ADVERTISEMENT

കിങ്സ്റ്റൻ∙ ട്വന്റി20 ക്രിക്കറ്റിന് ആവേശം അത്ര പോരെന്ന തോന്നലിലാണു ക്രിക്കറ്റ് വെസ്റ്റ്ഇൻഡീസ് എന്നു തോന്നുന്നു. ഒട്ടേറെ വൈവിധ്യങ്ങളും ഏറെ ‘ട്വിസ്റ്റുകളും’ ഒളി‍ഞ്ഞിരിക്കുന്ന തട്ടുപൊളിപ്പൻ ടി10 ലീഗിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുകയാണ് അവർ ഇപ്പോൾ. ‘6ഇറ്റി’ എന്നാണു പുതിയ ലീഗിന്റെ പേര്. ഓഗസ്റ്റ് 24 മുതൽ 28 വരെ സെന്റ് കിറ്റ്സ് ആൻഡ് നെവിസിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ലീഗിന്റെ ബ്രാൻഡ് അംബാസഡർ ആരെന്ന് അറിയേണ്ടേ? യൂണിവേഴ്സ് ബോസ് ക്രിസ് ഗെയ്ൽ! 

കരീബിയൻ പ്രീമിയർ ലീഗിന്റെ ഔദ്യോഗിക ഹാൻഡിലിൽ‌നിന്നുള്ള ട്വീറ്റിലെ വിവരങ്ങൾ പ്രകാരം 6 പുരുഷ ടീമുകളും 3 വനിതാ ടീമുകളും പ്രഥമ സീസണിൽ ലീഗിന്റെ ഭാഗമാകും. സെന്റ് ലൂസിയ കിങ്സ്, ഗയാന ആമസോൺ വോറിയേഴ്സ്, ബാർബഡോസ് റോയൽസ്, ട്രിൻബാഗോ നൈറ്റ് റൈഡേഴ്സ്, ജമൈക്ക തല്ലവാസ്, സെന്റ് കിറ്റ്സ് ആൻഡ് നെവിസ് പാട്രിയറ്റ്സ് എന്നിവടയാണു പുരുഷ ടീമുകൾ.

ഔദ്യോഗിക പ്രഖ്യാപനത്തിനു പിന്നാലെ ലീഗിലെ നിയമാവലികളും ഇഎസ്പിഎൻ ക്രിക്ക്ഇൻഫോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു. പരമ്പരാഗത ക്രിക്കറ്റ് മത്സരങ്ങളിൽ ബാറ്റിങ് ടീമിന് 10 വിക്കറ്റുകൾ ഉണ്ടെങ്കിൽ 6ഇറ്റിയിൽ ഒരു ടീമിന് 6 വിക്കറ്റുകളേ ഉണ്ടാകൂ. 2 ഓവറായിരിക്കും നിർബന്ധിത പവർപ്ലേ. 

എന്നാൽ ആദ്യ 2 ഓവറിനിടെ 2 സിക്സർ നേടിയാൽ, 3–ാം ഓവർ പവർപ്ലേയും ബാറ്റിങ് ടീമിന് അൺലോക്ക് ചെയ്യാം. 

5 ഓവർ ബോൾ ചെയ്തതിനു ശേഷം മാത്രമേ വിക്കറ്റ് എൻഡുകൾ മാറ്റാനാകൂ. 45 മിനിറ്റിനിടെ 10 ഓവർ ബോൾ ചെയ്തു പൂർത്തിയാക്കാനായില്ലെങ്കിൽ, ബോളിങ് ടീമിന് അവസാന ഓവറിൽ ഒരു ഫീൽഡറെ നഷ്ടമാകും. ആരാധകരുടെ വോട്ടിങ്ങിലൂടെ ലഭിക്കുന്ന ‘മിസ്ട്രി ഫ്രീ ഹിറ്റാ’ണ് ലീഗിന്റെ മറ്റൊരു പ്രത്യേകത. ഔദ്യോഗിക വെബ്സൈറ്റിലൂടെയും ആപ്പിലൂടെയും ആരാധകർക്കു വോട്ടുചെയ്യാൻ അവസരം നൽകും.

അതേ സമയം, പ്രഖ്യാപനത്തിനു പിന്നാലെതന്നെ ടൂർണമെന്റിനെച്ചൊല്ലി ആരാധകർ രണ്ടു തട്ടിലായിക്കഴിഞ്ഞു. പുതിയ ലീഗ് ഏറെ രസകരമെന്നും വിഡിയോ ഗെയിം പോലെ തോന്നുന്നെന്നുമാണ് ഒരു വിഭാഗം ആരാധകരുടെ പക്ഷം. എന്നാൽ പണം മാത്രം ലക്ഷ്യമിട്ടുള്ള ഇത്തരം ടൂർ‌ണമെന്റുകൾ ക്രിക്കറ്റിനെ നശിപ്പിക്കുമെന്നാണു മറുവിഭാഗത്തിന്റെ ആരോപണം. 

 

English Summary: CWI and CPL launch new T10 tournament named '6ixty'; teams to play 60 balls with 6 wickets  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com