മുംബൈയെ 6 വിക്കറ്റിനു തകർത്തു; മധ്യപ്രദേശിന് കന്നി രഞ്ജി കിരീടം: സർഫ്രാസ് പരമ്പരയുടെ താരം

kumar-karthikeya
2–ാം ഇന്നിങ്സിൽ മുംബൈയുടെ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന മധ്യപ്രദേശ് താരങ്ങൾ (ചിത്രം– ട്വിറ്റർ).
SHARE

ബെംഗളൂരു∙ മധ്യപ്രദേശിന് കന്നി രഞ്ജി ട്രോഫി കിരീടം. ഫൈനലിൽ കരുത്തരായ മുംബൈയെ 6 വിക്കറ്റിനു കീഴടക്കിയാണു മധ്യപ്രദേശിന്റെ കിരീടനേട്ടം. സ്കോർ: മുംബൈ– 374, 269; മധ്യപ്രദേശ്– 536, 108–4. ടോസ്– മുംബൈ. 

113–2 എന്ന സ്കോറിൽ 5–ാം ദിവസത്തെ ബാറ്റിങ് പുനരാരംഭിച്ച മുംബൈയ്ക്ക് മത്സരത്തിൽ വിദൂര സാധ്യത മാത്രമാണ് ഉണ്ടായിരുന്നത്. 98 റൺസ് വഴങ്ങി 4 വിക്കറ്റെടുത്ത സ്പിന്നർ കുമാർ കാർത്തികേയയുടെ പ്രകടനം മുംബൈയുടെ പതനം ഉറപ്പാക്കി. അർ‌ധ സെഞ്ചറി നേടിയ സുവേദ് പർക്കാർ (51), സർഫ്രാസ് ഖാൻ (45) എന്നിവർക്കു മാത്രമാണ് അവസാന ദിനം അൽപമെങ്കിലും പിടിച്ചു നിൽക്കാനായത്. 6–ാം നമ്പറിൽ ബാറ്റിങ്ങിന് ഇറങ്ങിയ യശസ്വി ജെയ്‌സ്വാൾ ഒരു റണ്ണെടുത്ത് പുറത്തായി. 57.3 ഓവറിൽ മുംബൈയുടെ ഇന്നിങ്സ് 269 റൺസിൽ അവസാനിച്ചു.

മത്സരം ജയിക്കാൻ 2–ാം ഇന്നിങ്സിൽ 108 റൺസ് മാത്രമാണു മധ്യപ്രദേശിനു വേണ്ടിയിരുന്നത്. 2–ാം ഓവറിൽത്തന്നെ ധവാൽ കുൽക്കർണി യഷ് ദുബെയെ ബോൾഡാക്കിയെങ്കിലും ഹിമാൻഷു മന്ത്രി (37), ശുഭം ശർമ (30), രജത് പട്ടീദാർ (30 നോട്ടൗട്ട്) എന്നിവരുടെ ഇന്നിങ്സുകൾ മധ്യപ്രദേശ് ജയം ഉറപ്പാക്കി. 2–ാം ഇന്നിങ്സിൽ മുംബൈയ്ക്കായി ഷംസ് മൂലാനി 3 വിക്കറ്റ് വീഴ്ത്തി. ശുഭം ശർമയാണ് കളിയിലെ താരം. സീസണിൽ 982 റൺസ് അടിച്ചുകൂട്ടിയ മുംബൈ മധ്യനിര താരം സർഫ്രാസ് ഖാൻ പരമ്പരയുടെ താരമായി. 

ranji
രജത് പട്ടീദാർ ബാറ്റിങ്ങിനിടെ

ഒന്നാം ഇന്നിങ്സിൽ 536 റൺസിന്റെ കൂറ്റൻ സ്കോറുയർത്തിയ മധ്യപ്രദേശ് 162 റൺസ് ലീഡാണു നേടിയിരുന്നത്. തകർപ്പൻ സെഞ്ചറി നേടിയ മധ്യപ്രദേശിന്റെ മധ്യനിര താരം രജത് പട്ടീദാറാണു (122) മധ്യപ്രദേശ് ലീഡ് ഇത്രയും ഉയർത്തിയത്. ലീഡ് 100 കടത്തിയ ശേഷമായിരുന്നു രജത്തിന്റെ പുറത്താകൽ. പിന്നാലെ വാലറ്റത്തെ ചുരുട്ടിക്കെട്ടാമെന്ന മുംബൈയുടെ മോഹത്തിനു മധ്യപ്രദേശ് ക്യാപ്റ്റൻ സാരാ‍ൻഷ് ജെയിൻ വിലങ്ങിട്ടു. അർധ സെഞ്ചറി നേടിയ (57) സാരാൻഷാണ് ടീം സ്കോർ 536ൽ എത്തിച്ചത്. 

അതിവേഗം റൺസ് നേടിയശേഷം അവസാന ദിവസം ബോളിങ്ങിൽ ആഞ്ഞു പിടിക്കാനുള്ള മുംബൈയുടെ പദ്ധതികൾക്ക് 4–ാം ദിവസം മഴ വിലക്കിട്ടിരുന്നു. മൂന്നാം സെഷനിൽ പെയ്ത മഴ അവരുടെ ബാറ്റിങ് മുടക്കി. അതിവേഗ സ്കോറിങ്ങിനുള്ള ശ്രമത്തിനിടെ പൃഥ്വി ഷാ (44), ഹാർദിക് തമോർ (25) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമാകുകയും ചെയ്തു.

English Summary: Madhya Pradesh Beats Mumbai by 6 Wickets to clinch maiden Ranji Title

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS