‘പാക്കിസ്ഥാൻ ടീമിൽ സിലക്ടർമാരുടെ തന്നിഷ്ടം; റമീസ് രാജ ഇതൊന്നും അറിയുന്നില്ലേ’?

pakistan-cricket-team
പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം (ഫയൽ ചിത്രം).
SHARE

ഇസ്‌ലാമാബാദ്∙ അടുത്ത മാസം നടക്കുന്ന ശ്രീലങ്കൻ പരമ്പരയ്ക്കുള്ള പാക്കിസ്ഥാൻ ടീം പ്രഖ്യാപനത്തിനു പിന്നാലെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ആഞ്ഞടിച്ച് മുൻ പാക്കിസ്ഥാൻ സ്പിന്നർ ഡാനിഷ് കനേരിയ. ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം ലെഗ് സ്പിന്നർ യാസിർ ഷാ ടെസ്റ്റ് ടീമിലേക്കു മടങ്ങിയെത്തിയപ്പോൾ ഓസീസിനെതിരെ അടുത്തിടെ നാട്ടിൽ നടന്ന പരമ്പര കളിച്ച ഓഫ് സ്പിന്നർ സാജിദ് ഖാൻ ടീമിനു പുറത്തായിരുന്നു. 

പാക്കിസ്ഥാൻ സിലക്‌ഷൻ കമ്മിറ്റിയുടെ പെരുമാറ്റം പക്ഷപാതപരമാണെന്നും ഒരു വിഭാഗം താരങ്ങൾക്കു മാത്രമാണു അവർ എല്ലായ്പ്പൊഴും പിന്തുണ നൽകുന്നതെന്നും 2000–2010 കാലഘട്ടത്തിൽ പാക്കിസ്ഥാൻ താരമായിരുന്ന കനേരിയ യുട്യൂബ് ചാനലിലൂടെ അഭിപ്രായപ്പെട്ടു.

‘എന്തിന്റെ അടിസ്ഥാനത്തിലാണു സിലക്ടർമാർ ടീം തിരഞ്ഞെടുപ്പു നടത്തിയതെന്നു മനസ്സിലാകുന്നില്ല. സിലക്ടർമാർ ഒരിക്കലും മെച്ചപ്പെടില്ലെന്നും ടീം തിരഞ്ഞെടുപ്പു നടത്തുമ്പോൾ താരങ്ങളെക്കുറിച്ച് അവർ ആലോചിക്കില്ലെന്നുമാണു തോന്നുന്നത്. ഈ ടീമിന് റമീസ് രാജ എങ്ങനെ അംഗീകാരം നൽകി എന്നും എനിക്ക് അറിയില്ല. നാട്ടിൽ നടന്ന ടെസ്റ്റ് പരമ്പര ഓസീസിനോടു തോറ്റ ടീമിൽ അഴിച്ചുപണി നടത്തേണ്ടതല്ലേ? 

ഓസീസിനെതിരായ പരമ്പരയിലെ എല്ലാ മത്സരവും കളിച്ചയാളാണ് ഓഫ് സ്പിന്നർ സാജിദ് ഖാൻ. ഓസീസ് ബാറ്റർമാർക്കെതിരെ പന്തെറിയാൽ പാക്കിസ്ഥാൻ യാസിർ ഷായ്ക്ക് അവസരം നൽകിയില്ല. ഇപ്പോൾ സാജിദിനെ പുറത്താക്കുകയും ചെയ്തു. സാജിദിനോട് അവർ കാട്ടിയത് അനീതിയാണ്. ഉസ്മാൻ ഖാദിർ, സാഹിദ് മെഹ്മൂദ് എന്നിവരെയും യാതൊരു കാരണവുമില്ലാതെ പുറത്താക്കി. ബാബർ അസമോ മുഹമ്മദ് വസീമോ ടീം തിരഞ്ഞെടുപ്പിലൂടെ സുഹൃത്തുക്കളെ സഹായിക്കുകയാണോയെന്നു മനസ്സിലാകുന്നില്ല.

സർഫ്രാസിനെ ടെസ്റ്റ് ടീമിൽ എടുത്തിട്ടുണ്ട്. മുഹമ്മദ് റിസ്വാൻ ടീമിലുള്ളപ്പോൾ സർഫ്രാസിനു പ്ലേയിങ് ഇലവനിൽ സ്ഥാനം കിട്ടില്ല. സർഫ്രാസിനു പകരം ഒരു യുവതാരത്തെ ടീമിലെടുക്കേണ്ടതായിരുന്നു. ടെസ്റ്റ് ടീമിൽ ഹാരിസ് റൗഫിനെക്കാൾ സ്ഥാനം അർഹിക്കുന്നതു ഷാനവാസ് ദാഹിനി ആയിരുന്നു. റൗഫിനെ ട്വന്റി20 ഫോർമാറ്റിനായി കരുതി വയ്ക്കാമായിരുന്നു. ഇത്തരം തീരുമാനങ്ങൾ കൈക്കൊണ്ടു പാക്കിസ്ഥാൻ ക്രിക്കറ്റിനെ തകർക്കുന്ന സിലക്ടർമാര്‍ക്കെതിരെ ആരും ചോദ്യങ്ങൾ ഉയർത്തുന്നില്ല. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയ ഇമ്രാൻ ബട്ടിനെയും ഗുലാമിനെയും പോലുള്ള താരങ്ങൾ എവിടെ? 

ഭാവിയെക്കരുതിയുള്ള ടീമിനെയാണു പാക്കിസ്ഥാൻ കെട്ടിപ്പടുക്കേണ്ടത്. എന്നാൽ ഇപ്പോഴത്തെ സിലക്‌ഷൻ കമ്മിറ്റിയുടെ ശ്രദ്ധ ഇഷ്ടക്കാരെ കുത്തിനിറയ്ക്കുന്നതിലാണ്. സമ്മാനങ്ങളും മറ്റും നൽകി സിലക്ടർമാരെ സന്തോഷിപ്പിക്കുന്നവർക്ക് ടീമിൽ ഇടം ലഭിക്കുന്നു. കഠിനാധ്വാനം ചെയ്യുന്ന, സത്യസന്ധരായ താരങ്ങളോടു കടുത്ത അനീതിയാണു കാട്ടുന്നത്’– കനേരിയയുടെ വാക്കുകൾ. 

English Summary: 'Players who offer gifts are picked by selectors. Hardworking ones are treated unfairly': Ex-PAK star's major revelation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS