ADVERTISEMENT

പത്തനംതിട്ട ∙ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ ചൊവ്വാഴ്ച വൈകിട്ട് ട്വിറ്ററിൽ ഒരു ചിത്രം പോസ്റ്റു ചെയ്തു. ഇങ്ങനെയൊരു അടിക്കുറിപ്പും: ‘ബ്രദർ കെ.എം. ജോസഫിനെ സന്ദർശിച്ചു. എന്റെ സ്കൂൾ കാലത്തെ ക്രിക്കറ്റ് മെന്ററായിരുന്നു അദ്ദേഹം.’ 

തന്റെ മാർഗനിർദേശകനെന്ന് അസ്ഹർ വിശേഷിപ്പിച്ച ബ്രദർ കെ.എം. ജോസഫ് മലയാളിയാണ്. ഇപ്പോൾ ഹൈദരാബാദ് സെന്റ് പോൾസ് ഹൈസ്കൂളിന്റെ ഡയറക്ടറാണ് കോട്ടയം ജില്ലയിലെ പാലാ സ്വദേശിയായ ആ സന്യസ്തൻ.  മുൻപ് അസ്ഹറുദ്ദീൻ പഠിച്ച ഹൈദരാബാദ് ഓൾ സെയ്ന്റ്സ് ഹൈസ്കൂളിലെ അധ്യാപകനും ക്രിക്കറ്റ് പരിശീലകനുമായിരുന്നു അദ്ദേഹം. 

‘കുട്ടികളുടെ ഉച്ചസമയത്തെ ക്രിക്കറ്റ് കളിക്കിടയിൽ നിന്നാണ് അസ്ഹറിന്റെ പ്രതിഭ ഞാൻ തിരിച്ചറിഞ്ഞത്. ഒരു 5–ാം ക്ലാസ്സുകാരനേക്കാൾ പതിന്മടങ്ങ് മികവോടെയായിരുന്നു അന്നത്തെ പ്രകടനം. അന്നു തുടങ്ങിയ ആത്മബന്ധം ഇപ്പോഴും തുടരുന്നു. ഞാൻ ഹൈദരാബാദിൽ എത്തിയതറിഞ്ഞ് കഴിഞ്ഞ ദിവസം എന്നെ കാണാൻ അദ്ദേഹം ഇവിടെ എത്തിയിരുന്നു. അന്നത്തെ ചിത്രമാണ് അസ്ഹർ ട്വീറ്റ് ചെയ്തിരിക്കുന്നത്. – ബ്രദർ കെ.എം. ജോസഫ് പറഞ്ഞു. 

അസ്ഹറുദ്ദീനു പുറമേ മുൻ ഇന്ത്യൻ താരങ്ങളായ വെങ്കിടപതി രാജു, അർഷദ് അയൂബ് തുടങ്ങിവയരും ബ്രദർ കെ.എം. ജോസഫിന്റെ പരിശീലനത്തിൽ കളിച്ചുവളർന്നവരാണ്. വിവിഎസ് ലക്ഷ്മണും പലപ്പോഴും ഇദ്ദേഹത്തിന്റെ വിദ്യാർഥികൾക്കൊപ്പം കളത്തിലിറങ്ങിയിട്ടുണ്ട്. 

റോം ആസ്ഥാനമായുള്ള മൗണ്ട് ഫോർട് ബ്രദേഴ്സ് ഓഫ് സെന്റ് ഗബ്രിയേൽ എന്ന സന്യസ്ത സഭാംഗമാണ് ബ്രദർ കെ.എം. ജോസഫ്. വത്തിക്കാൻ ഒഫീഷ്യൽ ക്രിക്കറ്റ് ടീം സ്ഥാപക സംഘാംഗമാണ്. ടീമിന്റെ പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. 

പ്രായം 73 പിന്നിട്ടെങ്കിലും ഇപ്പോഴും ക്രിക്കറ്റ് കളിക്കാനും കളി പരിശീലിപ്പിക്കാനും ഇഷ്ടപ്പെടുന്ന ഇദ്ദേഹം ഹൈദരാബാദിലെ സെന്റ് പോൾസ് ഹൈസ്കൂളിൽ പുതിയ ക്രിക്കറ്റ് അക്കാദമിക്കു തുടക്കം കുറിക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോൾ.  മാതാപിതാക്കളുടെ കാലശേഷം സഹോദരങ്ങളായ സി.എം. തോമസ് (വെച്ചൂച്ചിറ, പത്തനംതിട്ട), കെ.എം. മാത്യു (മൂവാറ്റുപുഴ) എന്നിവരെ ചുറ്റിപ്പറ്റിയാണ് അദ്ദേഹത്തിന്റെ നാട്ടിലെ വേരുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com