ADVERTISEMENT

ലണ്ടൻ∙ ഇംഗ്ലണ്ട്– ന്യൂസീലൻഡ് പരമ്പരയിലെ 3–ാം ടെസ്റ്റിന്റെ തത്സമയ സംപ്രേക്ഷണത്തിനിടെ, സ്കൈ സ്പോർട്സ് ചാനലിൽ പ്രത്യക്ഷപ്പെട്ട ഷെയ്ൻ വോൺ ഉൾപ്പെട്ട പരസ്യത്തെച്ചൊല്ലി രൂക്ഷ പ്രതികരണവുമായി ആരാധകര്‍. പിന്നാലെ പരസ്യം പിൻവലിച്ച് പ്രക്ഷേപകർ. 

കഴിഞ്ഞ മാർച്ചിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു 52 കാരനായിരുന്ന ഓസീസ് സ്പിൻ ഇതിഹാസം വോണിന്റെ അന്ത്യം. എങ്കിലും, ഇംഗ്ലണ്ട്– ന്യൂസീലൻഡ് ടെസ്റ്റിന്റെ 2–ാം ദിവസത്തെ കളിക്കിടെ ‘അഡ്വാൻസ്ഡ് ഹെയർ സ്റ്റുഡിയോ അഡ്‌വെർട്ടി’ന്റെ പരസ്യത്തിലാണു വോൺ വീണ്ടും പ്രത്യക്ഷപ്പെട്ടത്. പരസ്യം കണ്ടു ഞെട്ടിപ്പോയെന്നും ഇതു വോണെ അപമാനിക്കുന്നതിനു തുല്യമാണെന്നും ഒട്ടേറെ ആരാധകർ ട്വീറ്റ് ചെയ്തു.

‘ഷെയിൻ വോണെ ഇത്തരത്തിൽ അവതരിപ്പിക്കുന്ന പരസ്യം കാണിക്കുന്നതു ശരിയാണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? ഇത് അപമാനകരം എന്നാണ് എനിക്കു തോന്നുന്നത്’– ആരാധകരിൽ ഒരാളുടെ ട്വീറ്റ് ഇങ്ങനെ. ‘അടുത്തിടെ അന്തരിച്ച സ്പിൻ ഇതിഹാസം ഷെയ്ൻ വോണെ പരസ്യത്തിലൂടെ അപമാനിക്കുന്നതായി തോന്നിയത് എനിക്കു മാത്രമാണോ’– ഇതായിരുന്നു മറ്റൊരാളുടെ ട്വീറ്റ്. 

‘ഗ്രഹാം ഗൂച്ചിന്റെ 20 വർഷം പഴക്കമുള്ള ഫുട്ടേജ് ഉപയോഗിച്ചിട്ടു മതിയായെന്നു തോന്നുന്നില്ല. അടുത്തിടെ അന്തരിച്ച സ്പിൻ ഇതിഹാസം ഷെയ്ൻ വോണിന്റെ ഫുട്ടേജ് അവർ ഇപ്പോഴും ഉപയോഗിക്കുകയാണ്, കഷ്ടം തന്നെ’– മറ്റൊരു ആരാധകൻ തന്റെ അമർഷം രേഖപ്പെടുത്തിയത് ഇങ്ങനെ. എന്തായാലും പ്രതിഷേധം അതിരു വിടുന്നതിനു മുൻപുതന്നെ പ്രക്ഷേപകർ പരസ്യം പിൻവലിച്ച് കൂടുതൽ വിവാദങ്ങളിൽനിന്നു തടിയൂരി. 

 

English Summary: 'Distasteful. Quite shocking': Fans blast broadcasters for showing Shane Warne’s ad during England vs New Zealand Test

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com