ADVERTISEMENT

മുംബൈ∙ പ്രഥമ ഐപിഎൽ സീസണിൽ മലയാളി പേസർ എസ്. ശ്രീശാന്തിനെ ‘കയ്യേറ്റം’ ചെയ്തു വിവാദത്തിൽപ്പെട്ട ആളാണു മുൻ ഇന്ത്യൻ സ്പിന്നറും രാജ്യസഭാംഗവുമായ ഹർഭജൻ സിങ്. 2008 സീസണിലെ ഐപിഎൽ മത്സരത്തിനു ശേഷം മൈതാനത്തു കരഞ്ഞുകൊണ്ടു നിൽക്കുന്ന ശ്രീശാന്തിന്റെ വിഡിയോ ദൃശ്യങ്ങൾ ടിവിയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

കിങ്സ് ഇലവൻ പഞ്ചാബിലെ സഹതാരങ്ങൾ ശ്രീശാന്തിനു ചുറ്റും നിന്ന് താരത്തെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. മുംബൈ ഇന്ത്യൻസ് താരമായ ഹർഭജൻ‌ ‘തല്ലിയതിനെ’ തുടർന്നാണു ശ്രീശാന്ത് കരഞ്ഞതെന്നു പിന്നീടു വെളിപ്പെട്ടിരുന്നു.

‘ഗുരുതര അച്ചടക്ക ലംഘനത്തിനു’ സീസണിലെ പിന്നീടുള്ള മത്സരങ്ങളിൽനിന്നു ഹർഭജനെ വിലക്കിയിരുന്നെങ്കിലും, ഇരു താരങ്ങളും തമ്മിലുള്ള സമവാക്യങ്ങൾ മെച്ചപ്പെടുകയും പിന്നീട് 2011 ഏകദിന ലോകകപ്പിൽ ഇരുവരും ഇന്ത്യയ്ക്കായി ഒന്നിച്ചു കളിക്കുകയും ചെയ്തിരുന്നു.

2008ലെ കയ്യാങ്കളി വിവാദത്തിൽ തനിക്കു തെറ്റുപറ്റിയെന്നും വിവാദം തന്നെ ഏറെ അസ്വസ്ഥനാക്കിയെന്നും വെളിപ്പെടുത്തി ഹർഭജൻ രംഗത്തെത്തി. ‘അന്നു സംഭവിച്ചതു തെറ്റായിപ്പോയി. എന്റെ ഭാഗത്തായിരുന്നു പിഴവ്. എന്റെ പിഴവുമൂലം സഹതാരത്തിന് അസ്വസ്ഥത നേരിട്ടു. എന്റെ ഒരു പിഴവു തിരുത്താൻ അവസരം ലഭിച്ചാൽ, മൈതാനത്തെ ശ്രീശാന്തിനെതിരായ എന്റെ പെരുമാറ്റം തിരുത്താൻ ശ്രമിച്ചേനെ. അതു സംഭവിക്കാൻ പാടില്ലാത്തതായിരുന്നു’– ഹർഭജന്റെ വാക്കുകൾ.  

സംഭവത്തിനു ശേഷം ഇരുവരും തമ്മിൽ ഭിന്നതയുണ്ടെന്ന തരത്തിലെ വാർത്തകൾ തള്ളി ശ്രീശാന്ത് തന്നെ മുൻപു രംഗത്തെത്തിയിരുന്നു. ഹർഭജൻ സിങ്ങിനൊപ്പം അത്താഴത്തിനുള്ള അവസരം സച്ചിൻ തെൻഡുൽക്കർ ഒരുക്കി നൽകിയെന്നും പ്രശ്നങ്ങൾ പറഞ്ഞു തീർത്തെന്നും ശ്രീശാന്ത് പറഞ്ഞിരുന്നു. സംഭവത്തിൽ ഹർഭജന് എതിരെ കൂടുതൽ നടപടികൾ‌ കൈക്കൊള്ളരുതെന്നു ശ്രീശാന്ത് തന്നെ ബിസിസിഐയോട് അപേക്ഷിക്കുകയും ചെയ്തിരുന്നു. 

 

English Summary: 'When I think about it, there was no need. If I had to correct one mistake...': Harbhajan recalls Sreesanth slapgate row

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com