ADVERTISEMENT

ക്ലാസിലെ ഏറ്റവും വികൃതിയായ കുട്ടിയെത്തന്നെ, അലമ്പു കാട്ടുന്നവരുടെ പേരെഴുതാൻ ചുമതലയേൽപ്പിച്ച പോലൊരു നീക്കം– മാസങ്ങൾക്കു മുൻപ് ഗുജറാത്ത് ടൈറ്റൻസ് ടീം മാനേജ്മെന്റ് ഹാർദിക് പാണ്ഡ്യയെ പുതിയ ടീമിന്റെ ക്യാപ്റ്റനാക്കിയപ്പോൾ ഇതായിരുന്നു വിശേഷണം. ഹാർദിക് പേരെഴുതി; പേപ്പറിലല്ല, ഐപിഎൽ ചരിത്രത്തിൽത്തന്നെ. ഐപിഎലിൽ നവാഗരായി വന്നു കപ്പടിച്ച ടീമിന്റെ നവാഗത ക്യാപ്റ്റൻ. ഒരു ആഭ്യന്തര ടീമിനെപ്പോലും നയിച്ചു പരിചയമില്ലാത്ത ഹാർദിക്കിന്റെ പേര് ഇപ്പോൾ പറഞ്ഞു കേൾക്കുന്നത് ഇന്ത്യൻ ടീമിന്റെ ഭാവി നായകസ്ഥാനത്തേക്കാണ്. അത്തരം കാര്യങ്ങളെക്കുറിച്ചൊന്നും മനസ്സു തുറന്നില്ലെങ്കിലും ആരാധകരെ ആഹ്ലാദിപ്പിക്കുന്ന മറ്റൊരു മോഹത്തെക്കുറിച്ച് ഐപിഎൽ ഫൈനലിനു ശേഷം ഹാർദിക് വാചാലനായി– അടുത്ത ലക്ഷ്യം ഇന്ത്യൻ ടീമിനൊപ്പം ട്വന്റി20 ലോകകപ്പ് കിരീടം!

ഈ ട്രോഫി സ്പെഷൽ

കളിക്കാരനായി മുൻപ് 4 വട്ടം ഐപിഎൽ കിരീടം നേടിയിട്ടുണ്ടെങ്കിലും നായകനെന്ന നിലയിലുള്ള ഈ നേട്ടം സ്പെഷലാണെന്നു ഹാർദിക്. ‘5 ഐപിഎൽ ഫൈനലുകൾ കളിച്ചു, അഞ്ചിലും ജയിക്കാനായി എന്നത് എന്റെ ഭാഗ്യം തന്നെ. മുംബൈയ്ക്കൊപ്പം മുൻപു നേടിയ 4 കിരീടങ്ങളും മഹത്തരം തന്നെ. പക്ഷേ ഇത്തവണ നേടിയതിനു കുറച്ചു കൂടി പ്രത്യേകതയുണ്ട്. ഗുജറാത്ത് ടൈറ്റൻസിന് അഭിമാനിക്കാവുന്ന ഒരു ചരിത്രം ആദ്യ സീസണിൽത്തന്നെ ഞങ്ങൾ സൃഷ്ടിച്ചിരിക്കുന്നു.’

ഹാർദിക് മോഡൽ

എന്റെ ടീം ഐപിഎലിൽ സവിശേഷ ശൈലിയിൽ കളിക്കണമെന്നു നിർബന്ധമുണ്ടായിരുന്നു. ക്യാപ്റ്റനെന്ന നിലയിൽ ആ ഉത്തരവാദിത്തം ഏറ്റെടുത്തു. ആസ്വദിച്ചു. എല്ലാവരും എനിക്കൊപ്പം നിന്നു. ട്വന്റി20യെ ബാറ്റർമാരുടെ കളിയായി വിശേഷിപ്പിക്കുന്നുണ്ടാകാം. പക്ഷേ ക്യാപ്റ്റനായി നിയമിക്കപ്പെട്ടപ്പോൾ കോച്ച് ആശിഷ് നെഹ്റയ്ക്കൊപ്പം ചേർന്ന് ഞാൻ ആലോചിച്ചതു നല്ലൊരു ബോളിങ് യൂണിറ്റ് ഉണ്ടാക്കുന്നതിനെക്കുറിച്ചാണ്. മുഹമ്മദ് ഷമി (20 വിക്കറ്റ്), റാഷിദ് ഖാൻ (19 വിക്കറ്റ്), ലോക്കി ഫെർഗൂസൻ (12 വിക്കറ്റ്), യഷ് ദയാൽ (11 വിക്കറ്റ്).. അങ്ങനെ ടീമിലെടുത്തവരെല്ലാം ക്ലിക്കായി.

ലക്ഷ്യം ലോകകപ്പ്

ഇന്ത്യൻ ടീമിനൊപ്പം 2017ചാംപ്യൻസ് ട്രോഫി ഫൈനലും 2 ലോകകപ്പ് സെമിഫൈനലുകളും (2016 ട്വന്റി20 ലോകകപ്പ്, 2019 ഏകദിന ലോകകപ്പ്) കളിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കു വേണ്ടി കളിക്കുക എന്നതായിരുന്നു മുൻപ് എന്റെ വലിയ ആഗ്രഹങ്ങളിലൊന്ന്. അതു സഫലമായി. അടുത്ത ലക്ഷ്യം ലോകകപ്പ് നേടുക എന്നതു തന്നെ.

കുടുംബമാണ് ടീം

ഗുജറാത്ത് ടൈറ്റൻസ് ടീം അംഗങ്ങളെപ്പോലെ കുടുംബവും ഈ കിരീടയാത്രയിൽ ഒപ്പമുണ്ടായിരുന്നു. അമ്മ നളിനി, ഭാര്യ നടാഷ, മകൻ അഗസ്ത്യ, സഹോദരൻ ക്രുണാൽ, വൈഭവ്, സഹോദര ഭാര്യ പങ്കുരി എന്നിവരാണ് ഹാർദിക്കിന്റെ ഏറ്റവും ഉറ്റവർ. അച്ഛൻ ഹിമാൻഷു കഴിഞ്ഞ വർഷം മരിച്ചു. ‘നടാഷ പെട്ടെന്ന് ഇമോഷണൽ ആകുന്നയാളാണ്. പക്ഷേ, ഐപിഎലിൽ ഉടനീളം എന്റെ വലിയ കരുത്ത് നടാഷയായിരുന്നു.’’. ക്രുനാൽ  ലക്നൗ സൂപ്പർ ജയന്റ്സിന്റെ താരമാണ്. പക്ഷേ, കിരീടനേട്ടത്തിനു ശേഷം ഫോണിൽ വിളിച്ചപ്പോൾ അവൻ സന്തോഷം കൊണ്ടു കരഞ്ഞു പോയി. അതാണ് ഞങ്ങൾ തമ്മിലുള്ള ബന്ധം..’– ഹാർദിക് പറഞ്ഞു.

English Summary: Want to win the World Cup for India: Hardik Pandya 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com