ADVERTISEMENT

ഡബ്ലിൻ∙ അയർലൻഡിനെതിരായ 2–ാം ട്വന്റി20 മത്സരത്തിലെ ഇന്ത്യൻ ബാറ്റിങ്ങിനിടെ ദീപക് ഹൂഡയും സഞ്ജു സാംസണും പ്രകടിപ്പിച്ച ‘അസാധാരണ’ ഒത്തിണക്കം ക്രിക്കറ്റ് ആരാധകരിൽ ചിലരെയെങ്കിലും അദ്ഭുതപ്പെടുത്തിയിരിക്കും. ഇരുവരുടെയും ശരീരഭാഷയും രസതന്ത്രവും അത്രമേൽ മികച്ചതായിരുന്നു.

ഇഷാൻ കിഷാന്റെ പുറത്താകലോടെ 3–ാം ഓവറിൽത്തന്നെ സഞ്ജുവിനു കൂട്ടാളിയായി ഹൂഡ ബാറ്റിങ്ങിന് എത്തിയിരുന്നു. പിന്നീടു 17–ാം ഓവറിൽ സ്കോറിങ് ഉയർത്തിനുള്ള ശ്രമത്തിനിടെ സഞ്ജു പുറത്തായതോടെയാണു കൂട്ടുകെട്ടു പൊളിയുന്നത്. 

ഇതിനിടെ വെറും 85 പന്തിൽ സഖ്യം അടിച്ചെടുത്തത് 176 റൺസ്. ട്വന്റി20 ക്രിക്കറ്റിലെ ഏതൊരു വിക്കറ്റിലെയും ഏറ്റവും ഉയർന്ന ഇന്ത്യൻ കൂട്ടുകെട്ട് എന്ന റെക്കോര്‍ഡും മത്സരത്തിനിടെ സഞ്ജു– ഹൂഡ സഖ്യം സ്വന്തമാക്കി. 2017ൽ ശ്രീലങ്കയ്ക്കെതിരെ രോഹിത് ശർമ– കെ.എൽ. രാഹുൽ സഖ്യം കുറിച്ച 165 റൺസാണു മറികടന്നത്. ഇതുകൂടാതെ ട്വന്റി20 ക്രിക്കറ്റിൽ 2–ാം വിക്കറ്റിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട് എന്ന റെക്കോർഡും സഖ്യത്തെ തേടിയെത്തി. 2020ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇംഗ്ലണ്ടിന്റെ ജോസ് ബട്‍‌ലർ– ഡേവിഡ് മലാൻ സഖ്യം നേടിയ 167 റൺസാണു മറികടന്നത്.

ബാറ്റിങ്ങിനെത്തിയ ആദ്യ ഓവർ മുതൽതന്നെ ദീപക് ഹൂഡ തകർത്തടിച്ചപ്പോൾ സിംഗിളുകൾ എടുത്തു നൽകി വിക്കറ്റിന്റെ മറുവശം കാക്കാനാണു സഞ്ജു ശ്രദ്ധിച്ചത്. ഈ ഘട്ടത്തിൽ സഞ്ജു വമ്പൻ ഷോട്ടുകൾക്കു ശ്രമിച്ചതേയില്ല. പിന്നീട് അർധ സെഞ്ചറിക്കു ശേഷമാണു ഹൂഡ സ്കോറിങ് വേഗം അൽപം കുറച്ചത്. അപ്പോഴാകട്ടെ, തുടർച്ചയായി ബൗണ്ടറികളടിച്ച് സഞ്ജു കളം നിറയുകയും ചെയ്തു. 

സമീപകാലത്ത് ഒന്നിച്ചു ബാറ്റു ചെയ്തിട്ടില്ലെങ്കിലും, 2014 അണ്ടർ 19 ലോകകപ്പിലെ ഇന്ത്യയുടെ ആ ‘പഴയ കോംബോ’യാണ് അയർലൻഡിനെതിരെയും സഖ്യം ആവർത്തിച്ചത്. വിജയ് സോൾ ഇന്ത്യയെ നയിച്ച ആ ടൂർണമെന്റിൽ സഞ്ജു ആയിരുന്നു വൈസ് ക്യാപ്റ്റൻ. ദീപക് ഹൂഡയാകട്ടെ, ടീമിലെ പ്രധാന ഓൾറൗണ്ടറും!

8 വർഷങ്ങൾക്കിപ്പുറം, കൗമാരകാലത്തെ അതേ ഒത്തിണക്കത്തോടെയായിരുന്നു അയർലൻഡിനെതിരെ സഖ്യത്തിന്റെ ബാറ്റിങ്.  മത്സരത്തിനു ശേഷം ദീപക് ഹൂഡ പ്രതികരിച്ചത് ഇങ്ങനെ, ‘സഞ്ജു എന്റെ ബാല്യകാല സുഹൃത്താണ്. ഞങ്ങൾ ഒന്നിച്ച് അണ്ടർ 19 ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. സഞ്ജുവിനു മികച്ച പ്രകടനം പുറത്തെടുക്കാനായതിലും എനിക്കു സന്തോഷമുണ്ട്. വളരെ നല്ല രാജ്യമാണ് അയർലൻഡ്. ഞാൻ ഏറെ ആസ്വദിച്ചു. ഇവിടത്തെ ആരാധകരും കൊള്ളാം. ഇന്ത്യയ്ക്കു പുറത്താണു കളിക്കുന്നതെന്ന തോന്നലേ ഉണ്ടായില്ല. ആരാധകരുടെ പിന്തുണയ്ക്കു നന്ദി’. ഹൂഡ തന്നെയായിരുന്നു കളിയിലെയും പരമ്പരയുടെയും താരം. 

 

English Summary: Deepak Hooda & Sanju Samson: From U19 cricket to record partnership at Malahide against Ireland

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com