ADVERTISEMENT

ന്യൂഡൽഹി∙ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ വ്യാഴാഴ്ച ദക്ഷിണാഫ്രിക്കയെ നേരിടാനിറങ്ങുമ്പോൾ ഒരു വമ്പൻ ലോക റെക്കോർഡിന്റെ തൊട്ടരികിലാണ് ഇന്ത്യ. നിലവിൽ തുടർച്ചയായി ഏറ്റവും അധികം ട്വന്റി20 മത്സരങ്ങള്‍ ജയിച്ച രാജ്യം എന്നെ ലോക െറക്കോർഡിൽ അഫ്ഗാനിസ്ഥാൻ, റൊമേനിയ എന്നീ രാജ്യങ്ങൾക്കൊപ്പം (12 ജയങ്ങൾ വീതം) തുല്യത പാലിക്കുകയാണ് ഇന്ത്യ ഇപ്പോൾ. 

2021 ട്വന്റി20 ലോകകപ്പിലാണ് ഇന്ത്യയുടെ വിജയത്തിന്റെ തേരോട്ടം തുടങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന 3 മത്സരങ്ങളിൽ അഫ്ഗാനിസ്ഥാൻ, സ്കോട്‌ലൻഡ്, നമീബിയ എന്നീ ടീമുകളെ ഇന്ത്യ കീഴടക്കിയിരുന്നു. പിന്നീടു രോഹിത് ശർമയ്ക്കു കീഴിൽ ന്യൂസീലൻഡ്, വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക ടീമുകൾക്കെതിരെ 3 സമ്പൂർണ പരമ്പര വിജയങ്ങൾ. എല്ലാം 3–0 എന്ന നിലയിൽ. വ്യാഴാഴ്ച ജയിച്ചാൽ 13 ജയത്തോടെ ലോക റെക്കോർഡ് ഇന്ത്യയ്ക്ക് ഒറ്റയ്ക്കു സ്വന്തമാക്കാം.

എന്നാൽ റെക്കോർഡിലല്ല ശ്രദ്ധയെന്നും മികച്ച പ്രകടനം പുറത്തെടുക്കാനാണു ടീം ശ്രമിക്കുന്നതെന്നും മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് പ്രതികരിച്ചു. ‘സത്യം പറയാമല്ലോ, റെക്കോർഡിന്റെ കാര്യം ഞങ്ങൾ ആലോചിച്ചിട്ടേയില്ല. മത്സരങ്ങൾ ജയിക്കുന്നത് എപ്പോഴും നല്ലതുതന്നെ, പക്ഷേ റെക്കോർഡുകൾ സ്ഥാപിക്കുന്നതിനെക്കുറിച്ച് എനിക്ക് ആശങ്കകളില്ല. 

ഏറ്റവും മികച്ച രീതിയിൽ പദ്ധതികൾ ആവഷ്കരിക്കാനും അതു നടപ്പിലാക്കാനുമാണു ശ്രമിക്കുന്നത്. അതെല്ലാം നടപ്പാക്കാൻ കഴിഞ്ഞാൽ നല്ലത്’– മത്സരത്തിനു മുന്നോടിയായുള്ള മാധ്യമ സമ്മേളനത്തിൽ ദ്രാവിഡ് പറഞ്ഞു.

‘കരുത്തരായ ദക്ഷിണാഫ്രിക്കൻ നിരയാണ് എതിരാളികൾ എന്നതാണ് എന്നെ ആവേശഭരിതനാക്കുന്നത്. ഇതു നമുക്കൊരു മികച്ച പരീക്ഷണമാകും. മുൻപ് അവസരം ലഭിക്കാതിരുന്ന ഒരുപറ്റം യുവാക്കൾക്ക് കരുത്തുറ്റ ടീമിനെതിരെ മികവു തെളിയിക്കാനുള്ള അവസരമാണു കൈവരുന്നത്. ഇതാണു ഞങ്ങളെ ആവേശം കൊള്ളിക്കുന്നത്. ഞങ്ങൾ ജയിച്ചാൽ ഞങ്ങൾ ജയിക്കും, ജയിക്കാനായില്ലെങ്കിൽ ഞങ്ങൾ പഠിക്കും, അടുത്ത കളിയിൽ കൂടുതൽ മെച്ചപ്പെടാൻ ശ്രമിക്കും. ഇതു തുടരും’– ദ്രാവിഡിന്റെ വാക്കുകൾ.  

 

English Summary: Coach Rahul Dravid "Not Really Paying Attention" As India Stand On Cusp Of This Massive World Record

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com