ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാൻ ടീമിലെ സീനിയർ താരങ്ങൾക്ക് ടീമിലെ മറ്റുള്ളവർ നന്നായിക്കാണുന്നതു സഹിക്കില്ലെന്ന അഭിപ്രായപ്രകടനവുമായി പാക്കിസ്ഥാൻ ഓപ്പണിങ് ബാറ്റർ അഹമ്മദ് ഷെഹ്സാദ്. എന്നാൽ ഇന്ത്യൻ ക്രിക്കറ്റിൽ ഇങ്ങനെയല്ല എന്നും പറഞ്ഞ ഷെഹ്‌സാഹ് എം.എസ്. ധോണിയുടെ പിന്തുണ ഉണ്ടായിരുന്നതുകൊണ്ടാണു വിരാട് കോലി ലോക ക്രിക്കറ്റിലെ വലിയ താരമായി മാറിയതെന്നും കൂട്ടിച്ചേർത്തു. 2016നു ശേഷം രാജ്യാന്തര ക്രിക്കറ്റിൽ ഷെഹ്സാദ് സജീവമല്ല.
‘ഇക്കാര്യം ഞാൻ ഒരിക്കൽ പറഞ്ഞതാണ്. ഒരിക്കൽക്കൂടി പറയാം. വിരാട് കോലിയുടെ ക്രിക്കറ്റ് കരിയറിൽ നിർണായക വഴിത്തിരിവുണ്ടായത് എം.എസ്. ധോണി കാരണമാണ്. പക്ഷേ, കഷ്ടം എന്നു പറയാം. പാക്കിസ്ഥാനിൽ സ്വന്തം ആളുകൾക്കു തന്നെ നിങ്ങളുടെ ഉയർച്ച അസ്വസ്ഥത ഉണ്ടാക്കും. ക്രിക്കറ്റിൽ ആരെങ്കിലും നേട്ടങ്ങൾ കൈവരിക്കുന്നതു ഞങ്ങളുടെ സീനിയർ താരങ്ങൾക്കും മുൻ ക്രിക്കറ്റർമാർക്കും അസ്വസ്ഥത ഉണ്ടാക്കും. പാക്കിസ്ഥാൻ ക്രിക്കറ്റിന്റെ ഏറ്റവും വലിയ കഷ്ടകാലവും ഇതുതന്നെയാണ്’– ക്രിക്കറ്റ് പാക്കിസ്ഥാനോടു ഷെഹ്‌സാദ് പറഞ്ഞു.
‘കഴിഞ്ഞ 2 വർഷക്കാലമായി ബാറ്റിങ് ഫോം കണ്ടെത്താൻ വിരാട് കോലിക്കു കഴിയുന്നില്ല. അതേ സമയം, 2 മത്സരങ്ങളുടെ പ്രകടനത്തിന്റെ പേരിൽ ഞാൻ ടീമിൽനിന്നു പുറത്താകുകയും ചെയ്തു. ഫൈസലാബാദിലെ ടൂർണമെന്റിൽ നല്ല പ്രകടനം പുറത്തെടുക്കാനാണ് എന്നോട് ആവശ്യപ്പെട്ടത്. ടൂർണമെന്റിൽ ഏറ്റവും അധികം റൺസ് നേടിയതു ഞാനാണ്. എന്നിട്ടും എനിക്ക് വീണ്ടും അവസരം ലഭിച്ചില്ല. എനിക്കു ചില കാര്യങ്ങള്‍ കൂടി പറയാനുണ്ട്.
പക്ഷേ തൽക്കാലം മിണ്ടാതിരിക്കാനാണ് എന്റെ തീരുമാനം. പക്ഷേ ചിലരുടെ വാക്കുകൾ എന്ന വളരെയധികം വേദനിപ്പിച്ചു. ചില സഹ താരങ്ങൾ എന്റെ പേരു ചീത്തയാക്കുന്നതു മാത്രം ലക്ഷ്യമിട്ട് എന്നെ ഉമർ അക്മലുമായി ബുന്ധപ്പെടുത്തി സംസാരിക്കുക പോലും ചെയ്തു’– ഷെഹ്സാദിന്റെ വാക്കുകൾ.
English Summary: Our Seniors "Can't Digest Seeing Someone Succeed": Pakistan Opening Batter