1983 ലോകകപ്പ് നേട്ടത്തിനു 39 വയസ്സ്; മധുര സ്മരണകളുയർത്തി മറ്റൊരു ജൂൺ 25

team-india-world-cup
ഇന്ത്യ നായകൻ കപിൽദേവും സഹതാരങ്ങളും 1983 ഏകദിന ലോകകപ്പുമായി.
SHARE

മധുരസ്‌മരണകളുയർത്തി വീണ്ടുമൊരു ജൂൺ 25. ഇന്ത്യൻ ക്രിക്കറ്റ്, ലോർഡ്‌സ്, ജൂൺ 25. അഭേദ്യമായൊരു ത്രികോണ പ്രേമത്തിലാണ് ഇപ്പറഞ്ഞ മൂന്ന് ഘടകങ്ങളും. ക്രിക്കറ്റിന്റെ തറവാടായ ലോർഡ്‌സ് എന്നും ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാഗ്യമുദ്രയായിരുന്നു. ജൂൺ 25 ഭാഗ്യദിനവും. ഇന്ത്യൻ ക്രിക്കറ്റിന് അനേകം അനശ്വരമുഹൂർത്തങ്ങൾ സമ്മാനിച്ചിട്ടുളള ലോർഡ്‌സ് എന്നും ഇന്ത്യൻ കായികലോകത്തിന് നന്മകൾ മാത്രമേ നൽകിയിട്ടുള്ളു. 

ഇന്ത്യൻ ക്രിക്കറ്റിന്റെ മധുര സ്‌മരണകൾ അയവിറക്കി മറ്റൊരു ജൂൺ 25 വീണ്ടും. ഇന്ത്യൻ കായികരംഗത്തെ ഏറ്റവും വലിയ നേട്ടമായി നാം താലോലിക്കുന്ന ക്രിക്കറ്റ് ലോകകപ്പ് സ്വന്തമാക്കിയത് 1983 ജൂൺ 25നാണ് അതുപോലെ ഇന്ത്യ ടെസ്‌റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചതിന്റെ നവതിയും ഇന്നാണ്. ഈ രണ്ട് ചരിത്രമുഹൂർത്തത്തിനും വേദിയൊരുക്കിയത് ക്രിക്കറ്റിന്റെ മെക്കയായ ലോർഡ്‌സ് എന്നത് മറ്റൊരു യാദൃശ്‌ചികത. 

1983ലെ മൂന്നാമത് പ്രൂഡ്യൻഷ്യൽ ലോകകപ്പിൽ പങ്കെടുക്കാനായി ഇന്ത്യയിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് ഇന്ത്യൻ കളിക്കാർ വിമാനം കയറുമ്പോൾ സെമി ഫൈനലിൽപോലും കടക്കുമെന്ന പ്രതീക്ഷ നായകൻ കപിൽ ദേവിനോ കൂട്ടുകാർക്കോ ഇല്ലായിരുന്നു. രണ്ട് ശതമാനത്തിൽ താഴെയായിരുന്നു ഇന്ത്യക്ക് ക്രിക്കറ്റ് പണ്ഡിതന്മാർ അന്ന് നൽകിയ വിജയസാധ്യത. എട്ടു രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ഇന്ത്യയുടെ സാധ്യത അന്ന് ക്രിക്കറ്റ് ലോകത്ത് ശിശുക്കളായിരുന്ന സിംബാബ്‌വെയ്‌ക്ക് തൊട്ടുമുൻപിൽ മാത്രവും. ആ ടീമാണ് ഫൈനലിൽ വെസ്‌റ്റിൻഡീസിനെ മുട്ടുകുത്തിച്ച് ലോകകപ്പ് ഉയർത്തിയത്. പ്രാഥമിക റൗണ്ടിലെ ആറ് മത്സരങ്ങളിൽ നാലു വിജയം. തുടർന്ന് ഇംഗ്ലണ്ടിനെ സെമിയിൽ പരാജയപ്പെടുത്തി ഫൈനൽ ബർത്ത് ഉറപ്പാക്കി. 

ലോർഡ്‌സ് ക്രിക്കറ്റ് മൈതാനി, 1983 ജൂൺ 25. കലാശക്കൊട്ട്. ഹാട്രിക്ക് തികച്ച് കപ്പുമായി വിമാനം കയറാമെന്ന അതിമോഹവുമായെത്തിയ ക്ലൈവ് ലോയ്‌ഡിന്റെ കറുത്ത പടയെ കപിൽദേവിന്റെ ചെകുത്താൻമാർ കരയിച്ചു. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യയ്‌ക്ക് നേടാനായത് വെറും 183 റൺസ്. സുശക്‌തമായ വിൻഡീസ് ബാറ്റിങ്  കരുത്തിനു മുൻപിൽ കപിലിന്റെ ചെകുത്താൻമാർ തളർന്നില്ല. ഫൈനലിന് പൊട്ടിക്കാൻ വിൻഡീസ് ബാറ്റ്‌സമാൻമാർ കരുതി വച്ച സിക്‌സറുകൾ എവിടെയോ മറന്നുപോയതുപോലെയായി. ബൗണ്ടറികൾ വിരളം. അഥവാ ലോർഡ്‌സിന്റ വിരമാറിൽ പന്തുകൾ പാഞ്ഞുനടന്നില്ല. വെസ്‌റ്റ് ഇൻഡീസിനെതിരെ ആഞ്ഞടിച്ച ഇന്ത്യൻ ബൗളർമാർ എതിരാളികളെ 52 ഓവറിൽ വെറും 140 റൺസിന് കശക്കിവിട്ടു. 

kapil-dev-1

43 റൺസിന്റെ അവിശ്വസനീയ ജയം. ഇന്ത്യയുടെ കായികരംഗത്തെ ഏറ്റവും വലിയ നേട്ടമായി നാം കരുതുന്ന പ്രൂഡ്യൻഷ്യൽ കപ്പിൽ ഇന്ത്യയുടെ വിജയചുംബനം. ഫൈനലിൽ 26 റൺസ് സംഭാവനചെയ്യുകയും വിലപ്പെട്ട മൂന്ന് വീൻഡീസ് വിക്കറ്റുകൾ പിഴുതെറിയുകയും ചെയ്‌ത ഇന്ത്യൻ വൈസ് ക്യാപ്‌റ്റൻ മൊഹീന്ദർ അമർനാഥായിരുന്നു ഫൈനലിലെ കേമൻ. *ജേതാക്കൾക്കുള്ള 20, 000 പൗണ്ട് അടക്കം ആകെ 37, 200 പൗണ്ട് ഇന്ത്യയ്‌ക്ക് സമ്മാനമായി ലഭിച്ചു. ഫൈനലിൽ ‘സൂപ്പർ ക്യാറ്റ്’ ക്ലൈവ് ലോയ്‌ഡ്‌സിന്റെ വെസ്‌റ്റ് ഇൻഡീസിനെ ഇന്ത്യ പരാജയപ്പെടുത്തുമ്പോൾ അത് കായികരംഗത്തെ ഏറ്റവും വമ്പൻ അട്ടിമറിയായിരുന്നു. കപിലും കൂട്ടരും ഈ മഹാരാജ്യത്തിന് നേടിക്കൊടുത്തത് ഏറ്റവും വിലയേറിയ അംഗീകാരവും.

ഇന്ത്യയുടെ ഏകദിനക്രിക്കറ്റിലെ ആദ്യ കിരീട വിജയം എന്ന പ്രത്യേകതയും ഇതിനുണ്ട്. പിറന്ന മണ്ണിൽ തന്നെ ടെസ്‌റ്റ് അരങ്ങേറ്റം കുറിക്കാനുളള ഭാഗ്യമാണ് ഇന്ത്യൻ ക്രിക്കറ്റിന് ലോർഡ്‌സ് നൽകിയ മറ്റൊരു സമ്മാനം. അത് 1932 ജൂൺ 25നായിരുന്നു. അന്ന് ടെസ്‌റ്റ് ക്രിക്കറ്റിൽ ശിശുക്കളായിരുന്ന ഇന്ത്യയെ കൈപ്പിടിച്ച് ക്രിക്കറ്റിന്റെ നഴ്‌സറിയിലേക്ക് ആനയിച്ചത് ക്രിക്കറ്റിന്റെ ബാലപാഠം പറഞ്ഞുതന്ന ഇംഗ്ലണ്ട് തന്നെയാണ്. ആ ചരിത്രമുഹൂർത്തത്തിനും വേദിയൊരുക്കിയത് ലോർഡ്‌സ് തന്നെ. അന്ന് സി. കെ. നായിഡുവിന്റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യയ്‌ക്ക് അത്ഭുതമൊന്നും കാട്ടാൻ കഴിഞ്ഞില്ലെങ്കിലും, പക്വതയാർന്ന ക്രിക്കറ്റ് കാഴ്‌ചവയ്‌ക്കാനായി. ബോഡി ലൈൻ വിവാദത്തിലൂടെ വിവാദനായകനായി മാറിയ ഡഗ്ലസ് ജാർഡൈൻ നയിച്ച ഇംഗ്ലണ്ട് ഇന്ത്യയെ 158 റൺസിനു പരാജയപ്പെടുത്തി.

എന്നാൽ ഈ നാണക്കേടിന് ഇന്ത്യ ലോർഡ്‌സിൽ വച്ചു തന്നെ പകരം വീട്ടി, മറ്റൊരു ജൂണിൽ. 1986ലെ ടെസ്‌റ്റ് പരമ്പരയിലെ ആദ്യ ടെസ്‌റ്റിലെ തകർപ്പൻ വിജയം, കപിൽ ദേവായിരുന്നു അന്നും ഇന്ത്യൻ ക്യാപ്‌റ്റൻ. തീർന്നില്ല ലോർഡ്‌സ് സമ്മാനിച്ച വിജയങ്ങൾ. 2002ൽ ഇന്ത്യ നേടിയ നാറ്റ് വെസ്‌റ്റ് ഏകദിന ക്രിക്കറ്റ് ട്രോഫിയുടെ ഫൈനലിനും ആതിഥ്യമരുളിയത് ലോർഡ്‌സ് തന്നെയാണ്. 

ഇംഗ്ലണ്ട് പടുത്തുയർത്തിയ 325 എന്ന പടുകൂറ്റൻ സ്‌കോറിനെ പിന്തുടർന്ന് ഇന്ത്യ പോരാടിയപ്പോഴും ലോർഡ്‌സ് ഇന്ത്യയ്‌ക്കൊപ്പം നിന്നു. ഒടുവിൽ മൂന്ന് പന്തുകൾ ബാക്കി നിൽക്കെ, കൈവിട്ടു പോയ വിജയം ഇന്ത്യ പിടിച്ചെടുക്കുകയായിരുന്നു.  മുഹമ്മദ് കൈഫും യുവരാജ്‌സിങും അന്ന് ഇന്ത്യയുടെ യുവരാജാക്കന്മാരാവുകയായിരുന്നു. അത്തവണത്തെ നാറ്റ് വെസ്‌റ്റ് ട്രോഫിക്ക് തുടക്കം കുറിച്ചതും ജൂൺ മാസത്തിലായിരുന്നു. ഇന്ത്യ 1975ലെ പ്രഥമ ലോകകപ്പിൽ തുടക്കം കുറിച്ചതും ലോർഡ്‌സിലായിരുന്നു. അന്നും എതിരാളികൾ ഇംഗ്ലണ്ട്. അതുമൊരു ജൂണിൽ തന്നെ. 

ഇനി ജൂൺ 25 എന്ന തീയതിക്ക് ഇന്ത്യൻ കായികരംഗത്ത് മറ്റൊരു പ്രാധാന്യംകൂടിയുണ്ട്. 1950ലെ ഫുട്‌ബോൾ ലോകകപ്പിൽ പങ്കെടുക്കാൻ ഫിഫ ഇന്ത്യയെയും ഔദ്യോഗികമായി ക്ഷണിക്കുകയുണ്ടായി. 1948 ഒളിംപിക്‌സിലെ ഭേദപ്പെട്ട പ്രകടനത്തിന്റെ പേരിലായിരുന്നു ആ ക്ഷണം. എന്നാൽ പല കാരണങ്ങളാൽ ഇന്ത്യ ലോകകപ്പിനായി ബ്രസീലിലേക്ക് പോയില്ല. അങ്ങനെ പോയിരുന്നെങ്കിൽ, അന്നത്തെ മൽസരക്രമപ്രകാരം ഇന്ത്യയുടെ ആദ്യ മൽസരം പാരഗ്വായ്‌ക്കെതിരെ ആകുമായിരുന്നു, അതും ജൂൺ 25ന്. 

English Summary: 39 years of 1983 World Cup triumph: When Kapil's Devils brought down the mighty West Indies to inspire a nation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS