ADVERTISEMENT

ന്യൂഡൽഹി ∙ പേരിനൊപ്പം ‘തെൻഡുൽക്കർ’ എന്നുള്ളതിന് ഗുണവും ദോഷവുമുണ്ടെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ കപിൽ ദേവ്. സൂപ്പർതാരം സച്ചിൻ തെൻഡുൽക്കറിന്റെ മകൻ അർജുൻ തെൻഡുൽക്കറിനെക്കുറിച്ച് സംസാരിക്കുമ്പോഴാണ് കപിൽ ദേവ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. അർജുൻ തെൻഡുൽക്കറിന് ഇപ്പോഴും ചെറിയ പ്രായമാണെന്നും അദ്ദേഹത്തിനുമേൽ അനാവശ്യ സമ്മർദ്ദം അടിച്ചേൽപ്പിക്കരുതെന്നും കപിൽ ദേവ് ആവശ്യപ്പെട്ടു. സമ്മർദ്ദം താങ്ങാനാകാതെ ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഡോൺ ബ്രാഡ്മാന്റെ മകൻ സ്വന്തം പേരിൽനിന്ന് ബ്രാഡ്മാൻ നീക്കം ചെയ്തതിനെക്കുറിച്ചും കപിൽ പരാമർശിച്ചു.

ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 15–ാം സീസണിൽ മുംബൈ ഇന്ത്യൻസ് ടീമിൽ അംഗമായിരുന്നിട്ടും അർജുൻ തെൻഡുൽക്കറിനെ ഒരു മത്സരത്തിൽപ്പോലും കളത്തിലിറക്കാതിരുന്നത് ചർച്ചയായിരുന്നു. ടീമിൽ ഇടംപിടിക്കണമെങ്കിൽ അർജുന്റെ ബാറ്റിങ്, ഫീൽഡിങ് കഴിവുകൾ ഒന്നുകൂടി മെച്ചപ്പെടണമെന്ന് മുംബൈ ഇന്ത്യൻസ് പരിശീലക സംഘത്തിൽ അംഗമായിരുന്ന ഷെയ്ൻ ബോണ്ട് ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് കപിലും തന്റെ നിലപാട് വ്യക്തമാക്കിയത്.

‘എന്തുകൊണ്ടാണ് എല്ലാവരും അർജുൻ തെൻഡുക്കറിനെക്കുറിച്ച് സംസാരിക്കുന്നത്? കാരണം, അവൻ സച്ചിൻ തെൻഡുൽക്കറിന്റെ മകനാണ്. അർജുനെ അവന്റേതായ ശൈലിയിൽ കളിക്കാൻ അനുവദിക്കൂ. അല്ലാതെ സച്ചിനുമായി താരതമ്യം ചെയ്യരുത്.’ – കപിൽ ദേവ് ആവശ്യപ്പെട്ടു.

‘‘തെൻഡുൽക്കർ എന്നത് പേരിനൊപ്പമുള്ളതുകൊണ്ട് ഗുണവും ദോഷവുമുണ്ട്. സമ്മർദ്ദം സഹിക്കാനാകാതെ വന്നപ്പോൾ ഡോൺ ബ്രാഡ്മാന്റെ മകൻ തന്റെ പേരിൽനിന്ന് പിതാവിന്റെ പേര് നീക്കിയിരുന്നു. കാരണം എല്ലാവരും അദ്ദേഹം ബ്രാഡ്മാനേപ്പോലെയാകുമെന്ന് പ്രതീക്ഷിച്ചത് കടുത്ത സമ്മർദ്ദമാണ് ഉണ്ടാക്കിയത്’ – കപിൽ പറഞ്ഞു.

‘അതുകൊണ്ട് അർജുന് അനാവശ്യ സമ്മർദ്ദം നൽകരുത്. അദ്ദേഹം തീരെ ചെറിയ പ്രായമല്ലേ. സച്ചിൻ തെൻഡുൽക്കറിന്റെ മകനെന്ന നിലയിൽ അദ്ദേഹത്തെക്കുറിച്ച് പറയാൻ നമ്മൾ ആരാണ്? എങ്കിലും എനിക്ക് അർജുനോട് ഒരു കാര്യം പറയാനുണ്ട്. എന്തൊക്കെ സംഭവിച്ചാലും സ്വന്തം നിലയ്ക്ക് കളി ആസ്വദിക്കുക. താങ്കൾ പ്രത്യേകിച്ചൊന്നും തെളിയിക്കാനില്ല. അച്ഛന്റെ 50 ശതമാനമെങ്കിലും നേടാനായെങ്കിൽ അതിലും വലുതായി ഒന്നുമില്ല. തെൻഡുൽക്കർ എന്ന പേരു കാണുമ്പോൾ ഞങ്ങളുടെ പ്രതീക്ഷ ഉയരുന്നത് സ്വാഭാവികമാണ്. കാരണം, സച്ചിൻ അത്രയ്ക്ക് മഹാനായ കളിക്കാരനായിരുന്നു’ – കപിൽ പറഞ്ഞു.

English Summary: 'If you can become even 50 percent like your father…': Kapil Dev's advice for Sachin's son Arjun Tendulkar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com