ലോകകപ്പിന് യുവനിര വേണോ? ഉത്തരം അയർലൻഡ് ‘പറയും’; 4-ാം നമ്പറിൽ സഞ്ജു?

HIGHLIGHTS
  • ഇന്ത്യ–അയർലൻഡ് ഒന്നാം ട്വന്റി20 ഇന്ന്
  • രാത്രി 9 മുതൽ സോണി ടെൻ ചാനലുകളിൽ തത്സമയം
Sanju
ഇന്ത്യൻ ടീം അംഗങ്ങൾ പരിശീലനത്തിനിടെ. ബിസിസിഐ ട്വിറ്ററിൽ പങ്കുവച്ച ചിത്രങ്ങൾ
SHARE

ഡബ്ലിൻ ∙ അയർലൻഡിനെതിരായ ഒന്നാം ട്വന്റി20 മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുമ്പോൾ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ‘ട്വന്റി കിഡ്സിന്റെ’ പ്രകടനം കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ആരാധകർ മാത്രമല്ല, 250 കിലോമീറ്റർ അകലെ ഇംഗ്ലണ്ടിനെതിരെ മത്സരത്തിനൊരുങ്ങുന്ന ‘ടെസ്റ്റ്’ ടീം കൂടിയാണ്! ഇരുപത്തിയെട്ടുകാരൻ ഹാർദിക് നയിക്കുന്ന ട്വന്റി20 ടീമിലെ ഭൂരിഭാഗം പേരും മുപ്പതിൽ താഴെ പ്രായമുള്ളവരാണ്. 

ഐപിഎലിലെ നായക മികവ് ഹാർദിക് അയർലൻഡിലും ആവർത്തിച്ചാൽ ഋഷഭ് പന്തിന്റെ ക്യാപ്റ്റൻസി മോഹങ്ങൾക്കു തിരിച്ചടിയാകും. സൂര്യകുമാർ യാദവും സഞ്ജു സാംസണും ദീപക് ഹൂഡയുമെല്ലാം മിന്നിത്തിളങ്ങിയാൽ മധ്യനിരയിൽ ശ്രേയസ് അയ്യരുടെ തിരിച്ചുവരവ് പ്രതിസന്ധിയിലാകും. എല്ലാത്തിനുമുപരി ഈ ടീം ഉജ്വല മികവ് പുറത്തെടുത്താൽ ലോകകപ്പിന് ‘യുവനിരയെ’ അയയ്ക്കാൻ ബിസിസിഐയ്ക്കും ആത്മവിശ്വാസമാകും. അതോടെ ആശങ്കയിലാകുന്നത് രോഹിത് ശർമയും വിരാട് കോലിയും ഉൾപ്പെടുന്ന സൂപ്പർ സീനിയേഴ്സ് കൂടിയാണ്. രണ്ടു ട്വന്റി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഇന്നു രാത്രി 9 മുതലാണ് ആദ്യ മത്സരം. സോണി ടെൻ ചാനലുകളി‍ൽ തത്സമയം. 

അരങ്ങേറ്റ മോഹം

ഐപിഎലിൽ മികവു കാട്ടിയതോടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ പുതുമുഖങ്ങളായി ഇടംപിടിച്ചവരാണ് പേസർമാരായ അർഷ്‍ദീപ് സിങ്ങും ഉമ്രാൻ മാലിക്കും. എന്നാൽ 5 ട്വന്റി20യിലും പരിശീലകൻ രാഹുൽ ദ്രാവിഡ് ഒരേ ടീമിനെ നിലനിർത്തിയതോടെ ഇവരുടെ അരങ്ങേറ്റ സ്വപ്നം യാഥാർഥ്യമായില്ല. വെങ്കടേഷ് അയ്യർ, ദീപക് ഹൂഡ എന്നിവരും പരമ്പരയിലുടനീളം സൈഡ് ബെഞ്ചിലായിരുന്നു. ദ്രാവിഡിനു പകരം താൽക്കാലിക പരിശീലകനായ വി.വി.എസ്.ലക്ഷ്മൺ ഇവരിൽ ആർക്കൊക്കെ അവസരം നൽകുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

നാലിൽ ഒരാൾ ?

പരുക്കിനു ശേഷം തിരിച്ചെത്തുന്ന മധ്യനിര ബാറ്റർ സൂര്യകുമാർ യാദവിന് ഇന്ന് വൺഡൗണായി അവസരം ലഭിക്കാനാണ് സാധ്യത. ഓപ്പണിങ്ങിൽ ഇഷാൻ കിഷനും ഋതുരാജ് ഗെയ്ക്‌വാദിനും വെല്ലുവിളികളില്ല. ഹാർദിക് അഞ്ചാം സ്ഥാനത്തിറങ്ങുകയും ചെയ്യുന്നതോടെ ബാറ്റിങ്ങിൽ പരീക്ഷണം നടത്താൻ മധ്യനിരയിലെ ഒരു ഒഴിവ് മാത്രമാണ് ലക്ഷ്മണിനു മുന്നിലുള്ളത്. മലയാളി താരം സഞ്ജു സാംസണിനു പുറമേ ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, വെങ്കടേഷ് അയ്യർ എന്നിവരാണ് നാലാം നമ്പർ ബാറ്റിങ് പൊസിഷനിൽ അവസരം കാത്തുനിൽക്കുന്നത്.

ക്യാപ്റ്റൻ No. 4

ഈ വർ‌ഷം പരമ്പരകളിൽ ഇന്ത്യയെ നയിക്കുന്ന നാലാമത്തെ ക്യാപ്റ്റനാണ് ഹാർദിക് പാണ്ഡ്യ. രോഹിത് ശർമയ്ക്കു പുറമേ കെ.എൽ.രാഹുലും ഋഷഭ് പന്തും വിവിധ പരമ്പരകളിൽ ഇന്ത്യയെ നയിച്ചു.

∙ട്വന്റി20യിൽ റൺസ് അടിസ്ഥാനത്തിലുള്ള ഇന്ത്യയുടെ വലിയ വിജയം അയർലൻഡിനെതിരെയായിരുന്നു; 143 റൺസിന്. 2018ൽ നടന്ന പരമ്പരയിലെ രണ്ടാം മത്സരത്തിലായിരുന്നു ഇന്ത്യയുടെ കൂറ്റൻ ജയം.

Content Highlights: Twenty 20, Sanju Samson

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതാണ് പഴങ്കഞ്ഞിയും ചക്കപ്പഴവുമൊക്കെ കഴിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ ആ ‘ഇംഗ്ലിഷുകാരി

MORE VIDEOS