ചരിത്രം; 23 വർഷം മുൻപ് കൈവിട്ട രഞ്ജി കിരീടം പരിശീലകനായി തിരിച്ചുപിടിച്ച് ചന്ദ്രകാന്ത്

chandrakanth
മധ്യപ്രദേശ് ക്യാപ്റ്റൻ ആദിത്യ ശ്രീവാസ്തവയും കോച്ച് ചന്ദ്രകാന്ത് പണ്ഡിറ്റും രഞ്ജി ട്രോഫിയുമായി.
SHARE

വർഷം 1999. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ മധ്യപ്രദേശും കർണാടകയും തമ്മിലുള്ള രഞ്ജി ട്രോഫി ഫൈനൽ. കന്നിക്കിരീടം സ്വപ്നം കണ്ട് ഫൈനൽ കളിക്കാനിറങ്ങിയ മധ്യപ്രദേശ് ആദ്യ ഇന്നിങ്സിൽ ലീഡ് നേടി വിജയപ്രതീക്ഷയുണർത്തിയെങ്കിലും 96 റൺസിന്റെ തോൽവി വഴങ്ങാനായിരുന്നു അവസാന വിധി. മത്സരം കൈവിട്ടതിന്റെ പേരിൽ ഏറ്റവും കൂടുതൽ പഴികേട്ടത് അന്നത്തെ മധ്യപ്രദേശ് ക്യാപ്റ്റനായ ചന്ദ്രകാന്ത് പണ്ഡിറ്റായിരുന്നു.

വർഷം 2022. അതേ ചിന്നസ്വാമി സ്റ്റേഡിയത്തിൽ 23 വർഷത്തിനു ശേഷം വീണ്ടുമൊരു രഞ്ജി ട്രോഫി ഫൈനൽ കളിക്കാൻ മധ്യപ്രദേശ് ഇറങ്ങുന്നു. എതിരാളികൾ 41 കിരീടങ്ങൾ പേരിലുള്ള, ആഭ്യന്തര ക്രിക്കറ്റിലെ അതികായരായ മുംബൈ. പക്ഷേ, ഇത്തവണ മധ്യപ്രദേശിനു പിഴച്ചില്ല. രഞ്ജി ട്രോഫിയിൽ തങ്ങളുടെ കന്നിക്കിരീടം അവർ സ്വന്തമാക്കി. അതേറ്റു വാങ്ങിയതാവട്ടെ, അവരുടെ പരിശീലകൻ ചന്ദ്രകാന്ത് പണ്ഡിറ്റും. ഫൈനൽ നടന്ന അഞ്ചു ദിവസവും ഒരു വെള്ളത്തൂവാല മടിയിൽ‍ വച്ച് തപസ്സു പോലെ ഒരേയിരിപ്പായിരുന്നു ചന്ദ്രകാന്ത്. 

പരിശീലകനെന്ന നിലയിൽ തന്റെ 6–ാം രഞ്ജി കിരീടമാണ് ഇത്തവണ ചന്ദ്രകാന്ത് സ്വന്തമാക്കിയത്. മുംബൈ ടീമിനൊപ്പം 3 തവണയും (2002–03, 2003–04, 2015–16) വിദർഭയ്ക്കൊപ്പം 2 തവണയും (2017–18, 2018–19) ആയിരുന്നു മുൻപുള്ള നേട്ടങ്ങൾ. എന്നാൽ, തന്നിലെ ക്രിക്കറ്റർക്കു പൂർണത നൽകാൻ ഈ നേട്ടങ്ങൾക്കൊന്നും സാധിച്ചിരുന്നില്ലെന്നും അതു സാധ്യമായത് മധ്യപ്രദേശിനെ ചാംപ്യൻമാരാക്കിയപ്പോഴാണെന്നും ചന്ദ്രകാന്ത് വിശ്വസിക്കുന്നു. 

‘കഴിഞ്ഞ മാർച്ചിൽ എനിക്കു പരിശീലക സ്ഥാനം ഓഫർ ചെയ്ത് ഒട്ടേറെ ടീമുകൾ എത്തിയിരുന്നു. അതിൽ ചില വലിയ ടീമുകളും ഉണ്ടായിരുന്നു. എന്നാൽ മധ്യപ്രദേശാണ് ഞാൻ തിരഞ്ഞെടുത്തത്. എന്റെ ക്രിക്കറ്റ് കരിയർ പൂർണമാകണമെങ്കിൽ 23 വർഷം മുൻപ് കൈവിട്ടുപോയ ആ ട്രോഫി എന്റെ ടീമിനു വേണ്ടി എനിക്കു തിരിച്ചുപിടിക്കണമായിരുന്നു. അത് സാധിച്ചു’– കിരീട നേട്ടത്തെക്കുറിച്ച് ചന്ദ്രകാന്തിന്റെ പ്രതികരണം ഇങ്ങനെ.  

വിക്കറ്റ് കീപ്പർ ബാറ്ററായി കരിയർ ആരംഭിച്ച ചന്ദ്രകാന്ത്, ഇന്ത്യയ്ക്കുവേണ്ടി 5 ടെസ്റ്റ് മത്സരങ്ങളും 36 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്.

English Summary: Madhya Pradesh create history, beat Mumbai to lift Ranji Trophy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS