‘അത് ഞാനല്ല, ദിനേഷ് കാർത്തിക്കായിരുന്നു’; സ്ട്രൈക്ക് നൽകാത്ത ഹാർദിക്കിനോട് നെഹ്റ

hardik-pandya-dinesh-karthik
അവസാന ഓവറിൽ സിംഗിൾ എടുക്കാതിരുന്നശേഷം ഹാർദിക് പാണ്ഡ്യയും ദിനേഷ് കാർത്തിക്കും
SHARE

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കുള്ള തിരിച്ചുവരവായിരുന്നു ഹാർദിക് പാണ്ഡ്യയ്ക്കും ദിനേഷ് കാർത്തിക്കിനും ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി20 മത്സരം. കഴിഞ്ഞ വർഷം നടന്ന ട്വന്റി20 ലോകകപ്പിനുശേഷം ആദ്യമായാണ് ഹാർദിക് രാജ്യാന്തര മത്സരം കളിക്കുന്നത്. ദിനേഷ് കാർത്തിക്കാകട്ടെ മൂന്നു വർഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും ഇന്ത്യൻ ജഴ്സി അണിഞ്ഞു.

ഐപിഎലിലെ മിന്നുംപ്രകടനമാണ് ഇരുതാരങ്ങൾക്കും വീണ്ടും ദേശീയ ടീമിലേക്ക് വഴിതുറന്നത്. ഹാർദിക്കിന്റെ നേതൃത്വത്തിൽ ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ ചാംപ്യന്മാരായപ്പോൾ പ്ലേ ഓഫിലെത്തിയ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനായി ദിനേഷ് കാർത്തിക് നിർണായക സംഭവനയാണ് നൽകിയത്.

വ്യാഴാഴ്ച, അരു‍ൺ ജയ്‌റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന ഒന്നാം ട്വന്റി20 മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യയെ, ഓപ്പണർ ഇഷാൻ കിഷന്റെ അർധ സെഞ്ചറിയും (48 പന്തിൽ 76) അവസാന ഓവറുകളിൽ ഹാർദിക് പാണ്ഡ്യയുടെ മിന്നലടിയുമാണ് (12 പന്തിൽ പുറത്താകാതെ 31) വലിയ സ്കോറിലെത്തിച്ചത്. ദക്ഷിണാഫ്രിക്കൻ ബോളർമാരെ നിലംതൊടാതെ പറപ്പിച്ച ഹാർദിക് 2 ഫോറും 3 സിക്സുമടിച്ചു. 20–ാം ഓവറിന്റെ ആദ്യ പന്തിൽ ക്യാപ്റ്റൻ ഋഷഭ് പന്ത് പുറത്തായതിനു ശേഷമാണ് ദിനേഷ് കാർത്തിക് (1) ഹാർദിക്കിനു കൂട്ടായി എത്തിയത്.

എന്നാൽ ആൻറിച്ച് നോർട്ട്യ എറിഞ്ഞ അവസാന ഓവറിന്റെ അഞ്ചാം പന്തിൽ ഹാർദിക് പാണ്ഡ്യ സിംഗിൾ എടുക്കാൻ മടിച്ചത് സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധത്തിനിടയാക്കി. നാലാം പന്തിൽ സിക്സർ പറത്തിയ ഹാർദിക്, തൊട്ടടുത്ത പന്ത് മിഡ് വിക്കറ്റിലേക്ക് പായിച്ചെങ്കിലും ബൗണ്ടറിലൈനിനു സമീപം ഫീൽഡർ പന്ത് കയ്യിലൊതുക്കി. എന്നാൽ ഹാർദിക് ഓടാൻ കൂട്ടാക്കിയില്ല. സിംഗിൾ എടുക്കാത്തതിന്റെ കാരണം കാർത്തിക്, ഹാർദിക്കിനോട് ചോദിക്കുകയും ചെയ്യും. അവസാന പന്തിൽ ഹാർദിക് കൂറ്റനടിക്കു ശ്രമിച്ചെങ്കിലും ഡബിൾകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

ദിനേഷ് കാർത്തിനു സ്ട്രൈക്കു കൈമാറാൻ തയാറാകാതിരുന്ന ഹാർദിക്കിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. ഹാർദിക് ക്യാപ്റ്റനായ ഗുജറാത്ത് ടൈറ്റൻ‌സിന്റെ കോച്ചും മുൻ ഇന്ത്യൻ താരവുമായ ആശിഷ് നെഹ്റയും, ഹാർദിക്കിനെതിരെ വിമർശനവുമായി രംഗത്തെത്തി. ‘അവസാന ഓവറിൽ ഹാർദിക് ആ സിംഗിൾ എടുക്കണമായിരുന്നു. മറുവശത്ത് ഞാനായിരുന്നില്ല, ദിനേശ് കാർത്തിക് ആയിരുന്നു.’– ഫോമിലുള്ള താരത്തിനാണ് ഹാർദിക് സ്ട്രൈക്ക് കൈമാറാൻ കൂട്ടാക്കതിരുന്നതെന്ന് സൂചിപ്പിച്ച് പരിഹാസ രൂപേണ നെഹ്റ പറഞ്ഞു.

English Summary: ‘Dinesh Karthik was at the other end, not me’ – Ashish Nehra gets sarcastic on Hardik Pandya denying single in last over

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
FROM ONMANORAMA