‘ആദ്യം ബാറ്റർ എന്ന നിലയിൽ പന്ത് പക്വത കാട്ടട്ടെ; ക്യാപ്റ്റനാക്കുന്നതൊക്കെ പിന്നെ നോക്കാം’

rishabh-pant-19
ഋഷഭ് പന്ത്
SHARE

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി നായകനെന്ന് ഒരു വിഭാഗം ക്രിക്കറ്റ് വിദഗ്ധർ വിലയിരുത്തുന്ന ഋഷഭ് പന്ത് ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ടെന്ന അഭിപ്രായപ്രകടനവുമായി ബിസിസിഐ മുൻ സിലക്ടറും പരിശീലകനുമായ മദൻ ലാൽ. പന്തിനെ ഇന്ത്യൻ ട്വന്റി20 ടീമിന്റെ താൽക്കാലിക ക്യാപ്റ്റനായി അവരോധിച്ച നടപടിയെയും, ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന മദൻ ലാൽ ശക്തമായി വിമർശിച്ചു. ആദ്യം ബാറ്റർ എന്ന നിലയിൽ പന്ത് പക്വത കാട്ടട്ടെയെന്നും നായകനാകുന്ന കാര്യമൊക്കെ പിന്നീടു നോക്കിയാൽ മതിയെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം. 

‘എനിക്കു കഴിയുമായിരുന്നു എങ്കിൽ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുന്നതിൽനിന്നു ഞാൻ പന്തിനെ തടഞ്ഞേനെ. ഞാനും ഒരിക്കലും ഇതിനു സമ്മതിക്കുകയുമില്ലായിരുന്നു. കാരണം പന്തിനെപ്പോലെ ഒരു താരത്തിനു പിന്നീട് ഒരു ഘട്ടത്തിൽ മാത്രമേ ഇത്തരത്തിൽ ഒരു ഉത്തരവാദിത്തം നൽകാമായിരുന്നുള്ളു. ഇന്ത്യൻ ക്യാപ്റ്റനാകുക എന്നതു വളരെ വലിയ കാര്യം തന്നെയാണ്. പന്ത് ചെറുപ്പമാണ്. 

അടുത്തകാലത്തൊന്നും പന്ത് മറ്റെവിടേക്കും പോകാനും പോകുന്നില്ല. എത്ര മത്സരങ്ങൾ കൂടുതൽ കളിക്കുന്നോ, പന്തിന്റെ പക്വത അത്രയും വർധിക്കും’– മദൻലാൽ പറഞ്ഞു. ഋഷഭ് പന്തിന്റെ ക്യാപ്റ്റൻസിയെ എം.എസ്. ധോണിയുമായും വിരാട് കോലിയുമായുമാണു മദൻ ലാൽ താരതമ്യം ചെയ്തത്. ബാറ്റിങ്ങിലും അതോടൊപ്പം ക്യാപ്റ്റൻസിയിലും കൂടുതൽ പക്വത കൈവരിക്കാൻ പന്തിന് ഏറ്റവും കുറഞ്ഞത് 2 വർഷം എങ്കിലും ആവശ്യമാണെന്നും ഇതിനു ശേഷമേ പന്തിനെ ക്യാപ്റ്റൻ സ്ഥാനത്തേക്കു പരിഗണിക്കുക പോലും ചെയ്യാവൂ എന്നുമാണു മദൻലാലിന്റെ അഭിപ്രായം.

‘അടുത്ത 2 വർഷത്തിനുള്ളിൽ തന്റെ കളിയെ മറ്റൊരു തലത്തിലേക്കു കൊണ്ടുചെന്നെത്തിക്കാൻ പന്തിനു കഴിഞ്ഞാൽ പന്തിനു കഴിഞ്ഞാൽ, മികച്ച ഒരു ക്യാപ്റ്റനാകാനും പന്തിനു കഴിയും. കാര്യങ്ങളെ കൂടുതൽ പക്വതയോടെ സമീപിക്കണം. എം.എസ്. ധോണി വളരെ ശാന്തനായിരുന്നു. അതാണു ക്യാപ്റ്റൻസിയിൽ ധോണിയെ ഏറ്റവും അധികം തുണച്ചതും. വിരാട് കോലി മികച്ച ഒരു ബാറ്ററാണ്. പന്ത് വമ്പൻ ഷോട്ടുകൾക്കു മുതിരരുതെന്നോ തകർത്തടിക്കരുതെന്നോ ഞാൻ പറയുന്നില്ല. പക്ഷേ, അൽപം കൂടി പക്വതയോടെ കളിക്കാൻ പന്തിനു കഴിഞ്ഞാൽ അതു വളരെ വലിയൊരു കാര്യമായിരിക്കും’– മദന്‍ലാലിന്റെ വാക്കുകൾ.  

English Summary: 'I would have stopped Rishabh from becoming captain. Wouldn't have allowed it': Ex-BCCI selector's harsh verdict on Pant

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA