‘കളിപ്പിക്കാൻ കൊള്ളില്ലെങ്കിൽ ടീമിലെടുത്തത് എന്തിന്? ടൂറിസ്റ്റ് വീസയിലല്ല അയർലൻഡിൽ പോകുന്നത്’

ruthuraj-gaikwad
ഋതുരാജ് ഗെയ്‌ക്വാദ് (ചിത്രം– ബിസിസിഐ, ട്വിറ്റർ).
SHARE

മുംബൈ∙ അയർലൻഡിനെതിരെ ഇന്നു (ചൊവ്വ) രാത്രി നടക്കുന്ന 2–ാം ട്വന്റി20ക്കുള്ള ഇന്ത്യൻ ടീമിൽ 2 മാറ്റങ്ങൾ ഉണ്ടാകാമെന്ന് അഭിപ്രായപ്പെട്ട് മുൻ ഇന്ത്യൻ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. ആദ്യ കളി 7 വിക്കറ്റിനു ജയിച്ച ഇന്ത്യ 2 മത്സര പരമ്പരയിൽ മുന്നിലെത്തിയിരുന്നു. എന്നാൽ ഫീൽഡിങ്ങിനിടെ പരുക്കേറ്റ ഋതുരാജ് ഗെയ്‌ക്വാദിന് ഇന്ത്യയ്ക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്യാൻ കഴിഞ്ഞിരുന്നില്ല. 

ഗെയ്‌ക്വാദ് മാച്ച് ഫിറ്റല്ലെങ്കിൽ 2–ാം ട്വന്റി20യിൽ ഇഷാൻ കിഷനൊപ്പം വെങ്കടേഷ് അയ്യർ ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്യണമെന്നു യുട്യൂബ് ചാനലിയൂടെ ചോപ്ര അഭിപ്രായപ്പെട്ടു. ‘ഗെയ്‌ക്വാദ് കളിക്കുമോ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. ഗെയ്‌ക്വാദ് ഓപ്പൺ ചെയ്തില്ലെങ്കിൽ ആരാകും പകരം ഓപ്പണറാകുക? വെങ്കടേഷ് അയ്യർക്ക് ഒരു അവസരം നൽകണമെന്നാണ് എന്റെ അഭിപ്രായം. 

കളിപ്പിക്കാൻ കൊള്ളാത്തവനാണെങ്കിലോ, കളിപ്പിക്കാൻ താൽപര്യമില്ലെങ്കിലോ ടീമിൽ വച്ചുകൊണ്ടിരിക്കുന്നത് എന്തിനാണ്? ടൂറിസ്റ്റ് വീസയിലല്ല അയർലൻഡിലേക്കു പോകുന്നത്. അയ്യരെ ഓപ്പണറാക്കി നോക്കൂ. തുടർച്ചയായി ടീമിൽ ഉൾപ്പെടുത്തുന്നുണ്ടെങ്കിൽ, ഇടയ്ക്കെങ്കിലും പ്ലേയിങ് ഇലവനിൽക്കൂടി അവസരം നൽകൂ. ഗെയ്‌ക്വാദ് ഉണ്ടെങ്കിൽ ഗെയ്‌ക്വാദ് തന്നെ ഓപ്പൺ ചെയ്യട്ടെ.

പക്ഷേ, ഗെയ്‌ക്വാദ് ഇല്ലെങ്കിൽ, വീണ്ടും ദീപക് ഹൂഡ ഓപ്പൺ ചെയ്യാൻ ഞാൻ സാധ്യത കാണുന്നില്ല. സഞ്ജു സാംസണും രാഹുൽ ത്രിപാഠിയും പുറത്തിരിക്കുന്നു. അവരെയും പരിഗണിക്കാവുന്നതാണ്. സഞ്ജുവിന് അവസരം ലഭിക്കുമെന്നാണ് എനിക്കു തോന്നുന്നത്. രാഹുൽ ത്രിപാഠി അതും കഴിഞ്ഞ വരൂ’– ചോപ്ര പറഞ്ഞു.

ഇന്ത്യയ്ക്കായി ഇതുവരെ 9 ട്വന്റി20 മത്സരങ്ങളാണു വെങ്കടേഷ് അയ്യർ കളിച്ചിട്ടുള്ളത്. 162.19 സ്ട്രൈക് റേറ്റിൽ 133 റൺസാണു നേടിയിട്ടുള്ളത്. എന്നാൽ രാജ്യാന്തര ക്രിക്കറ്റിൽ ഇതുവരെ വെങ്കടേഷ് മുൻനിരയിൽ ബാറ്റു ചെയ്തിട്ടില്ല. 7 ഇന്നിങ്സിൽ 5 തവണയും 6–ാം നമ്പറിലാണു വെങ്കിടേഷ് ബാറ്റു ചെയ്തത്. 

English Summary: "If he is not worthy of playing, why have you kept him in the team?" - Aakash Chopra suggests Team India changes for 2nd T20I vs Ireland

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS