ADVERTISEMENT

ഡബ്ലിൻ∙ അയർലൻഡിനെതിരെ മഴ ‘കളിച്ച’ ആദ്യ ട്വന്റി20ക്കു പിന്നാലെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ ‘സ്വാർഥത’യ്ക്കെതിരെയും തന്ത്രങ്ങൾക്കെതിരെയും സ്വരം കടുപ്പിച്ച് ആരാധകർ. മത്സരത്തിനിടെ, ട്വന്റി20 ക്രിക്കറ്റിൽ വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ എന്ന നേട്ടത്തിലെത്താനായെങ്കിലും 2 ഓവറിൽ ഹാർദിക് വഴങ്ങിയത് 26 റൺസാണ്. 

ആവേശ് ഖാൻ, അരങ്ങേറ്റക്കാരൻ ഉമ്രാൻ മാലിക് എന്നിവർ ടീമിൽ ഉണ്ടായിരുന്നിട്ടും ഭുവനേശ്വർ കുമാറിന്റെ ആദ്യ ഓവറിനു പിന്നാലെ ഹാർദിക്തന്നെ 2–ാം ഓവർ ബോൾ ചെയ്യാനെത്തിയത് ഞെട്ടിച്ചെന്ന് ഒട്ടേറെ ആരാധകർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ഐപിഎൽ 2022 സീസണു ശേഷം ഇന്ത്യയ്ക്കായി 8 ഓവറാണു അയർലൻഡ് പരമ്പരയ്ക്കു മുൻപായി ഹാർദിക് ബോൾ ചെയ്തിരുന്നത്.

87 റൺസ് വഴങ്ങിയ ഹാർദികിന്റെ അക്കൗണ്ടിൽ ഇത്രയും മത്സരങ്ങളിൽനിന്ന് ഉണ്ടായിരുന്നത് ഒരേയൊരു വിക്കറ്റ് മാത്രമാണ്. കണക്കുകൾ ഇങ്ങനെയൊക്കെയാണെന്നിരിക്കെ, ക്യാപ്റ്റനായി ചുമതലയേറ്റ ആദ്യ കളിയിൽത്തന്നെ ഹാർദിക് ന്യൂബോൾ ബോളറായെത്തിയതാണ് ആരാധകരെ ചൊടിപ്പിച്ചത്.

ഐപിഎൽ സീസണു ശേഷം ഹാർദിക്കിന്റെ ബോളിങ് ഫോമിൽ കൈമോശം വന്നതു ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങളിലൂടെ ഒട്ടേറെ ആരാധകരാണു രംഗത്തെത്തിയത്. അരങ്ങേറ്റക്കാരൻ ഉമ്രാൻ മാലിക്കിന് മത്സരത്തിൽ ഒരേയൊരു ഓവർ മാത്രം നൽകിയതിനും ഒട്ടേറെ ആരാധകർ ഹാർദിക്കിനെ ട്രോളുന്നുണ്ട്. 

ഹാർദിക് ക്യാപ്റ്റൻസി ‘ദുരുപയോഗം’ ചെയ്യുകയാണെന്നും ഇതു ക്രിക്കറ്റിനുതന്നെ നാണക്കേടാണെന്നും ട്വിറ്ററിൽ കുറിച്ചവരും ഒട്ടേറെ. ഐറിഷ് ഓപ്പണർ പോൾ സ്റ്റിർലിങ്ങിന്റെ വിക്കറ്റാണു മത്സരത്തിൽ ഹാർദിക് സ്വന്തമാക്കിയത്.

ഇതിനു പുറമേ 4–ാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങിയ ഹാർദിക് 12 പന്തിൽ ഒരു ഫോറും 3 സിക്സും അടക്കം 24 റൺസ് അടിച്ചെടുക്കുകയും ചെയ്തിരുന്നു.  മഴമൂലം 12 ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തിൽ 7 വിക്കറ്റിനായിരുന്നു ഇന്ത്യൻ ജയം. 

 

English Summary: "Getting harassed by farmers!"- Fans troll 'selfish' captain Hardik Pandya for leaking runs vs IRE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com