ADVERTISEMENT

ബെംഗളൂരു∙ ഒക്ടോബറില്‍ ഓസ്‌ട്രേലിയൻ മണ്ണിൽ നടക്കുന്ന ട്വന്‍റി20 ക്രിക്കറ്റ് ലോകകപ്പ് ലക്ഷ്യമിട്ട് ടീമുകൾ തന്ത്രങ്ങള്‍ മെനഞ്ഞുതുടങ്ങി. താരസമ്പന്നമായ ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കാന്‍ കടുത്ത മത്സരമാണ് നടക്കുന്നത്. അവസരം കാത്ത് നിരവധി താരങ്ങൾ പുറത്തുനിൽക്കുന്നു. ആരൊക്കെയായിരിക്കും ഇന്ത്യയുടെ ലോകകപ്പ് ടീമിലുണ്ടാവുക എന്നത് ആകാംക്ഷ ഉണർത്തുന്നതാണ്. ഊഹാപോഹങ്ങൾ പലതും ക്രിക്കറ്റ് ലോകത്ത് നിറയുന്നുണ്ട്. ഇപ്പോൾ, ലോകകപ്പ് ടീം സംബന്ധിച്ച് ചെറിയ സൂചന നൽകിയിരിക്കുകയാണ് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി.

‘അടുത്തമാസം ഇംഗ്ലണ്ടുമായിട്ടുള്ള ട്വന്റി20 പരമ്പരയ്ക്കുശേഷം ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരൊക്കെ ഉണ്ടാകുമെന്നു ഒരു ധാരണ ലഭിക്കുമെന്ന് ഗാംഗുലി വ്യക്തമാക്കി. ‘ടീം ഇന്ത്യയുടെ മുഖ്യ പരിശീലകനായ രാഹുൽ ദ്രാവിഡ് ഇക്കാര്യം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്‌. ഇപ്പോൾ നടക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലും അയർലൻഡിനെതിരായ പരമ്പരയിലും നിരവധി മാറ്റങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിലൂടെ താരങ്ങള്‍ക്ക് അവസരം നല്‍കി പ്രതിഭകാട്ടാന്‍ വഴിതുറക്കുകയാണ്.

ഇതിന് ശേഷം ലോകകപ്പ് കളിക്കാൻ സാധ്യതയുള്ള ഒരു ടീമിനെ തയാറാക്കാം എന്നാണ് രാഹുൽ ദ്രാവിഡ് ചിന്തിക്കുന്നത്. അതിനു യോജിച്ച ഒരു സ്‌ക്വാഡിനെ ഇംഗ്ലണ്ടിന് എതിരായ പരമ്പരയിൽ അണിനിരത്തും. ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പരമ്പരയില്‍ ലോകകപ്പ് ടീമിലുണ്ടാവാന്‍ സാധ്യതയുള്ളവരുടെ സംഘത്തെ കളിപ്പിച്ച് ടീം സെറ്റാക്കാനാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് പദ്ധതിയിടുന്നത്’.- ഗാംഗുലി പറഞ്ഞു.

നിലവില്‍ സീനിയര്‍ താരങ്ങള്‍ വിശ്രമവും പരുക്കും മൂലം മാറിനിന്ന സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്കയ്‌‌ക്കെതിരെ ഋഷഭ് പന്തും വരാനിരിക്കുന്ന അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ ഹാര്‍ദിക് പാണ്ഡ്യയുമാണ് ഇന്ത്യയെ നയിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തിളങ്ങിയ ഇഷാൻ കിഷൻ, ദിനേശ് കാർത്തിക്, ഹർഷൽ പട്ടേൽ, ഭുവനേശ്വർ കുമാർ, ആവേശ് ഖാൻ തുടങ്ങിയവർ ലോകകപ്പ് ടീമിലെ സ്ഥാനം ഉറപ്പിക്കുന്ന മട്ടാണ്.

അയർലൻഡ് പരമ്പരയിൽ ടീമിലുള്ള സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, രാഹുൽ ത്രിപാഠി എന്നിവരും അവസരത്തിനു കാത്തിരിക്കുന്നു. സീനിയർ താരങ്ങളായ രോഹിത് ശർമ, വിരാട് കോലി, ജസ്പ്രീത് ബുമ്ര എന്നിവർ ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിൽ ടീമിലേക്കു തിരിച്ചെത്തും. ലോകകപ്പ് മുൻപ് വെസ്റ്റീൻ‍ഡിനെതിരെയും ഇന്ത്യയ്ക്ക് ട്വന്റി20 പരമ്പരയുണ്ട്.

English Summary: BCCI President Sourav Ganguly hints at probable Team India squad for T20 World Cup 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com