നവതി നിറവിൽ ഇന്ത്യൻ ക്രിക്കറ്റ്; ഇന്ത്യയുടെ രാജ്യാന്തര അരങ്ങേറ്റത്തിന് 90 വയസ്സ്!

team-india-debut
ആദ്യ ടെസ്റ്റ് കളിക്കാനെത്തിയ ഇന്ത്യൻ ടീം (ഫയൽ ചിത്രം).
SHARE

രാജ്യാന്തര ക്രിക്കറ്റിലെ ഇന്ത്യയുടെ ഔദ്യോഗിക അരങ്ങേറ്റത്തിന് ഇന്ന് 90 വയസ്. 1932 ജൂൺ 25ന് ക്രിക്കറ്റിന്റെ മെക്കയായ ലോർഡ്‌സിലാണ്  ഇന്ത്യ രാജ്യാന്തരക്രിക്കറ്റിൽ ഹരിശ്രീ കുറിച്ചത്.  ആദ്യ ടെസ്‌റ്റിൽ ഇന്ത്യയുടെ എതിരാളികൾ ഇംഗ്ലണ്ട് ആയിരുന്നു. ഒരൊറ്റ ടെസ്‌റ്റ് മാത്രമേ ആ പര്യടനത്തിൽ ഉൾപ്പെടുത്തിയിരുന്നുള്ളൂ. ഇതുകൂടാതെ 25 ഫസ്‌റ്റ് ക്ലാസ് മൽസരങ്ങളിലും ഇന്ത്യ അന്നു കളിച്ചു. ആദ്യ ടെസ്‌റ്റിൽ ഇന്ത്യയെ നയിക്കാനുള്ള നിയോഗം സി.കെ. നായിഡുവിനായിരുന്നു. ഇംഗ്ലണ്ടിനെ നയിച്ചതു ബോഡിലൈൻ സീരീസിലൂടെ പിന്നീടു വിവാദത്തിന്റെ കൊടുമുടി താണ്ടിയ ഡഗ്ലസ് ജാർഡൈൻ. 

ടോസ് നേടിയ ജാർഡൈൻ, ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ത്യയുടെ ആദ്യ പന്ത് മുഹമ്മദ് നിസാർ വക. തന്റെ രണ്ടാമത്തെ ഓവറിൽ തന്നെ ഹെർബർട്ട് സറ്റ്‌ക്ലിഫിനെ നിസാർ വീഴ്‌ത്തി. ടെസ്‌റ്റിൽ ഇന്ത്യയുടെ ആദ്യ വിക്കറ്റ്. ആദ്യ ഇന്നിങ്‌സിൽ ഇംഗ്ലണ്ടിനെ 259ൽ ഒതുക്കിയെങ്കിലും ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 189 റൺസിന് അവസാനിച്ചു. രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇംഗ്ലണ്ട് 275 റൺസിനു ഡിക്ലെയർ ചെയ്‌തു. ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് 187ന് അവസാനിച്ചതോടെ ഇംഗ്ലണ്ടിനു 158 റൺസിന്റെ വിജയം. 

ഇംഗ്ലീഷ് നായകൻ ജാർഡൈൻ രണ്ട് ഇന്നിങ്‌സിലും മിന്നുന്ന പ്രകടനമാണ് കാഴ്‌ചവച്ചത് (79, 85). ആദ്യ ഇന്നിങ്‌സിൽ 40 റൺസ് നേടിയ ക്യാപ്‌റ്റൻ നായിഡുവായിരുന്നു ഇന്ത്യയുടെ ടോപ്പ് സ്‌കോറർ. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 259 റൺസിന് അവസാനിപ്പിച്ചതിന്റെ പ്രധാന കാരണം നിസാറിന്റെ മികച്ച ബോളിങ് പ്രകടനമായിരുന്നു - 93 റൺസ് വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റാണ് നിസാർ തെറിപ്പിച്ചത്. ക്യാപ്‌റ്റൻ നായിഡുവിന്റെ ഏറ്റവും വലിയ പ്രശ്‌നം ഭാഷയായിരുന്നു. ടീമിലെ 11 അംഗങ്ങൾ സംസാരിച്ചത് എട്ടു ഭാഷകളിൽ. ഒരു സഹോദര ജോഡിയും ഇന്ത്യൻ ടീമിലുണ്ടായിരുന്നു - എസ്. നസീർ അലിയും എസ്. വസീർ അലിയും. 

∙ വഴിത്തിരിവായി എംസിസിയുടെ പര്യടനം

ഇന്ത്യയുടെ ടെസ്‌റ്റ് അരങ്ങേറ്റത്തിനു വഴിയൊരുക്കിയത് 1926-27ലെ എംസിസി (മെരിൽബോൺ ക്രിക്കറ്റ് ക്ലബ്) ടീമിന്റെ ഇന്ത്യൻ പര്യടനമാണ്. എ.ഇ. ആർ. ഗിലാനിയുടെ നേതൃത്വത്തിലെത്തിയ ഇംഗ്ലീഷ് ടീം അന്ന് ഇന്ത്യയിൽ ഒട്ടേറെ മൽസരങ്ങളിൽ കളിച്ചു. ഇന്ത്യയ്‌ക്കു ശക്‌തമായ ടീമാണുള്ളതെന്നു തിരിച്ചറിഞ്ഞ എംസിസി ഇന്ത്യയിൽ ക്രിക്കറ്റിനു പ്രചാരം നൽകണമെന്നു ശുപാർശ ചെയ്‌തു. തുടർന്ന് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിൽ (അന്ന് ഇംപീരിയിൽ ക്രിക്കറ്റ് കോൺഫറൻസ്) ഇന്ത്യയ്‌ക്ക് അംഗത്വം ലഭിച്ചു. പിന്നാലെ 1932ൽ ടെസ്‌റ്റ് പദവിയും. 

∙ ആദ്യ നായകൻ

സി.കെ. നായിഡുവിനെയായിരുന്നില്ല ഇന്ത്യ ആദ്യ ക്യാപ്‌റ്റനായി പരിഗണിച്ചത്. പട്യാലയിലെ രാജാവിനെയും വിജയനഗരത്തിലെ മഹാരാജ്‌കുമാർ വിജയ് ആനന്ദ് വിസ്സിയെയും പോർബന്തർ മഹാരാജാവായിരുന്ന ഗ്യാൻശ്യാംസിങ്‌ജിയെയുമൊക്കെയായിരുന്നു ആദ്യം ക്യാപ്‌റ്റൻ സ്‌ഥാനത്തേക്കു പരിഗണിച്ചത്. എന്നാൽ, ടീമിലെ അനൈക്യവും പടലപിണക്കവും നായിഡുവിനെ ആ ചുമതല ഏൽപിക്കാൻ ബോർഡിനെ നിർബന്ധിതമാക്കി. 

ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്‌റ്റ് ഇൻഡീസ്, ന്യൂസീലൻഡ് എന്നീ രാജ്യങ്ങൾക്കു പിന്നാലെ ടെസ്‌റ്റ് പദവിയിലെത്തിയ ഇന്ത്യ 90 വർഷം കൊണ്ട് 562 ടെസ്‌റ്റുകളിലും 1002 ഏകദിനങ്ങളിലും 164 ട്വന്റി20 മൽസരങ്ങളും കളിച്ചു. 

∙ നായിഡു ‘കാരണവർ,’ അമൽ സിങ് ‘ബേബി’ 

ഇന്ത്യയുടെ ആദ്യ ടെസ്‌റ്റ് ടീമിലെ ‘കാരണവർ’ ക്യാപ്‌റ്റൻ സി.കെ. നായിഡു തന്നെ ആയിരുന്നു. 1895ൽ ജനിച്ച അദ്ദേഹം 37-ാം വയസ്സിലാണ് അരങ്ങേറ്റം കുറിച്ചത്. ടീമിലെ ‘ബേബി’മാരുടെ സംഘത്തിൽപെട്ട എൽ. അമൽ സിങ് 22-ാം വയസ്സിൽ അരങ്ങേറ്റം കുറിച്ചു. എന്നാൽ അദ്ദേഹം 30-ാം വയസ്സിൽ അന്തരിച്ചു. ഏറ്റവും ചെറുപ്രായത്തിൽ അന്തരിച്ച ടീം അംഗം അമൽ സിങ് ആയിരുന്നു. 

ആദ്യ ടെസ്‌റ്റ് കളിച്ച ടീം അംഗങ്ങളിൽ ആരും ജീവിച്ചിരിപ്പില്ല. ഏറ്റവും ഒടുവിലായി ഓർമയുടെ ക്രീസിലേക്കു മറഞ്ഞത് ഡോ. എം. ജഹാംഗീർ ഖാൻ ആണ്. 1988ൽ ആണ് അദ്ദേഹം അന്തരിച്ചത്. സി.കെ. നായിഡുവിന്റെയും ജഹാംഗീർ ഖാന്റെയും മക്കൾ ക്രിക്കറ്റ് രംഗത്ത് സജീവമായിരുന്നു. നായിഡുവിന്റെ മകളായ ചന്ദ്ര നായിഡു അറിയപ്പെടുന്ന ക്രിക്കറ്റ് കമന്റേറ്റർ ആയിരുന്നു. ജഹാംഗീർ ഖാന്റെ മകൻ മജീദ് ഖാൻ പാക്ക് ക്രിക്കറ്റ് ബോർഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ ആയിരുന്നു. 

∙ ഇന്ത്യയുടെ ആദ്യ ടെസ്‌റ്റ് ടീം 

സി.കെ. നായിഡു (1895-1967), ജെ.ജി. നാവ്‌ലെ(1902-1979), എസ്. നസീർ അലി (1906-1975), സയ്യിദ് വാസിർ അലി (1903-1950), എസ്.എച്ച്.എം. കോല(1902-1950), ജെ. നാവോമൽ (1904-1980), എം. ജെഹാംഗീർ ഖാൻ (1910-1988), മുഹമ്മദ് നിസാർ (1910-1963), പി.ഇ. പാലിയ (1910-1981), എൽ. അമർ സിങ് (1910-1940), ലാൽ സിങ് (1909-985). 

English Summary: Team India completes 90 yerarsm after debut in international cricket

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS