ADVERTISEMENT

ബെംഗളൂരു∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ ആദ്യ രണ്ടു മത്സരങ്ങളും തോറ്റശേഷം, ഉജ്വലമായ തിരിച്ചുവരവാണ് ഇന്ത്യ നടത്തിയത്. പിന്നീടുള്ള രണ്ടു മത്സരങ്ങളും ആധികാരികമായി തന്നെ ജയിച്ച ടീം, ദക്ഷിണാഫ്രിക്കയ്ക്കു കനത്ത പ്രഹരമാണ് ഏൽപ്പിച്ചത്. ഞായറാഴ്ച ബെംഗളൂരുവിൽ നടക്കുന്ന അഞ്ചാം ട്വന്റി20 ഇതോടെ പരമ്പരയിലെ ഫൈനലായി മാറി. അവസാന രണ്ടു മത്സരങ്ങൾ വിജയിച്ചെങ്കിലും ക്യാപ്റ്റൻ ഋഷഭ് പന്തിന്റെ ഫോം ഇല്ലായ്മയ്‌ക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.

29, 5, 6, 17 എന്നിങ്ങനെയാണ് പരമ്പരയിലെ നാല് മത്സരങ്ങളിൽ പന്തിന്റെ സ്കോറിങ്. ആദ്യ മത്സരത്തിലൊഴികെ സ്ട്രൈക്ക് റേറ്റും നൂറിനു താഴെ. പന്തിന്റെ ഈ പരാധീനത ബാധിച്ചത് ഇന്ത്യൻ മധ്യനിരയെത്തന്നെയാണ്. മികച്ച തുടക്കം കിട്ടിയിട്ടും വലിയ സ്കോറിലെത്താനായില്ല. വൈഡ് ലൈനിൽ വരുന്ന പന്തുകൾ എത്തിപ്പിടിക്കാൻ ശ്രമിച്ചാണ് പന്ത് ഔട്ടാകുന്നത്.

പന്തിന്റെ ക്യാപ്റ്റൻസിയും ബാറ്റിങ്ങിലെ ഫോം ഇല്ലായ്മയും എല്ലാം ചർച്ചയാകുമ്പോൾ തന്നെ താരത്തിന്റെ വിക്കറ്റ് കീപ്പിങ്ങിലെ പിഴവുകളെക്കുറിച്ചും വിമർശനം ഉയരുന്നുണ്ട്. പാക്കിസ്ഥാന്റെ മുൻ താരം ഡാനിഷ് കനേരിയയാണ് ഋഷഭ് പന്തിന്റെ വിക്കറ്റ് കീപ്പിങ്ങിനെ വിമർശിച്ച് രംഗത്തെത്തിയത്. അമിതഭാരം കാരണം പന്തിന് അധികം കുനിയാൻ സാധിക്കാത്തത് കീപ്പിങ്ങിനെ ബാധിക്കുന്നു എന്നാണ് കനേരിയയുടെ വിമർശനം.

‘ഋഷഭ് പന്തിന്റെ വിക്കറ്റ് കീപ്പിങ്ങിൽ ഞാൻ ഒരു കാര്യം ശ്രദ്ധിച്ചു. പേസ് ബൗളർ ബോൾ ചെയ്യുമ്പോൾ ഋഷഭ് ഇരിക്കില്ല. വണ്ണമുള്ളതുകൊണ്ട് എഴുന്നേൽക്കാൻ ബുദ്ധിമുട്ടുണ്ടെന്നു തോന്നുന്നു. ഇത് ഋഷഭിന്റെ ഫിറ്റ്‌നസിൽ ആശങ്ക ഉയർത്തുന്നു. അദ്ദേഹം 100 ശതമാനം ഫിറ്റാണോ? എന്നാൽ അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയുടെ കാര്യം പറയുമ്പോൾ, ഹാർദിക്കും കാർത്തിക്കും ഉൾപ്പെടെയുള്ളവർ അദ്ദേഹത്തെ നന്നായി പിന്തുണച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ട്വന്റി20 പരമ്പര നേടുന്ന ആദ്യ ക്യാപ്റ്റനാകാനും പന്തിന് അവസരമുണ്ട്.’– ഡാനിഷ് കനേരിയ ഒരു യൂട്യൂബ് ചാനലിൽ പറഞ്ഞു.

English Summary: 'Pant is overweight. Being bulky doesn't give him much time': Ex-PAK bowler

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com