ADVERTISEMENT

മെൽബൺ∙ ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസ് പ്ലേയിങ് ഇലവനിൽ വൈകിക്കിട്ടിയ അവസരം ഇരു കൈകളും നീട്ടി സ്വീകരിച്ച സിംഗപ്പുർ പവർ ഹിറ്റർ ടിം ഡേവിഡ് ട്വന്റി20 ലോകകപ്പിനുള്ള ഓസ്ട്രേലിയൻ ടീമിലേക്ക്? ഈ വർഷം നടക്കുന്ന ട്വന്റി20 ലോകകപ്പിൽ ഓസ്ട്രേലിയൻ ടീമിലേക്കു ടിം ഡേവിഡിനെയും പരിഗണിക്കുന്നുണ്ടെന്ന സൂചനയുമായി രംഗത്തെത്തിയത് ഓസ്ട്രേലിയയുടെ ലിമിറ്റഡ് ഓവർ ക്രിക്കറ്റ് ക്യാപ്റ്റൻ ആരോൺ ഫിഞ്ച്തന്നെ. 

സിംഗപ്പുരിലായിരുന്നു പശ്ചിമ ഓസ്ട്രേലിയൻ സ്വദേശിയായ ടിം ഡേവിഡിന്റെ ജനനം. ഓസ്ട്രേലിയയ്ക്കായി ഇതുവരെ ഒരു ഫസ്റ്റ് ക്ലാസ് മത്സരം പോലും കളിച്ചിട്ടില്ലെങ്കിലും സിംഗപ്പുരിനായി 14 രാജ്യാന്തര ട്വന്റി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ അവസാന റൗണ്ട് മത്സരങ്ങളിൽ പവർ ഹിറ്റിങ്ങിലൂടെ ആരാധകരെ രസിപ്പിച്ച ഡേവിഡ‍്, പിന്നാലെ വൈറ്റാലിറ്റി ബ്ലാസ്റ്റിൽ 25 പന്തിൽ 60 റണ്‍സും നേടിയിരുന്നു.  

അടുത്ത മാസം ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന പരമ്പരയ്ക്കുള്ള ഓസീസ് ട്വന്റി20 ടീമിൽ ടിം ഡേവിഡ് ഉൾപെട്ടിട്ടില്ലെങ്കിലും ട്വന്റി20 ലോകകപ്പിൽ ടിം ഡേവിഡും പരിഗണനയിൽ ഉണ്ടെന്നു ആരോൺ ഫിഞ്ച് ഫോക്സ്‌സ്പോർട്സ്.കോം.എയു വിനോട് വെളിപ്പെടുത്തി. 

‘ടിം ഡേവിഡും പരിഗണനയിലുണ്ടെന്നാണ് എന്റെ വിശ്വാസം. കഴിഞ്ഞ കുറച്ചു നാളുകളായി മികച്ച ഫോമിലാണു ഡേവിഡ്. ഐപിഎല്ലിന്റെ അവസാന ഘട്ടത്തിൽ മാരകപ്രഹരശേഷിയിലായിരുന്നു ഡേവിഡ്. ആദ്യ പന്തു മുതൽതന്നെ തകർത്തടിക്കാനാകുക എന്നത് ചുരുക്കം ചില താരങ്ങൾക്കു മാത്രം അവകാശപ്പെടാവുന്ന മികവാണ്. ഒട്ടേറെ മത്സരങ്ങളിൽ ഡേവിഡ് ഇതു ചെയ്തു കഴിഞ്ഞു. ബാറ്റിങ് പ്രകടനത്തിൽ സ്ഥിരത നിലനിർത്തുന്ന താരമാണു ഡേവിഡ് എന്നതിനാൽ ഓസീസ് ദേശീയ ടീമിലേക്കു ഡേവിഡിനെ അടുത്ത കുറച്ചു നാളിനിടെത്തന്നെ പരിഗണിക്കുന്ന കാര്യം ആലോചനയിലുണ്ട്’– ഫിഞ്ചിന്റെ വാക്കുകൾ. 

 

 

English Summary: Australia show interest to add explosive Singapore international in squad for T20 World Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com