‘ഓസീസ് ഓസീസ്’ ആർപ്പുവിളി, കയ്യിൽ കൊടി; സ്നേഹിച്ചു ‘തോൽപിച്ച്’ ലങ്കൻ ആരാധകർ!

srilanka-fans-ausis
ഓസ്ട്രേലിയൻ അനുകൂല പ്ലക്കാർഡുകളുമായി സ്റ്റേഡിയത്തിലെത്തിയ ലങ്കൻ ആരാധകർ (ക്രിക്കറ്റ് ശ്രീലങ്ക ട്വിറ്ററിൽ പങ്കുവച്ച ചിത്രം).
SHARE

കൊളംബോ∙ ശ്രീലങ്കയിൽ നടന്ന ക്രിക്കറ്റ് പരമ്പരയിലെ അവസാന ഏകദിനത്തിനിടെ ഓസ്ട്രേലിയൻ താരങ്ങളുടെ മനസ്സു നിറച്ച് ലങ്കൻ ആരാധകർ. തങ്ങൾക്കു നൽകിയ പിന്തുണയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞ് ഓസീസ് താരങ്ങൾ. ഓസ്ട്രേലിയയ്ക്ക് അഭിവാദ്യങ്ങളുമായെത്തിയ ആയിരക്കണക്കിന് ആരാധകര്‍ മത്സരം തുടങ്ങുന്നതിനു മുൻപുതന്നെ കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തെ മഞ്ഞയണിയിച്ചിരുന്നു.

കൊടികളും ഓസ്ട്രേലിയൻ അനുകൂല പ്ലക്കാർഡുകളുകളുമായാണ് വലിയൊരു വിഭാഗം ശ്രീലങ്കൻ ആരാധകർ കളി കാണാനെത്തിയത്. പരമ്പരയ്ക്കായി നാട്ടിലെത്തിയ ഓസീസ് ടീമിനുള്ള നന്ദി അറിയിക്കുന്നതിനായിരുന്നു ഇത്. പരമ്പര തോറ്റെങ്കിലും അവസാന ഏകദിനം 4 വിക്കറ്റിനു ജയിച്ച ഓസീസ് ടീമിനെ കയ്യടികളോടെയാണു ലങ്കൻ ആരാധകർ എതിരേറ്റത്. 

‘ഓസ്ട്രേലിയ ഓസ്ട്രേലിയ’ എന്ന് ആർത്തു വിളിച്ച ലങ്കൻ ആരാധകർ സന്ദർശക ടീമിനെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു കളഞ്ഞു. പിന്നാലെ പിന്തുണയ്ക്കു നന്ദി അറിയിച്ച് ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‌വെൽ രംഗത്തത്തുകയും ചെയ്തു.

1948ലെ സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണു ശ്രീലങ്ക കടന്നുപോകുന്നത്. മണിക്കൂറുകൾ നീളുന്ന പവർ കട്ട്, ഇന്ധക്ഷാമം, അവശ്യവസ്തുക്കളുടെ ക്ഷാമം എന്നിവയിൽ പൊറുതിമുട്ടുന്ന ജനത പ്രതിഷേധവുമായി തെരുവിലിറങ്ങുന്നതും പതിവാണ്. ഇൗ പ്രതിസന്ധികൾക്കിടയിലും ഒട്ടേറെ ക്രിക്കറ്റ് ആരാധകർ ക്രിക്കറ്റ് പരമ്പരയിലെ മത്സരങ്ങൾ കാണാൻ എത്തിയിരുന്നു.

‘സാധാരണ ഗതിയിൽ വിദേശത്തു പരമ്പരകൾ കളിക്കാനെത്തുമ്പോൾ ഞങ്ങളെ ശതൃരാജ്യമായാണ് ആരാധകർ കാണുന്നത്. ഗാലറിയിൽ ഓസ്ട്രേലിയയെ പിന്തുണയ്ക്കാൻ അധികം ആരാധകർ എത്താറുമില്ല. എന്നാൽ ലങ്കയിൽ അസുലഭ മുഹൂർത്തത്തിനാണു സാക്ഷിയായത്. മഞ്ഞ വസ്ത്രം ധരിച്ചാണ് ആരാധകർ കൂട്ടത്തോടെ സ്റ്റേഡിയത്തിലെത്തിയത്.

എല്ലാവരുടെ കൈകളിലും ഓസീസ് കൊടികൾ, പ്ലക്കാർഡുകൾ. ഗാലറിയിലെത്തിയ എല്ലാവർക്കും പ്രത്യേക നന്ദി അറിയിക്കുന്നു’– മാക്സ്‌വെൽ പറഞ്ഞു. അവസാന ഏകദിനത്തിൽ ശ്രീലങ്കയെ 160 റൺസിനു പുറത്താക്കിയ ഓസീസ് വെറും 39.3 ഓവറിൽ വിജയലക്ഷ്യം മറികടന്നിരുന്നു. 3–2നാണു ലങ്ക ഏകദിന പരമ്പര ജയിച്ചത്. 

English Summary: Glenn Maxwell moved by Colombo crowd gesture during 5th ODI vs Sri Lanka: Australia are generally the enemy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS