ADVERTISEMENT

ചെന്നൈ ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 15–ാം സീസൺ ഫൈനലിൽ മലയാളി താരം സഞ്ജു സാംസണിന്റെയും രാജസ്ഥാൻ റോയൽസിന്റെയും കണ്ണീരു വീണ കലാശപ്പോരാട്ടം ഒത്തുകളിയായിരുന്നോ? രാജസ്ഥാനെയും അവരെ തോൽപ്പിച്ച് കിരീടം ചൂടിയ ഗുജറാത്ത് ടൈറ്റൻസിന്റെയും മത്സര ഫലങ്ങൾ മുൻകൂട്ടി തീരുമാനിച്ചതുപ്രകാരമായിരുന്നോ?

ഇത്തവണത്തെ ഐപിഎൽ മത്സര ഫലങ്ങളെല്ലാം കള്ളക്കളിയായിരുന്നുവെന്ന ആരോപണവുമായി ബിജെപിയുടെ മുതിർന്ന നേതാവ് സുബ്രഹ്മണ്യൻ സ്വാമി നേരിട്ട് രംഗത്തെത്തിയതോടെയാണ് ടൂർണമെന്റ് തന്നെ സംശയനിഴലിലായിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ ആരോപണം.

ഐപിഎൽ മത്സരങ്ങളിൽ ഒത്തുകളി നടക്കുന്നതായി നേരത്തേതന്നെ ആരോപണമുയർന്നിരുന്നു. കലാശപ്പോരാട്ടത്തിൽ ടോസ് ലഭിച്ചിട്ടും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ ബാറ്റിങ് തിരഞ്ഞെടുത്തതിൽ ഒത്തുകളി ആരോപിച്ചവരുണ്ട്. ഗുജറാത്തിന്റെ ചേസിങ് റെക്കോർഡ് അറിയാമായിരുന്നില്ലും സഞ്ജു അവർക്ക് ചേസിങ്ങിന് അവസരം നൽകിയതാണ് ഒരു വിഭാഗം ആരാധകരിൽ സംശയം നിറച്ചത്.

പിന്നീട് ഗുജറാത്ത് ടൈറ്റൻസിന്റെ കിരീടവിജയത്തിനുശേഷം  വേദിയിലുണ്ടായിരുന്ന ബിസിസിഐ സെക്രട്ടറി ജയ് ഷാ നടത്തിയ ആവേശപ്രകടനം പങ്കുവച്ച് ഒത്തുകളി ആരോപിച്ചവരുമുണ്ട്.‌ ഇതിനെല്ലാം പിന്നാലെയാണ് ട്വിറ്ററിലൂടെ കടുത്ത ഒത്തുകളി ആരോപണവുമായി സുബ്രഹ്മണ്യൻ സ്വാമിയുടെ വരവ്.

‘ടാറ്റാ ഐപിഎൽ ക്രിക്കറ്റിലെ മത്സരഫലങ്ങളെല്ലാം കപടമാണെന്ന വ്യാപകമായ സംശയം ഇന്റലിജൻസ് ഏജൻസികൾക്കുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ അന്വേഷണം ആവശ്യമാണ്. പക്ഷേ, അതിനായി പൊതുതാൽപര്യ ഹർജി നൽകേണ്ടി വരും. കാരണം, ബിസിസിഐയുടെ തലപ്പത്തിരിക്കുന്നത് അമിത് ഷായുടെ മകൻ ജയ് ഷാ ആയതിനാൽ സർക്കാർ മുൻകയ്യെടുത്ത് അന്വേഷിക്കുമെന്ന് കരുതാൻ വയ്യ’ – സുബ്രഹ്മണ്യൻ സ്വാമി ട്വിറ്ററിൽ കുറിച്ചു.

English Summary: BJP Leader Alleges IPL 2022 Was ‘Rigged’, Slams ‘De Facto Dictator Of BCCI’ Jay Shah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com