‘ഹാരി (33 പന്തിൽ 64*) കലക്കി; എന്റെ ബാറ്റ് കൊടുത്തു, കുറച്ച് 6 കൂടി അടിച്ച് ഐപിഎല്ലിൽ എത്തട്ടെ’

hardik-tector
ഹാർദിക് പാണ്ഡ്യ, ഹാരി ടെക്ടർ (അയർലൻഡ് ക്രിക്കറ്റ് ബോർഡ് ട്വിറ്ററിൽ പങ്കുവച്ച ചിത്രങ്ങൾ).
SHARE

ഡബ്ലിൻ∙ ആദ്യ ട്വന്റി20 മത്സരത്തിലെ ഐറിഷ് ബാറ്റർ ഹാരി ടെക്റ്ററുടെ ബാറ്റിങ് പ്രകടനം ഏറെ മതിപ്പുളവാക്കുന്നതെന്ന് ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. മറുവശത്തു വിക്കറ്റുകൾ വീണപ്പോളും, 33 പന്തിൽ 6 ഫോറും 3 സിക്സും അടക്കം പുറത്താകാതെ 64 റൺസെടുത്ത ടെക്റ്ററുടെ ബാറ്റിങ് പ്രകടനമാണ് ഐറിഷ് സ്കോർ 100 കടത്തിയത്. 

‘ഹാരി വളരെ മികച്ച ചില ക്രിക്കറ്റ് ഷോട്ടുകളാണു കളിച്ചത്. ഹാരിക്ക് 22 വയസ്സേയുള്ളെന്ന കാര്യവും ഓർക്കണം. ഞാൻ എന്റെ ഒരു ബാറ്റും ഹാരിക്കു കൊടുത്തിട്ടുണ്ട്. ഇനി ഹാരി കുറച്ചു സിക്സറുകൾ കൂടി നേടി ഐപിഎൽ കറാർ നേടിയെടുക്കാൻ പോലും സാധ്യതയുണ്ട്’– മത്സരത്തിനു ശേഷം ഹാർദിക് പ്രതികരിച്ചു. ഹാരി ഏറെ പ്രതിഭാസമ്പന്നനാണെന്ന് അഭിപ്രായപ്പെട്ട ഹാർദിക്, ഐറിഷ് മാനേജ്മെന്റ് അദ്ദേഹത്തെ ശരിയായ ദിശയിൽ നയിക്കട്ടെയെന്ന പ്രത്യാശയും പ്രകടിപ്പിച്ചു. 

‘ഹാരിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ഇവനെ നിങ്ങൾ നന്നായി നോക്കണം. ശരിയായ ദിശയിൽത്തന്നെ നയിക്കണം. ക്രിക്കറ്റിനെക്കുറിച്ചു മാത്രമല്ല, ജീവിതശൈലിയും എന്താണ് ഏറ്റവും ആവശ്യം എന്നതുകൂടി ഹാരി മനസ്സിലാക്കേണ്ടതുണ്ട്. ഇക്കാര്യങ്ങളിൽകൂടി ശ്രദ്ധ പുലർത്താൻ കഴിഞ്ഞാൽ, ഐപിഎന്റെ മാത്രമല്ല, ലോകത്തെ എല്ലാ ക്രിക്കറ്റ് ലീഗിന്റെ ഭാഗമാകാനും ഹാരിക്കു സാധിക്കും’– ഹാർദിക്കിന്റെ വാക്കുകൾ.

ഇന്ത്യൻ നായകനായുള്ള അരങ്ങേറ്റ മത്സരത്തിൽ, 2 ഓവറിൽ 26 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്ത ഹാർദിക് പിന്നീട് ബാറ്റിങ്ങിൽ 12 പന്തിൽ ഒരു ഫോറും 3 സിക്സും അടക്കം 24 റൺസും എടുത്തിരുന്നു. 

3–ാം വിക്കറ്റിൽ ദീപക് ഹൂഡയ്ക്കൊപ്പം 64 റൺസ് ചേർത്ത ഹാർദിക്, ഇന്ത്യൻ വിജയം ഉറപ്പാക്കിയതിനു ശേഷമാണു പുറത്തായതും. അയർലൻഡ് ഉയർത്തിയ 109 റൺസ് വിജയലക്ഷ്യം വെറും 9.2 ഓവറിൽ മറികടന്ന ഇന്ത്യ 2 മത്സര പരമ്പരയിൽ മുന്നിലാണ് (1–0). പരമ്പരയിലെ അവസാന മത്സരം ചൊവ്വാഴ്ച രാത്രി നടക്കും. 

English Summary: 'Have given him my bat': Hardik Pandya impressed by Ireland youngster, 'Hit more sixes, get an IPL contract'

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS