‘ചെഹൽ‌ ടെസ്റ്റിലും മികവു പുലർത്തും; ഞാൻ ആയിരുന്നെങ്കിൽ കണ്ണുംപൂട്ടി കളിപ്പിച്ചേനെ’

yuzvendra-chahal-1
യുസ്‌വേന്ദ്ര ചെഹൽ (ചിത്രം– ബിസിസിഐ, ട്വിറ്റർ).
SHARE

ലണ്ടൻ∙ ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഉജ്വല ബോളിങ് ഫോം തുടരുകയാണ് ഇന്ത്യൻ ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചെഹൽ. എന്നാൽ ടെസ്റ്റ് ക്രിക്കറ്റിലും ചെഹലിന് ഇതേ മികവു തുടരാനാകുന്നുണ്ടോ എന്നു പരീക്ഷിച്ച് അറിയേണ്ടതുണ്ട് എന്നും ചെഹൽ താൽപര്യം പ്രകടിപ്പിച്ചാൽ ടെസ്റ്റ് ടീമിൽ താൻ ഉറപ്പായും സ്ഥാനം നൽകുമെന്നും അഭിപ്രായപ്പെട്ട് മുൻ ഇംഗ്ലണ്ട് സ്പിന്നറും കമന്റേറ്ററുമായ ഗ്രെയിം സ്വാൻ.

ആധുനിക ക്രിക്കറ്റിൽ ചെഹൽ അടക്കമുള്ള ഒട്ടേറെ താരങ്ങൾ ലിമിറ്റഡ് ഓവർ ക്രിക്കറ്റിലാണു പൂർണമായും ശ്രദ്ധ പതിപ്പിക്കുന്നതെന്ന് അഭിപ്രായപ്പെട്ട സ്വാൻ, ടീമുകൾ ആക്രമണോത്സുക ക്രിക്കറ്റ് കളിച്ചാൽ മാത്രമേ ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവി ഇനിയും ശോഭനീയമാകൂ എന്നും കൂട്ടിച്ചേർത്തു. 

‘വൈറ്റ് ബോൾ ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നറാണ് യുസ്‌വേന്ദ്ര ചെഹൽ. റെഡ് ബോൾ ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നറാകാൻ ചെഹലിനു കഴിയുമോ എന്നു നമുക്ക് അറിയില്ല. പക്ഷേ, ഇതു വിരൽചൂണ്ടുന്നത് ഒരേയൊരു കാര്യത്തിലേക്കാണ്. ചില താരങ്ങള്‍ ല‌ിമിറ്റഡ് ഓവർ ക്രിക്കറ്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ നിർബന്ധിതരാകുന്നു. 

ടീമുകൾ കൂടുതൽ ആക്രമണോത്സുകത കാട്ടിത്തുടങ്ങിയതോടെ ടെസ്റ്റ് ക്രിക്കറ്റിനോടുള്ള സമീപനത്തിൽത്തന്നെ മാറ്റം വന്നിട്ടുണ്ട്. ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നത് എങ്ങനെയെന്നു നോക്കൂ. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ ‘മക്കല്ലം’ ഇഫക്ട് ടീം ഇന്ത്യയിലും ലോകത്തെ മറ്റുള്ള ടീമുകളിലും പ്രതിഫലിക്കുമെന്നു കരുതാം. 

അവസരം ലഭിച്ചാൽ ഞാൻ ചെഹലിനോടു ചോദിക്കും, പറയൂ, താങ്കൾക്ക് ഇന്ത്യയ്ക്കായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ താൽപര്യമുണ്ടോ? ഉണ്ട് എന്നാണ് ഉത്തരമെങ്കിൽ ഞാൻ ചെഹലിനു പ്ലേയിങ് ഇലവനിൽ ഇടംനൽകും. ലോകോത്തര നിലവാരം പുലർത്തുന്ന ബോളറാണു ചെഹൽ. ലോകത്തെ ഏറ്റവും മികച്ച സ്പിന്നർ ചെഹലാണ് എന്നാണ് എന്റെ അഭിപ്രായം. 

പന്തിന്മേലുള്ള നിയന്ത്രണം, വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലെ ചെഹലിന്റെ ബോളിങ്, പ്രത്യേകിച്ച് മഞ്ഞുവീഴ്ചയും മറ്റുമുള്ള സാഹചര്യങ്ങളിലെ ബോളിങ് അത്രമേൽ മികച്ചതാണ്. വൈകുന്നേരങ്ങളിൽ പന്തെറിയാൽ ഏറ്റവും ബുദ്ധിമുട്ടേറിയ രാജ്യം ഇന്ത്യയാണ്’ – സ്വാനിന്റെ വാക്കുകൾ. 

English Summary: "We don't know if he can be the best red-ball spinner" - England's Graeme Swann on Yuzvendra Chahal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS