ADVERTISEMENT

കൊളംബോ∙ ശ്രീലങ്കൻ ജനതയിലെ വലിയൊരു വിഭാഗം ഇന്നലെ (ചൊവ്വ) രാത്രി മനസ്സുനിറഞ്ഞു ചിരിച്ചിരിക്കും. പണപ്പെരുപ്പവും സാമ്പത്തിക പ്രതിസന്ധിയും തകർത്തെറിഞ്ഞ നാടിന് അത്ര ചെറുതല്ലാത്ത ഒരു ആഘോഷത്തിനു വക നൽകിയതിന്റെ ചാരിതാർഥ്യത്തിലാകും ശ്രീലങ്കൻ ക്രിക്കറ്റ് ടീമിലെ ഓരോ താരവും. ആവേശം അവസാന പന്തു വരെ നീണ്ട പോരാട്ടത്തിനൊടുവിൽ ഓസ്ട്രേലിയയെ ശ്രീലങ്ക തറപറ്റിച്ചപ്പോൾ പ്രേമദാസ സ്റ്റേഡിയത്തിലെ ചരിത്രജയത്തിനു സാക്ഷികളായ ആയിരക്കണക്കിന് ആരാധകരും ടിവിയിൽ തത്സമയം കളികണ്ട ലക്ഷക്കണക്കിനു ശ്രീലങ്കക്കാരും തെല്ലിട നേരത്തേക്കെങ്കിലും തങ്ങളുടെ സങ്കടം മറന്നിരിക്കുമെന്നുറപ്പ്!

ഏകദിന പരമ്പരയിലെ 4–ാം മത്സരത്തിൽ 4 റൺസിനായിരുന്നു ലങ്കൻ ജയം. ജയത്തോടെ, ഒരു മത്സരം ബാക്കിനിൽക്കെത്തന്നെ ഏകദിന പരമ്പര സ്വന്തമാക്കാനും (3–1) ലങ്കയ്ക്കായി. നാട്ടിൽ നടക്കുന്ന ദ്വിരാഷ്ട്ര പരമ്പരയിൽ 30 വർഷങ്ങൾക്കു ശേഷമാണ് ശ്രീലങ്ക ഓസ്ട്രേലിയയെ കീഴടക്കുന്നത്. 1992 ലായിരുന്നു ഇതിനു മുൻപുള്ള പരമ്പര നേട്ടം.

3–ാം ഏകദിനത്തിൽ ഓസീസ് ഉയർത്തിയ 292 റൺസ് വിജയലക്ഷ്യം ‘പുഷ്പം പോലെ’ അടിച്ചെടുത്ത അതേ വേദിയിൽ പ്രതീക്ഷകളുടെ മകുടിയിലേറിയാണ് ലങ്ക ചൊവ്വാഴ്ച ഇറങ്ങിയത്.

ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ ആതിഥേയരുടെ സ്കോർനില 10 ഓവർ പിന്നിടുമ്പോൾ 34–3. പിന്നീടു 4–ാം വിക്കറ്റിൽ ചാരിത് അസ്സലങ്ക– ധനഞ്ജയ ഡിസിൽവ സഖ്യം ചേർത്ത 101 റൺസാണു ലങ്കൻ ഇന്നിങ്സിന്റെ നട്ടെല്ലായത്. അസ്സലങ്ക (106 പന്തിൽ 10 ഫോറും ഒരു സിക്സും അടക്കം 110) ഏകദിനത്തിലെ കന്നി സെഞ്ചറി കുറിച്ചപ്പോൾ ധനഞ്ജയ ഡിസിൽവ 61 റൺസ് എടുത്തു. മറ്റു ബാറ്റർമാർ നിറം മങ്ങിയെങ്കിലും ഓൾ ഔട്ടാകുന്നതിനു മുൻപു സ്കോർബോർഡിൽ 258 എന്ന മോശമല്ലാത്ത ടോട്ടൽ എത്തിക്കാൻ ലങ്കയ്ക്കു കഴിഞ്ഞു.

2 വിക്കറ്റ് വീതം വീഴ്ത്തിയ മിച്ചെൽ മാർഷ്, പാറ്റ് കമ്മിൻസ്, മാത്യു കുന്നേമാൻ എന്നിവരാണു ഓസീസിനായി ബോളിങ്ങിൽ തിളങ്ങിയത്. മറുപടി ബാറ്റിങ്ങിൽ നങ്കൂരമിട്ടു കളിച്ച ഡേവിഡ് വാർണറിലായിരുന്നു ഓസീസിന്റെ സകല പ്രതീക്ഷയും. ക്യാപ്റ്റൻ ആരോൺ ഫിഞ്ച് (0), മിച്ചെൽ മാർഷ് (26), മാർന്നസ് ലബുഷെയ്ൻ (14), അലെക്സ് കാരെ (19), ട്രാവിസ് ഹെഡ് (27) ഗ്ലെൻ മാക്സ്‌വെൽ (1) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റർമാരുടെ പ്രകടനം. 

സെഞ്ചറിക്ക് ഒരു റൺസ് അകലെ (112 പന്തിൽ 10 ഫോർ അടക്കം 99) വാർണർ വീണത് മത്സരത്തിലെ വഴിത്തിരിവായി. ധനഞ്ജയ ഡിസിൽവയെ കയറി അടിക്കാനുള്ള ശ്രമത്തിനിടെ കീപ്പർ നിരോഷൻ ഡിക്ക്‌വെല്ല വാർണറുടെ ബെയ്ൽസിളക്കി. 

പിന്നീട് കാമറോൺ ഗ്രീൻ (25 പന്തിൽ 13), പാറ്റ് കമ്മിൻസ് (43 പന്തിൽ 35) എന്നിവർ ഓസീസിന്റെ ആയുസ്സു നീട്ടിയെടുത്തു.

ക്യാപ്റ്റൻ ദസൂൻ ശാനക എറിഞ്ഞ അവസാന ഓവറിൽ 19 റൺസാണ് ഓസീസിനു വേണ്ടിയിരുന്നത്. ആദ്യ 5 പന്തിൽത്തന്നെ 3 ഫോർ അടക്കം 14 റൺസ് അടിച്ചെടുത്ത കുന്നേമാന്‍ ലങ്കയെ വിറപ്പിച്ചുകളഞ്ഞതാണ്. 49 ഓവർ‌ നീണ്ട കഠിനാധ്വാനം പാഴായിപ്പോകുമോയെന്ന് ആശങ്കപ്പെട്ടിരുന്ന ആരാധകർ അവസാന പന്തിൽ ശാനക കുന്നേമാനെ പുറത്താക്കിയതോടെ നെടുവീർപ്പിട്ടു, പിന്നെ ആഘോഷത്തിലേക്കും വഴിമാറി. ലങ്കയ്ക്കായി ചാമിക കരുണരത്നെ, ധനഞ്ജയ ഡിസിൽവ, ജഫ്രി വാൻഡർസായ് എന്നിവർ 2 വിക്കറ്റ് വീതവും മഹീഷ് തീക്ഷന, വാനിന്ദു ഹസരങ്ക, ദുനിത് വെല്ലലഗെ, ദാസൂൻ ശാനക എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

വേഗം കുറഞ്ഞ വിക്കറ്റിൽ 43 ഓവറുകൾ ബോൾ ചെയ്ത സ്പിന്നർമാരാണു ലങ്കയുടെ വിജയശിൽപികൾ. പേസർമാരായ കരുണരത്നെ 5 ഓവർ ബോൾ ചെയ്തപ്പോൾ ക്യാപ്റ്റൻ ശാനക എറിഞ്ഞത് 2 ഓവർ മാത്രം. ചെന്നൈ സൂപ്പർ കിങ്സ് താരം മഹീഷ് തീക്ഷനയാണ് കരുണരത്നെയ്ക്കൊപ്പം ബോളിങ് ഓപ്പൺ ചെയ്തത്. ആവേശജയത്തിനു പിന്നാലെ സമൂഹ മാധ്യമങ്ങളിലെ ആഘോഷം പൊടിപൊടിക്കുകയാണു ലങ്കൻ ആരാധകർ. മത്സരവും പരമ്പര നേട്ടവും കണ്ട് ഹൃദയാഘാതം പോലും ഉണ്ടായതായി തോന്നിയെന്നാണു ചില ആരാധകർ ട്വിറ്ററിൽ കുറിച്ചത്. 

 

English Summary: "I think I literally got a heart attack while watching that match" - Twitter explodes as Sri Lanka register a series win over Australia in last-ball thriller 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com