ADVERTISEMENT

തിരുനെൽവേലി∙ നാടകീയ രംഗങ്ങളോടെ തമിഴ്‌നാട് പ്രീമിയർ ലീഗിന്റെ (ടിഎൻപിഎൽ) ആറാം പതിപ്പിന് തുടക്കം. വ്യാഴാഴ്ച രാത്രി, നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പർ ഗില്ലീസും (സിഎസ്ജി) നെല്ലൈ റോയൽ കിങ്‌സും (എൻആർകെ) തമ്മിലായിരുന്നു ആദ്യ മത്സരം. സൂപ്പർ ഓവറിലേക്കു നീണ്ട മത്സരത്തിൽ വിജയം എൻആർകെയ്ക്കൊപ്പമായിരുന്നു.

ടോസ് ലഭിച്ച സിഎസ്ജി, ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ലക്ഷ്മേഷ സൂര്യപ്രകാശ് (62), സഞ്ജയ് യാദവ് (87*) എന്നിവരുടെ ബാറ്റിങ് മികവിൽ എൻആർകെ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ, സൂപ്പർ ഗില്ലീസ് ക്യാപ്റ്റൻ കൗശിക് ഗാന്ധി (64) ആണ് ടീമിന്റെ ടോപ് സ്കോറർ. എസ്. ഹരീഷ് കുമാർ (12 പന്തിൽ 26*) അവസാന ഓവറുകളിൽ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും, വിജയം എത്തിപ്പിടിക്കാനായില്ല.

അവസാന ഓവറിൽ അഞ്ച് റൺസായിരുന്നു ഗില്ലീസിനു വേണ്ടിയിരുന്നത്. എന്നാൽ അതിശയരാജ് ഡേവിഡ്‌സണ്‍ എറിഞ്ഞ ഓവറിൽ നാല് റൺസെടുക്കാനെ ഹരീഷിനു സാധിച്ചുള്ളൂ. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത സിഎസ്ജി ഉയർത്തി 10 റൺസ് വിജയലക്ഷ്യം എൻആർകെ അഞ്ചാം പന്തിൽ മറികടക്കുകയായിരുന്നു.

തിരുനെൽവേലിയിൽ നടന്ന മത്സരത്തിൽ, സൂപ്പർ ഓവർ മാത്രമായിരുന്നില്ല നാടകീയത. മറുപടി ബാറ്റങ്ങിൽ, സിഎസ്‌ജി വിക്കറ്റ് കീപ്പർ-ബാറ്ററും തമിഴ്‌നാട് സീനിയർ താരവുമായ നാരായൺ ജഗദീശനെ ബാബ അപരാജിത് ‘മങ്കാദിങ്ങിലൂടെ’ പുറത്താക്കിയത് കളിക്കളത്തിൽ രോഷപ്രകടനത്തിന് കാരണമായി. മത്സരത്തിന്റെ നാലാം ഓവറിലായിരുന്നു സംഭവം. 15 പന്തിൽ 25 റൺസുമായി മികച്ച ഫോമിലായിരുന്നു ജഗദീശൻ.

എന്നാൽ നാലാം പന്ത് എറിയാനെത്തിയ അപരാജിത്, റോൺ സ്ട്രൈക്കേഴ്സ് എൻഡിൽ നിന്ന ജഗദീശനെ മങ്കാദിങ് ചെയ്യുകയായിരുന്നു. പന്തെറിയാൻ വരുന്ന ബോളർ പന്ത് റിലീസ് ചെയ്യുന്നതിനു മുൻപു നോൺ സ്ട്രൈക്കേഴ്സ് എൻഡിലെ ബാറ്റർ ക്രീസ് വിട്ടിറങ്ങിയാൽ അയാളെ ബോളർ റണ്ണൗട്ടാക്കുന്നതിനാണു മങ്കാദിങ് എന്നു പറയുന്നത്.

പ്രകോപിതനായ ജഗദീശൻ ഡഗൗട്ടിലേക്ക് മടങ്ങവേ, എൻആർകെ താരങ്ങൾക്കു നേരേ അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്തു. ആദ്യം ഗ്ലൗസോടു കൂടിയും പിന്നീട് ഗ്ലൗസ് മാറ്റിയശേഷവും ജഗദീശൻ ആംഗ്യം തുടർന്നു. തമിഴ്നാടിനായി 26 ഫസ്റ്റ് ക്ലാസ്, 36 ലിസ്റ്റ് എ, 45 ട്വന്റി20 മത്സരങ്ങൾ എന്നിവ ജഗദീശൻ കളിച്ചിട്ടുണ്ട്. അശ്ലീല ആംഗ്യം കാണിച്ചതിനാൽ താരത്തിനെതിരെ നടപടിക്കു സാധ്യതയുണ്ട്. ഐപിഎലിൽ 2018 മുതൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ഭാഗമാണ് എൻ.ജഗദീശൻ. കഴിഞ്ഞ മാസം അവസാനിച്ച ഐപിഎൽ സീസണിൽ രണ്ടു മത്സരങ്ങളിൽ ജഗദീശൻ കളിച്ചിരുന്നു.

English Summary: N Jagadeesan makes obscene finger gesture after ‘Mankad’ dismissal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com