‘കാറിൽവച്ച് അവർ എന്നെ നഗ്നനാക്കി,മർദിച്ചു’: ദുരനുഭവം വെളിപ്പെടുത്തി സ്റ്റുവർട്ട് മക്ഗിൽ

stuart-macgill-1248
സ്റ്റുവർട്ട് മക്ഗിൽ
SHARE

സിഡ്നി ∙ ‘നമ്മുടെ കടുത്ത ശത്രുവിനു പോലും സംഭവിക്കാൻ ആഗ്രഹിക്കുന്ന കാര്യമല്ല അന്നു നടന്നത്.’ – ഏകദേശം 15 മാസം മുൻപ്, ക്രിക്കറ്റ് ലോത്തെ നടുക്കിയ ഭയാനക സംഭവത്തെക്കുറിച്ച് പറയുമ്പോൾ സ്റ്റുവർട്ട് മക്ഗിലിന്റെ കണ്ണുകളിൽ അപ്പോഴും ഭീതി നിഴലിക്കുന്നുണ്ടായിരുന്നു.

മുൻ ഓസ്ട്രേലിയൻ സ്പിന്നറായ സ്റ്റുവർട്ട് മക്ഗിലിനെ സിഡ്നിക്കു സമീപമുള്ള ക്രെമോണിൽ വച്ച് മൂന്നു പേർ ബലമായി കാറിൽ കയറ്റിക്കൊണ്ടു പോകുകയായിരുന്നു. കാരണമൊന്നുമില്ലാതെ മർദിച്ച അക്രമികൾ, ഒന്നര മണിക്കൂറിനു ശേഷം അദ്ദേഹത്തെ ബെൽമോർ പ്രദേശത്ത് ഇറക്കിവിടുകയും ചെയ്തു. സംഭവശേഷം ഇതാദ്യമായി മക്ഗിൽ തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് തുറന്നുപറയുകയാണ്.

2021 ഏപ്രിൽ 14നാണ് സംഭവം നടന്നത്. തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അവരിൽ ഒരാൾ മക്ഗിലിന്റെ മുൻഭാര്യ മരിയ ഒ മീഗറിന്റെ സഹോദരനാണ്. കേസ് കോടതിയുടെ പരിഗണനയിലായതിനാൽ കൂടുതൽ വിശദാംശങ്ങൾ സ്റ്റുവർട്ട് മക്ഗിൽ, അഭിമുഖത്തിൽ വെളിപ്പെടുത്തിയില്ല.

‘‘നേരം ഇരുട്ടിത്തുടങ്ങിയിരുന്നു, അവർ എന്നെ ഒരു കാറിൽ കയറ്റാൻ ശ്രമിച്ചുകൊണ്ടിരുന്നു. കാറിൽ കയറാൻ താൽപ്പര്യമില്ലെന്ന് അവരോട് രണ്ടു തവണ പറഞ്ഞു. എന്നാൽ അവർ ആയുധധാരികളാണെന്ന് പിന്നീട് വ്യക്തമായി. നിങ്ങൾക്ക് ഇതിൽ പങ്കില്ലെന്നു ഞങ്ങൾക്കറിയാമെന്നും കുറച്ചു നേരം സംസാരിക്കാൻ ആഗ്രഹിക്കുന്നെന്നും അവർ പറഞ്ഞു. അതിനുശേഷം അവർ എന്നെ കാറിൽ കയറ്റി, ഞാൻ ഒന്നര മണിക്കൂർ കാറിൽ ഉണ്ടായിരുന്നു.

അവർ എന്നെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് എനിക്ക് ഒരു ഊഹവുമില്ലായിരുന്നു. അവർ എന്നെ നഗ്നനാക്കി, മർദിച്ചു, ഭീഷണിപ്പെടുത്തി. അതിനുശേഷം എന്നെ ഒരിടത്ത് ഉപേക്ഷിച്ചു. ഞാൻ ഭയപ്പെട്ടു, അപമാനിക്കപ്പെട്ടു. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് എനിക്കറിയില്ലായിരുന്നു. എന്നിട്ട് അവർ എന്നെ തിരികെ കാറിൽ കയറ്റി. ബെൽമോർ പ്രദേശത്ത് ഇറക്കിവിട്ടു. സത്യം പറഞ്ഞാൽ ഞാൻ എവിടെയാണെന്ന് അപ്പോൾ എനിക്കറിയില്ലായിരുന്നു.’’– സ്റ്റുവർട്ട് മക്ഗിൽ പറഞ്ഞു.

പണമൊന്നും ആവശ്യപ്പെടാതെ തന്നെ മക്‌ഗിലിനെ മോചിപ്പിച്ചതായാണ് ന്യൂ സൗത്ത് വെയ്ൽസ് പൊലീസ് പറയുന്നത്. 1998 മുതൽ 2008 വരെ ഓസ്ട്രേലിയയ്ക്കു വേണ്ടി 44 ടെസ്റ്റുകൾ കളിച്ച മക്ഗിൽ 208 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.

English Summary: "Stripped Me Naked, Beat Me Up": Stuart MacGill Opens Up On His Alleged Kidnapping Last Year

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് നിങ്ങൾ കാത്തിരുന്ന സൂപ്പർഹിറ്റ് വീട് | Traditional Kerala Home | Home Tour

MORE VIDEOS
FROM ONMANORAMA