ADVERTISEMENT

ലീഡ്സ്∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഇന്ത്യയെ നേരിടുമ്പോൾ ഇംഗ്ലണ്ടിന്റെ ‘പുത്തൻ’ സമീപനത്തിനു യാതൊരു മാറ്റവുമുണ്ടാകില്ലെന്ന് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. ലോക ടെസ്റ്റ് ചാംപ്യൻഷിപ് ജേതാക്കളായ ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പര 3–0നു തൂത്തുവാരിയതിനു ശേഷമാണു സ്റ്റോക്സ് ഇന്ത്യയ്ക്കു ‘മുന്നറിയിപ്പു’ നൽകിയത്.

കോച്ച് ബ്രെണ്ടൻ മക്കല്ലം, പുതുതായി നായക സ്ഥാനം ഏറ്റെടുത്ത സ്റ്റോക്സ് എന്നിവർക്കു കീഴിൽ ആദ്യ ടെസ്റ്റ് പരമ്പരയ്ക്കിറങ്ങിയ ഇംഗ്ലണ്ട് പരമ്പരാഗത ടെസ്റ്റ് ക്രിക്കറ്റ് സമവാക്യങ്ങളെത്തന്നെ പൊളിച്ചെഴുതുന്ന സമീപനമാണു ന്യൂസീലൻഡിനെതിരെ പുറത്തെടുത്തത്. പരമ്പരയിലെ തുടർച്ചയായ 3–ാം മത്സരത്തിലും കീവീസ് ഉയർത്തിയ ‘ശ്രമകരമായ’ വിജയലക്ഷ്യം അടിച്ചെടുത്ത ഇംഗ്ലിഷ് ബാറ്റർമാർക്കാണ് പരമ്പര നേട്ടത്തിലെ ക്രെഡിറ്റിന്റെ ഏറിയ പങ്കും. അവസാന മത്സരത്തിൽ കിവീസ് ഉയർത്തിയ 296 റൺസ് വിജലക്ഷ്യം സിക്സറടിച്ചാണു ജോണി ബെയർസ്റ്റോ മറികടന്നത്. ഇംഗ്ലണ്ട് താരങ്ങളുടെ ടെസ്റ്റ് ക്രിക്കറ്റിനോടുള്ള സമീപനത്തിൽവന്ന വ്യത്യാസത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാകും ഒരു പക്ഷേ ബെയർസ്റ്റോയുടെ ഈ ഷോട്ട്. 

കിവീസിനെ തകർത്തു തരിപ്പണമാക്കിയതിന്റെ ആത്മവിശ്വാസത്തിൽ നിൽക്കുന്ന ഇംഗ്ലണ്ടിന് ഇനി എതിരിടാനുള്ളത് ഇന്ത്യയെയാണ്. കഴിഞ്ഞ സെപ്റ്റംബറിൽ കോവിഡിനെത്തുടർന്നു മാറ്റിവച്ച ഇന്ത്യ– ഇംഗ്ലണ്ട് പരമ്പരയിലെ 5–ാം ടെസ്റ്റിനു വെള്ളിയാഴ്ച എജ്ബാസ്റ്റനിലാണു തുടക്കമാകുക. പരമ്പരയിൽ നിലവിൽ ഇന്ത്യയാണു (2–1) മുന്നിൽ. 

‘എതിരാളികൾ ആരാണ് എന്നതു പ്രശ്‌നമല്ല. ന്യൂസീലൻഡിനെതിരെ സ്വീകരിച്ച അതേ സമീപനമായിരിക്കും ഇനിയുള്ള മത്സരങ്ങളിലും ഞങ്ങൾ സ്വീകരിക്കുക. ഇന്ത്യയ്ക്കെതിരായ മത്സരം വളരെ വ്യത്യസ്തമായിരിക്കും. പക്ഷേ, കഴിഞ്ഞ 3 മത്സരങ്ങളിൽ എന്താണോ ചെയ്തത്, ഇന്ത്യയ്ക്കെതിരെയും അതുതന്നെ തുടരാനായിരിക്കും ഞങ്ങളുടെ ശ്രമം’– പരമ്പര നേട്ടത്തിനു ശേഷം സ്റ്റോക്സ് പ്രതികരിച്ചു.

ന്യൂസീലൻഡിനെതിരായ പരമ്പരയ്ക്കു മുൻപു കളിച്ച 17 ടെസ്റ്റിൽ ഒരെണ്ണത്തിൽ മാത്രമാണ് ഇംഗ്ലണ്ടിനു ജയിക്കാൻ‌ കഴിഞ്ഞിരുന്നത്. പരിശീലകൻ മക്കല്ലവും താനും ചേർന്നു രൂപം നൽകിയ പുതിയ സമീപനവുമായി എല്ലാ താരങ്ങളും ഇഴുകി ചേരും എന്ന് അറിയാമായിരുന്നെങ്കിലും കാര്യങ്ങൾ ഇത്ര നന്നായി പരിണമിക്കുമെന്നു കരുതിയില്ലെന്നും സ്റ്റോക്സ് പറഞ്ഞു. 

 

 

English Summary: England vs India: Ben Stokes Vows Same England "Mindset" Against India After New Zealand Rout

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com