകദിന കപ്പിലും ഇന്ത്യയെ വിജയത്തിലേക്കു നയിച്ചതും ശാസ്‌ത്രിതന്നെ. പതിനൊന്ന് ഏകദിനങ്ങളിൽ ഇന്ത്യയെ നയിച്ചതിൽ നാലു വിജയം.  

∙ വെറുക്കപ്പെട്ടവൻ

1992 ലോകകപ്പ് ശാസ്ത്രി ഓർക്കാൻ ഇഷ്ടപ്പെടുന്നില്ല. ഓസ്ട്രേലിയയിലും ന്യൂസീലൻഡിലുമായി നടന്ന ടൂർണമെന്റിലെ ചില മൽസരങ്ങളിലെ ശാസ്ത്രിയുടെ ബാറ്റിങ് മെല്ലെപ്പോക്ക് ഇന്ത്യയ്ക്കു ക്ഷീണം ചെയ്തു. തോൽവിയുടെ പാപഭാരം ശാസ്ത്രിയുടെ മേലായി. അവസാന മൽസരങ്ങളിൽ ശാസ്ത്രിയെ ഇറക്കിയതേയില്ല.  ശാസ്ത്രിക്കുനേരെ രൂക്ഷവിമർശനമാണ് ഉയർന്നത്.

∙ പരുക്ക്, വിടവാങ്ങൽ

1992ലെ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനവേളയിൽ മുട്ടിനു പരുക്കേറ്റതിനെത്തുടർന്നു നടത്തിയ ശസ്ത്രക്രിയ ഫലം കണ്ടില്ല. വേണ്ട സമയത്തു വേണ്ട രീതിയിൽ കളിച്ചില്ല എന്ന പേരിൽ കരിയറിന്റെ അവസാനകാലത്ത് ഇന്ത്യൻ ക്രിക്കറ്റിൽ വെറുക്കപ്പെട്ടവനായി. രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിട്ടുനിന്നെങ്കിലും ആഭ്യന്തരമൽസരങ്ങളിൽ സജീവമായിരുന്നു. തുടർന്ന് 1994ൽ തന്റെ 31–ാം വയസിൽ രാജ്യാന്തര ക്രിക്കറ്റിനോടു വിടപറഞ്ഞു. അക്കൊല്ലം ബോംബെ രഞ്ജി ജേതാക്കളായത് ശാസ്ത്രിയുടെ ക്യാപ്റ്റൻസിയിലാണ്. 

∙ കമന്റേന്റർ

1994ൽ ശ്രീലങ്കയിൽ നടന്ന സിംഗർ കപ്പ് ലോക സീരീസ് ചാംപ്യൻഷിപ്പിൽ കമന്ററി പറയാനെത്തിയതായിരുന്നു ശാസ്ത്രി.  ആ വേദിയിൽവച്ചുതന്നെ തന്റെ വിരമിക്കലും പ്രഖ്യാപിക്കുകയായിരുന്നു. അതോടെ കമന്റേറ്ററായി അരങ്ങേറി. പരമ്പരാഗത രീതിയിൽനിന്ന് മാറി ഉരുണ്ടുകളിക്കാതെ, പറയേണ്ട കാര്യങ്ങൾ വ്യക്‌തമായി പറയുന്നയാൾ എന്ന പേരും സമ്പാദിച്ചു. ഇന്ത്യ 2007 ട്വന്റി 20 ലോകകപ്പ്, 2011 ലോകകപ്പ് എന്നിവ നേടുമ്പോൾ നിർണായക മൽസരങ്ങൾക്ക് കമന്ററി ബോക്സിൽ ശാസ്ത്രിയുണ്ടായിരുന്നു. പിന്നീട് ടീം ഇന്ത്യയുടെ ഭാഗമായി മാറിയ ശാസ്ത്രി  5 വർഷത്തെ ഇടവേളയ്ക്കുശേഷം കമന്റേറ്ററായത് ഇത്തവണത്തെ ഐപിഎൽ സീസണിലാണ്. 

∙ കോച്ച്, മാനേജർ, ഡയറക്ടർ

2007 ലോകകപ്പിലെ ഇന്ത്യയുടെ ദയനീയ തോൽവിയെത്തുടർന്ന് ബിസിസിഐ അദ്ദേഹത്തെയാണ് ഇന്ത്യൻ ടീം മാനേജരായി നിയമിച്ചത്. 2007ൽ ബംഗ്ലാദേശ് പര്യടനത്തിൽ ടീം മാനേജർ, 2014–16 കാലത്ത് ഇന്ത്യയുടെ ടീം ഡയറക്ടർ ആയിരുന്നു.  2017–21ൽ ടീം ഇന്ത്യയുടെ മുഖ്യ പരിശീലകൻ

പരിശീലകൻ എന്ന നിലയിൽ ശാസ്ത്രിയുടെ നേട്ടങ്ങൾ

(ഫോർമാറ്റ്, മത്സരം, ജയം, തോൽവി, സമനില, ടൈ/ഫലമില്ല)  

ടെസ്റ്റ്  43     25    13     5      –

ഏകദിനം 76     51     22    –     2/1

ട്വന്റി20 64    42     18    –     2/2

ആകെ 183   118    53   5     4/3

രവി ശാസ്ത്രി
രവി ശാസ്ത്രി

∙ 6 x 6 = 36

ഒരോവറിലെ എല്ലാ പന്തുകളും സിക്‌സർ പായിക്കുക. അഥവാ ഒരൊറ്റ ഓവറിൽനിന്നു 36 റൺസ് നേടുക. 1984–85ലെ രഞ്‌ജി ട്രോഫി ടൂർണമെന്റിന്റെ പശ്‌ചിമ മേഖലാ ലീഗ് റൗണ്ടിൽ മുംബൈ–ബറോഡ മൽസരത്തിലാണു ചരിത്രംകുറിച്ച ശാസ്ത്രിയുടെ ഈ നേട്ടം. ഇന്ത്യൻ ക്രിക്കറ്റിലെ ഒട്ടനവധി അനശ്വരമുഹൂർത്തങ്ങൾക്ക് വേദിയയൊരുക്കിയ മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തിൽ 1985 ജനുവരി 8, 9, 10 തീയതികളിലായിരുന്നു മൽസരം. സുനിൽ ഗാവസ്‌കറുടെ നേതൃത്വത്തിൽ കരുത്തുറ്റ ടീമുമായാണ് മുംബൈ കളിക്കാനിറങ്ങിയത്. മുംബൈയുടെ രണ്ടാം ഇന്നിങ്‌സിൽ ബറോഡയുടെ ഇടതുകൈയ്യൻ സ്‌പിന്നർ തിലക് രാജിനെയാണ് ശാസ്‌ത്രി നിഷ്‌കരുണം ശിക്ഷിച്ചത്.

കളിയുടെ മൂന്നാം ദിവസമാണ് ശാസ്‌ത്രി സിക്‌സർ മഴ പെയ്യിച്ചത്. ഒരോവറിലെ എല്ലാ പന്തുകളും ബൗണ്ടറി ലൈനിനുമുകളിലൂടെ പറത്തി ആറു സിക്‌സറുകൾ. സർ ഗാരി സോബേഴ്‌സിനുശേഷം ഫ്‌സ്‌റ്റ് ക്ലാസ് ക്രിക്കറ്റിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ താരം. അന്ന് ശാസ്‌ത്രി മറ്റൊരു നേട്ടവും സ്വന്തമാക്കി. വേഗതയേറിയൊരു ഡബിൾ സെഞ്ചുറി. രണ്ട് ഇന്നിങ്‌സുകളിലായി അഞ്ചു വിക്കറ്റുകളാണ് ശാസ്‌ത്രി ആ കളിയിൽ നേടിയത്. മുംബൈ–ബറോഡ മൽസരം സമനിലയിൽ പിരിഞ്ഞെങ്കിലും അക്കുറി ഡൽഹിയെ തോൽപ്പിച്ച് മുംബൈ രഞ്‌ജി ട്രോഫി സ്വന്തമാക്കി.

English Summary: Happy Birthday Ravi Shastri: Most Memorable Innings of the 'Champion of Champions'

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA