ADVERTISEMENT

ലണ്ടൻ∙ ഐപിഎൽ മെഗാലേലത്തിൽ ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയ താരമാണ് ഇംഗ്ലണ്ട് ഓപ്പണർ ജെയ്സൻ റോയ്. എന്നാൽ മത്സരങ്ങൾ തുടങ്ങുന്നതിനു മുൻപുതന്നെ ‘ബയോബബ്ൾ’ തളർത്തുന്നതായി ചൂണ്ടിക്കാട്ടി റോയ് ഐപിഎല്ലിൽനിന്നു പിന്മാറിയിരുന്നു. കുടുംബത്തിനൊപ്പം കൂടുതൽ സമയം ചെലവിടുന്നതിനായാണു പിന്മാറ്റം എന്നും പിന്നാലെ റോയ് വ്യക്തമാക്കി.  

അധികം വൈകാതെ തന്നെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് 2 രാജ്യാന്തര മത്സരങ്ങളിൽനിന്നു റോയിയെ വിലക്കുകയും ചെയ്തു. ഇതിനുള്ള കാരണം ബോർഡ് ഇതുവരെ വെളിപ്പെടുത്തിയിട്ടുമില്ല. ക്രിക്കറ്റിൽനിന്ന് അൽപനാളത്തെ അവധിയെടുത്തതാണു കൂടുതൽ ഉൻമേഷത്തോടെ കളിക്കളത്തിലേക്കു തിരിച്ചെത്താൻ സഹായകമായതെന്നു റോയ് പ്രതികരിച്ചു.

ഐപിഎല്ലിൽനിന്നുള്ള പിന്മാറ്റത്തിനു മുൻപ് പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ ക്വേറ്റ ഗ്ലാഡിയേറ്റേഴ്സിനായി കിടിലൻ പ്രകടനമാണു റോയ് പുറത്തെടുത്തത്. 6 കളിയിൽ 50.50 ശരാശരിയിലും 170.22 സ്ട്രൈക്ക് റേറ്റിലുമായി 303 റൺസാണു റോയ് അടിച്ചുകൂട്ടിയത്. എന്നാൽ ഉജ്വല പ്രകടനത്തിനിടെയും തന്റെ മാനസികനില അത്ര മികച്ചതായിരുന്നില്ലെന്നു സ്കൈസ്പോർട്സ്.കോമിനോടു റോയ് വെളിപ്പെടുത്തി. 

‘പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ കളിക്കുമ്പോൾ എന്റെ മാനസികനില അത്ര മികച്ചതായിരുന്നില്ല. നന്നായി കളിച്ചിരുന്നെങ്കിലും സങ്കീർണതകൾ നിറഞ്ഞ സ്ഥലത്തായിരുന്നു ഞാൻ എന്നതിനാൽ ഒന്നും ആസ്വദിക്കാൻ കഴിഞ്ഞിരുന്നില്ല. ഞാൻ ഒട്ടും സന്തോഷിച്ചിരുന്നില്ല. ജീവിതത്തിലെ കറുത്ത അധ്യായമായിരുന്നു അത്. എങ്ങനെയെങ്കിലും വീട്ടിലെത്തണം. കുടുംബത്തിനൊപ്പം 2 മാസമെങ്കിലും കഴിയണം. ഇതായിരുന്നു മനസ്സിൽ.

വീട്ടിൽനിന്നു മാറി നിൽക്കാൻ തുടങ്ങിയിട്ട് ഒരുപാടു നാളുകളായിരുന്നു. 50 ദിവസത്തിലധികം നീളുന്ന ഹോട്ടൽ ക്വാറന്റീൻ. ഇതെല്ലാം എന്നെ തളർത്തി. കുടുംബത്തോടൊപ്പം സമയം ചെലവിടുന്നതിനായാണ് ഞാൻ ഐപിഎല്ലിൽനിന്ന് അവധിയെടുത്തത്. അതുകൊണ്ടാണു കൂടുതൽ ഉൻമേഷത്തോടെ ഇപ്പോൾ കളിക്കളത്തിലേക്കു തിരിച്ചുവരാനായതും’– റോയ് പറഞ്ഞു.

നെതർലൻഡ്സിനെതിരെ നടക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിലേക്കു മടങ്ങിയെത്തിയ റോയ് മികച്ച ബാറ്റിങ് ഫോം തുടരുകയാണ്. ഇംഗ്ലണ്ട് റെക്കോർഡ് സ്കോറായ 498 റൺസ് നേടിയ ആദ്യ മത്സരത്തിൽ ഒരു റണ്ണിനു പുറത്തായെങ്കിലും പരമ്പരയിലെ 2–ാം മത്സരത്തിൽ റോയ് 60 പന്തിൽ 73 റൺസെടുത്തിരുന്നു. 

 

English Summary: "Was A Dark Time": England Star Jason Roy Says Things "Mentally Weren't Right With Me At PSL"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com