ADVERTISEMENT

ആംസ്റ്റെൽവീൻ (നെതർലൻഡ്സ്)∙ ഇംഗ്ലണ്ടിന്റെ ലോകറെക്കോർഡ് സൃഷ്ടിച്ച വെടിക്കെട്ട് ബാറ്റിങ്ങിനിടെ ബൗണ്ടറികളായി പറന്ന പന്തുകണ്ടെത്താൻ ‘കാട്ടിൽ തപ്പിനടന്ന്’ നെതർലൻഡ്സ് താരങ്ങൾ. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ ആംസ്റ്റെൽവീ‌നിൽ നടന്ന ആദ്യ മത്സരത്തിനിടെയായിരുന്നു സംഭവം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിൽ തന്നെ ഓപ്പണർ ജേസണ്‍ റോയിയെ നഷ്ടമായെങ്കിലും തൊട്ടുപിന്നാലെ ഫിലിപ് സോൾട്ടും ഡേവിഡ് മാലനും തകർപ്പൻ പ്രകടനം ആരംഭിച്ചിരുന്നു.

ഇതിനിടെയാണ് മാലൻ അടിച്ച സിക്സിൽ പന്തു പുറത്തേക്കു പോയത്. ഇതോടെ മരങ്ങൾക്കിടയിൽ ഗ്രൗണ്ട് സ്റ്റാഫുകൾ പന്തു തേടി നടക്കുകയാണ്. പിന്നാലെ നെതർലന്‍ഡ്സ് താരങ്ങളും പന്ത് തിരഞ്ഞെത്തി. തുടർന്നാണു പന്തു കണ്ടെത്തിയത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഏകദിന മത്സരം ട്വന്റി20 ശൈലിയിൽ കളിച്ച ഇംഗ്ലണ്ട് 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 498 റൺസാണ്. ഏകദിനത്തിലെ ഏറ്റവും ഉയർന്ന ടീം സ്കോറാണിത്, മൂന്നു പേ‍ർക്ക് സെഞ്ചറി, ഒരാൾക്ക് അതിവേഗ അർധസെഞ്ചറി, 36 ഫോറുകൾ, 24 സിക്സുകൾ. ഇങ്ങനെ ‘കണക്കില്ലാത്ത’ നേട്ടങ്ങളും ഇംഗ്ലണ്ട് ടീം ഒപ്പം കുറിച്ചു. ഏകദിനം കളിച്ച് അത്ര ശീലമില്ലാത്ത നെതർലൻഡ്സിന്റെ മറുപടി ബാറ്റിങ് 49.4 ഓവറിൽ 266 റൺസിൽ ഓൾഔട്ടായി. 

ഇംഗ്ലണ്ടിന് 232 റൺസ് വിജയം. ഉജ്വല ഫോം ഇംഗ്ലിഷ് ജഴ്സിയിലും തുടരുന്ന ജോസ് ബട്‌ലറാണ് (70 പന്തിൽ പുറത്താകാതെ 162) ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ഡേവിഡ് മാലൻ (109 പന്തിൽ 125), ഫിലിപ്പ് സോൾട്ട് (93 പന്തിൽ 122) എന്നിവരും സെഞ്ചറി നേടി. അവസാന ഓവറുകളിൽ വെടിക്കെട്ടു തീർത്ത് മറ്റൊരു ഐപിഎൽ ഹീറോ ലിയാം ലിവിങ്സ്റ്റൻ (22 പന്തിൽ പുറത്താകാതെ 66) ടീം സ്കോർ അഞ്ഞൂറിന് അടുത്തെത്തിച്ചു.

English Summary: Netherlands' players help security, groundstaff in searching for ball from trees after Malan slams it out of park

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com