ADVERTISEMENT

അഹമ്മദാബാദ് ∙ ഓറഞ്ച് ക്യാപ് ജേതാവ് ജോസ് ബട്‍ലർ വീണ്ടും വെടിക്കെട്ട് ബാറ്റിങ്ങുമായി സെഞ്ചറിയടിച്ച് (106 നോട്ടൗട്ട്) കരുത്ത് കാട്ടിയപ്പോൾ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ കണ്ണീരണിയിച്ച് രാജസ്ഥാൻ റോയൽസ് ഐപിഎൽ ഫൈനലിൽ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ക്വാളിഫയറിൽ ആർസിബിയെ ഏഴു വിക്കറ്റിനാണ് രാജസ്ഥാൻ റോയൽസ് തോൽപ്പിച്ചത്.

2008ൽ കന്നി ഐപിഎലിൽ കിരീടം നേടിയ ശേഷം ആദ്യമായാണ് രാജസ്ഥാൻ റോയൽസ് ഫൈനലിൽ കടക്കുന്നത്. സീസണിലെ നാലാം സെഞ്ചറിയാണ് ബട്‌ലർ കുറിച്ചത്. ഐപിഎലിലെ ഒരു സീസണിൽ ഏറ്റവുമധികം സെഞ്ചറി നേടിയ താരമെന്ന കോലിയുടെ റെക്കോർഡിനൊപ്പവും ബട്‌ലർ എത്തി. 2016ലായിരുന്നു കോലിയുടെ നേട്ടം. 

സ്‌കോർ: ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്‌സ്: 20 ഓവറിൽ 8 വിക്കറ്റിന് 157 റൺസ്; രാജസ്ഥാൻ റോയൽസ് 18.1 ഓവറിൽ 3 വിക്കറ്റിന് 161 റൺസ്. 

158 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് ഓപ്പണർമാരായ യശസ്വി ജെയ്‌സ്വാളും ജോസ് ബട്‍ലറും ചേർന്ന് ഉജ്ജ്വല തുടക്കമാണ് നൽകിയത്. 27 പന്തിൽ ഇരുവരും അർധസെഞ്ചറി കൂട്ടുകെട്ട് തികച്ചു. രണ്ടാം ഓവർ ചെയ്യാനെത്തിയ ജോഷ് ഹെയ്സൽവുഡ് ബാംഗ്ലൂരിന് ആദ്യ വിക്കറ്റ് സമ്മാനിച്ചു. കൂറ്റനടിക്ക് ശ്രമിച്ച യശസ്വി ജയ്സ്വാൾ (21) പുറത്ത്.

മറുവശത്ത് ബട്‍ലർ ബാംഗ്ലൂർ ബോളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. 23 പന്തിൽ അർധസെഞ്ചറി പൂർത്തിയാക്കി. മൂന്നാമതെത്തിയ സഞ്ജു സാംസണും (23) മികച്ച രീതിയിൽ തുടങ്ങി. സാംസണും ബട്‍ലറും ചേർന്ന് രാജസ്ഥാനെ വിജയത്തിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും വാനിന്ദു ഹസരങ്കയ്ക്ക് വീണ്ടും വിക്കറ്റ് സമ്മാനിച്ച് രാജസ്ഥാൻ നായകൻ മടങ്ങി.

എന്നാൽ മത്സരത്തിലേക്ക് തിരികെയെത്താൻ കിണഞ്ഞു ശ്രമിച്ച ആർസിബിയുടെ ശ്രമത്തെ നിഷ്പ്രഭമാക്കി ബട്‍ലർ ആഞ്ഞടിച്ചുകൊണ്ടേയിരുന്നു. പിന്നീടെത്തിയ ദേവ്‌ദത്ത് പടിക്കൽ (9) 17ാം ഓവറിൽ പുറത്തായെങ്കിലും മറുവശത്ത് ഹെറ്റ്മയറിനെ (2*)  സാക്ഷിയാക്കി 19–ാം ഓവറിന്റെ ആദ്യ പന്ത് സിക്സർ പറത്തി ബട്‌ലർ രാജസ്ഥാനെ വിജയത്തിലെത്തിച്ചു. 14 വർഷത്തിനുശേഷം ഐപിഎൽ ഫൈനലിലും!

∙ വീണ്ടും പട്ടീദാർ!

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിലാണ് 157 റൺസെടുത്തത്. 58 റൺസെടുത്ത കഴിഞ്ഞ മത്സരത്തിലെ സെഞ്ചറിവീരൻ രജത് പട്ടീദാറാണ് വീണ്ടും ബാംഗ്ലൂർ നിരയിൽ തിളങ്ങിയത്.

കഴിഞ്ഞ മത്സരത്തിലെ നിരാശ പാടെ മായ്ച്ച പ്രകടനവുമായി പ്രസിദ്ധ് കൃഷ്‌ണ (3/22) രാജസ്ഥാൻ നിരയിൽ കയ്യടി നേടി. മൂന്നു വിക്കറ്റോടെ ഒബദ് മക്കോയ്‌യും രാജസ്ഥാൻ നിരയിൽ മിന്നി. ഓപ്പണർ വിരാട് കോലിയെ (7) മത്സരത്തിന്റെ രണ്ടാം ഓവറിൽ ആർസിബിക്ക് നഷ്ടമായി. പിന്നീട് ഒത്തുചേർന്ന രജത് പട്ടീദാറും ഫാഫ് ഡുപ്ലേസിയും ചേർന്ന് ബാംഗ്ലൂരിനെ മുന്നോട്ട് നയിച്ചു. മത്സരത്തിന്റെ ആറാം ഓവറിൽ പട്ടീദാറിന്റെ ക്യാച്ച് രാജസ്ഥാൻ താരം റിയാൻ പരാഗ് കൈവിട്ടത് രാജസ്ഥാന് തിരിച്ചടിയായി. ഇതിനിടെ മധ്യഓവറുകളിൽ റൺ നേടാനുള്ള ശ്രമത്തിൽ ബാംഗ്ലൂരിന് ഫാഫിനെ നഷ്ടപ്പെട്ടു (25).

rajat-patidar
രജത് പാട്ടിദാറിന്റെ ബാറ്റിങ്ങ്. ചിത്രം: IPLT20.com

എന്നാൽ കഴിഞ്ഞ മത്സരത്തിന് സമാനമായി ആർസിബി ബാറ്റിങ്ങ് ഉത്തരവാദിത്തം പട്ടീദാർ ഭംഗിയായി ഏറ്റെടുത്തു. തുടർന്നെത്തിയ ഗ്ലെൻ മാക്‌സ്‌വെൽ പന്തുകൾ പാഴാക്കാതെ ആഞ്ഞുവീശാനാണ് ശ്രമിച്ചത്. രണ്ടു സിക്‌സറുകൾ പായിച്ചു ആർസിബി പ്രതീക്ഷകൾ ഉയർത്തിയ മാക്‌സ്‌വെലിന് പക്ഷേ വലിയ സ്‌കോർ (24) നേടാനായില്ല. അവസാന ഓവർ എറിയാൻ ട്രെന്റ് ബോൾട്ടിനെ നേരത്തെ പരീക്ഷിച്ച രാജസ്ഥാൻ തീരുമാനമാണ് മാക്സ്‌വെലിന്റെ വിക്കറ്റിൽ കലാശിച്ചത്.

ഇതിനിടെ അർധസെഞ്ചറി പൂർത്തിയാക്കിയ പട്ടീദാർ വലിയ സ്കോറിലേക്ക് നീങ്ങുന്ന പ്രതീതി സൃഷ്ടിച്ചെങ്കിലും അശ്വിന്റെ പന്തിൽ ജോസ് ബട്‍ലറിന്റെ തകർപ്പൻ ക്യാച്ചിൽ പുറത്തായി. തുടർന്നെത്തിയ ദിനേശ് കാർത്തിക്കിനും (6) വലിയ സ്‌കോർ കണ്ടെത്താനായില്ല. അവസാന ഓവറുകളിൽ വിക്കറ്റുകൾ തുടരെ നഷ്ടമായത് ആർസിബി സ്കോറിങ്ങിനെ ബാധിച്ചു.

∙ ടോസ് ഭാഗ്യം സഞ്ജുവിന്!

ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. 

∙ പ്ലേയിങ് ഇലവൻ

രാജസ്ഥാൻ റോയൽസ്: യശസ്വി ജയ്സ്വാൾ, ജോസ് ബട്‍ലർ, സഞ്ജു സാംസൺ (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ദേവ്ദത്ത് പടിക്കൽ, ഷിംറോൺ ഹെറ്റ്മെയർ, റിയാൻ പരാഗ്, രവിചന്ദ്രൻ അശ്വിൻ, ട്രെന്റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ, യുസ്‌വേന്ദ്ര ചെഹൽ, ഓബദ് മക്കോയ്.

റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ: ഫാഫ് ഡുപ്ലേസി (ക്യാപ്റ്റൻ), വിരാട് കോലി‌, രജത് പട്ടീദാർ,ഗ്ലെൻ മാക്സ്‌വെൽ, മഹിപാൽ ലോംറോർ,ഷഹബാസ് അഹമ്മദ്,ദിനേഷ് കാര്‍ത്തിക്(വിക്കറ്റ് കീപ്പർ),വാനിന്ദു ഹസാരങ്ക, ഹർഷൽ പട്ടേൽ,ജോസ് ഹെയ്സൽവുഡ്, മുഹമ്മദ് സിറാജ്.

English Summary: IPL Playoffs: Rajasthan Royals vs Royal Challengers Bangalore Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com