ADVERTISEMENT

ബെംഗളൂരു∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ നിറംമങ്ങിയ പ്രകടനത്തിനു പിന്നാലെ ട്വന്റി20 ലോകപ്പിനുള്ള ഇന്ത്യൻ ട‍ീമിലെ സ്ഥാനത്തെക്കുറിച്ചു പോലും ചോദ്യങ്ങൾ ഉയരുന്നതിനിടെ  ഋഷഭ് പന്തിനു പിന്തുണയുമായി ഇന്ത്യൻ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ്. ഇന്ത്യൻ ടീമിലെ പന്തിന്റെ റോൾ വളരെ വലുതാണെന്നും ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ പദ്ധതികളിലെ അവിഭാജ്യ ഘടകമാണു പന്തെന്നും ഇന്ത്യ– ദക്ഷിണാഫ്രിക്ക പരമ്പരയ്ക്കു ശേഷമുള്ള മാധ്യമ സമ്മേളനത്തിൽ ദ്രാവിഡ് പറഞ്ഞു.

‘പന്തിന്റെ ഭാഗത്തുനിന്നു ചിന്തിക്കുമ്പോൾ അൽപം കൂടി റൺസ് നേടാൻ സാധിച്ചിരുന്നെങ്കിൽ എന്നു തോന്നിയേക്കാം. പക്ഷേ, അതു പന്തിനെ ആശങ്കപ്പെടുത്തുന്നില്ല. അടുത്ത ചില മാസങ്ങളിലെ നമ്മുടെ പദ്ധതികളിൽ വളരെ വലിയ പങ്കാണു പന്ത് വഹിക്കുന്നത്. കാര്യങ്ങളെ വിമർശന ബുദ്ധിയോടെ നോക്കിക്കാണാൻ ഞാൻ താൽപര്യപ്പെടുന്നില്ല. മധ്യ ഓവറുകളിൽ ആക്രമണോത്സുകത തെല്ലു കുറച്ച് കളിയെ അൽപം കൂടി മുന്നോട്ടുനീക്കാൻ ബാറ്റർമാർക്കു കഴിയണം. രണ്ടോ മൂന്നോ മത്സരങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തലുകൾ നടത്താനാൻ വളരെ ബുദ്ധിമുട്ടാണ്’– ദ്രാവിഡ് പറഞ്ഞു.

ഇക്കഴിഞ്ഞ ഐപിഎൽ സീസണിൽ 158ൽ അധികം സ്ട്രൈക്ക് റേറ്റിൽ ഡൽഹിക്കായി 340 റൺസ് നേടിയ പന്തിന്റെ പ്രകടനത്തെയും ദ്രാവിഡ് ഓർമിപ്പിച്ചു. ‘ബാറ്റിങ് ശരാശരിയുടെ അടിസ്ഥാനത്തിൽ അത്ര മെച്ചമെന്നു തോന്നിക്കില്ലെങ്കിലും സ്ട്രൈക്ക് റേറ്റ് എടുത്തുനോക്കിയാൽ പന്തിന്റെ ഐപിഎൽ സീസൺ മികച്ചതായിരുന്നെന്നു പറയേണ്ടിവരും. ഐപിഎൽ തന്നെ എടുത്തുനോക്കിയാൽ, 3 വർഷത്തിനു മുൻപുവരെ അൽപം കൂടി മെച്ചപ്പെട്ട ബാറ്റിങ് ശരാശരി ആയിരുന്നു പന്തിന്റേത്. രാജ്യാന്തര തലത്തിൽ പന്തിന് ആ പ്രകടനം പുറത്തെടുക്കാൻ കഴിയുമോ എന്നാണു നോക്കുന്നത്.

ആക്രമണോത്സുക ബാറ്റിങ്ങിനിടെ ചിലപ്പൊഴൊക്കെ പന്തിനു പിഴവുകൾ സംഭവിക്കാം. പക്ഷേ, ഇന്ത്യൻ ബാറ്റിങ് നിരയുടെ അവിഭാജ്യ ഘടകമായിത്തന്നെ പന്ത് തുടരും. പന്തിന്റെ കരുത്ത്, ഇടംകയ്യൻ ബാറ്റർ എന്ന നിലയിൽ മധ്യഓവറുകളിൽ പന്തിന്റെ സാന്നിധ്യം എന്നിവ വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. വളരെ മികച്ച ചില ഇന്നിങ്സുകൾ പന്ത് കളിച്ചിട്ടുമുണ്ട്’– ദ്രാവിഡിന്റെ വാക്കുകൾ. 

 

English Summary: Dravid makes massive statement on under-fire Pant's T20 WC chances: 'Don't want to be critical. Sometimes it's hard...'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com