‘ഋഷഭ് പന്ത് ട്വന്റി20 ലോകകപ്പ് കളിക്കുമെന്ന് ഒരു ഉറപ്പുമില്ല; സഞ്ജു ഉൾപ്പെടെ പുറത്തുണ്ട്’

pant-new
ഋഷഭ് പന്തിന്റെ നിരാശ (ചിത്രം- ട്വിറ്റർ).
SHARE

മുംബൈ∙ ഇന്ത്യയെ ആദ്യമായി നയിച്ച പരമ്പരയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ സമനില (2–2) നേടാനായെങ്കിലും ഋഷഭ് പന്ത് ഇന്ത്യയ്ക്കായി ട്വന്റി20 ലോകകപ്പ് കളിക്കുമെന്ന കാര്യത്തിൽ ഒരു ഉറപ്പുമില്ലെന്നു മുൻ ഇന്ത്യൻ പേസർ ആശിഷ് നെഹ്റ. പരമ്പരയിലെ 4 ഇന്നിങ്സിലുമായി 57 റൺസാണു പന്തിന്റെ നേട്ടം. ഇതിൽ 3 തവണ വിക്കറ്റു നഷ്ടമാക്കിയതാകട്ടെ, ഓഫ് സ്റ്റംപിനു വളരെ പുറത്തുകൂടി വന്ന പന്തുകളിൽ ബാറ്റുവയ്ക്കാൻ ശ്രമിച്ചും.

‘ഇന്ത്യയ്ക്കായി ആദ്യ മത്സരം കളിച്ച ദിവസംതന്നെ പന്ത് പ്രശസ്തനാകുമെന്ന കാര്യം നമുക്ക് അറിയാമായിരുന്നു. പ്രകടനം മോശമായതോടെ പിന്നീടു പുറത്തായെങ്കിലും ടീമിലേക്കു മടങ്ങിയെത്തിയതിനു പിന്നാലെ പന്ത് പേരെടുത്തു. പക്ഷേ, ട്വന്റി20 മത്സരങ്ങളിലെ പ്രകടനത്തിന്റെ കണക്കുകൾ പരിശോധിക്കുമ്പോൾ പന്ത് നിരാശനായിരിക്കുമെന്ന് എനിക്ക് ഉറപ്പാണ്’– ‘ക്രിക്ക്ബസ്’ സ്പോർട്സ് പോർട്ടലിനോടു നെഹ്റ പ്രതികരിച്ചു.

‘ഋഷഭ് പന്ത് ഇല്ലാതെ ടീം ഇന്ത്യയ്ക്കു ട്വന്റി20 ക്രിക്കറ്റ് കളിക്കാനാകുമോ എന്നാണു ചോദ്യമെങ്കിൽ, സാധിക്കും, എന്തുകൊണ്ടില്ല എന്നാണ് ഉത്തരം. ട്വന്റി20 ലോകകപ്പിന് ഇനിയും വളരെയേറെ സമയമുണ്ട്. ട്വന്റി20 ലോകകപ്പിൽ പന്ത് നിർ‌ബന്ധമായും കളിക്കുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. ലോകകപ്പിനു മുൻപു പന്തിനു പരുക്കേൽക്കാൻ പോലും സാധ്യതയുണ്ട്. ലോകകപ്പിനു മുൻപ് നമുക്ക് ഒരുപാടു മത്സരങ്ങളും കളിക്കേണ്ടതായുണ്ട്. 10 രാജ്യാന്തര ട്വന്റി20 മത്സരങ്ങൾ പിന്നെ ഏഷ്യ കപ്പ്. ഇതൊക്കെ വരാനുണ്ട്.

3 ഫോർമാറ്റിലും ഇന്ത്യയ്ക്കായി കളിക്കുന്നുണ്ടെന്നതു പന്തിനെ സംബന്ധിച്ചു വളരെ നല്ല കാര്യമാണ്. മറ്റുള്ള താരങ്ങൾക്കെല്ലാം അവസരം ലഭിക്കുന്നത് ട്വന്റി20 മത്സരങ്ങളിൽ മാത്രമാണ്. ലഭിക്കുന്ന ചുരുങ്ങിയ അവസരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ, അവരുടെ കാര്യം കുഴപ്പത്തിലാകുകയും ചെയ്യും. ഇഷാൻ കിഷൻ, ദിനേഷ് കാർത്തിക്, സഞ്ജു സാംസണ്‍ എന്നിവരും നമ്മുടെ പക്കലുണ്ടെന്ന കാര്യം ഓർക്കണം’– നെഹ്റയുടെ വാക്കുകൾ. 

English Summary: 'There's no stamp that says Pant will surely play T20 WC': Nehra suggests 3 alternatives to Rishabh for the World Cup

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA