ADVERTISEMENT

ഡബ്ലിൻ∙ ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് സഞ്ജു സാംസൺ ആഘോഷമാക്കിയതിന്റെ ആവേശത്തിലാണു മലയാളികൾ. ദീപക് ഹൂഡയും (57 പന്തിൽ 9 ഫോറും 6 സിക്സും അടക്കം 104), സഞ്ജുവും (42 പന്തിൽ 9 ഫോറും 4 സിക്സും അടക്കം 77) ഫോമിലേക്ക് ഉയർന്ന 2–ാം ട്വന്റി20യിൽ അയർലൻഡിനെതിരെ 4 റൺസിനായിരുന്നു ഇന്ത്യൻ ജയം. ജയത്തോടെ പരമ്പരയും ഇന്ത്യ സ്വന്തമാക്കി (2–0). 

ഇഷാൻ കിഷനൊപ്പം ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്യാനാണു ടീം മാനേജ്മെന്റ് സഞ്ജുവിനെ നിയോഗിച്ചത്. അത്ര പരിചിതമല്ലാത്ത റോളില്‍ ബാറ്റിങ്ങിനിറങ്ങിയ സഞ്ജു നേരിട്ട ആദ്യ പന്തിൽത്തന്നെ ബൗണ്ടറിയടിച്ചാണു തുടങ്ങിയത്. മികച്ച സ്ട്രോക് പ്ലേയിലൂടെ ആരാധകരെ രസിപ്പിച്ച് ട്വന്റി20യിലെ ആദ്യ അർധ സെഞ്ചറി കുറിച്ച സഞ്ജു 17–ാം ഓവറിൽ പുറത്താകുമ്പോൾ ഇന്ത്യൻ സ്കോർ ബോർഡിൽ 189 റൺസ് എത്തിയിരുന്നു. മത്സരത്തിനു ശേഷം സോണി ടിവി ചാനലുമായുള്ള സംഭാഷണത്തിനിടെ,  സെഞ്ചറി നഷ്ടമായതിൽ നിരാശയുണ്ടോ എന്ന് മുൻ ഇന്ത്യൻ ബാറ്ററും കമന്റേറ്ററുമായ അജയ് ജഡേജ സഞ്ജുവിനോടു ചോദിച്ചു.

‘വളരെ നല്ല കളിയായിരുന്നു ഇത്. വിക്കറ്റിൽനിന്നു ബോളർമാർക്കു നല്ല പിന്തുണ ലഭിച്ചിരുന്നു. കൃത്യമായ ലെങ്തിലാണ് ഐറിഷ് താരങ്ങൾ ബോൾ ചെയ്തിരുന്നതും. ദീപക് ഹൂഡയുടെ ബാറ്റിങ്ങാണ് എനിക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കിയത്. തുടക്കം മുതലേ ഹൂഡ തകർത്തടിച്ചു. ഞങ്ങൾ തമ്മിലുള്ള ആശയവിനിമയവും മികച്ചതായിരുന്നു. തകർത്തിടിച്ചുനിന്ന സമയത്ത് ഹൂഡയ്ക്കു സ്ട്രൈക്ക് കൈമാറുക മാത്രമേ വേണ്ടിയിരുന്നുള്ളു. സന്തോഷത്തോടെ ഞാൻ അതു ചെയ്തു.

പിന്നീട് ഞാൻ തകർത്തടിച്ചു തുടങ്ങിയപ്പോൾ ഹൂഡയും ഇതുതന്നെ ചെയ്തു. ഹൂഡയുടെ പ്രകടനത്തിൽ എനിക്കു വളരെ സന്തോഷമുണ്ട്. അടുത്ത നാളുകളിൽ എപ്പോഴെങ്കിലും അതുപോലൊരു സ്കോർ (സെഞ്ചറി) നേടണമെന്നാണ് ആഗ്രഹം. എന്റെ ബാറ്റിങ് പ്രകടനത്തിലും സന്തോഷമുണ്ട്’– സഞ്ജു പറഞ്ഞു.

പിന്നാലെയുള്ള ജഡേജയുടെ പ്രതികരണം ഇങ്ങനെ, ‘ഇതു കേൾക്കാനായതിൽ സന്തോഷമുണ്ട്. പക്ഷേ ഇപ്പോൾ ഞാൻ നിരാശനാണ്. കാരണം മത്സരത്തിൽ സഞ്ജുവും സെഞ്ചറി നേടും എന്നാണു ഞാന്‍ പ്രതീക്ഷിച്ചിരുന്നത്. താങ്കൾക്കും അങ്ങനെതന്നെയാണ് എന്നാണു ഞാൻ കരുതുന്നത്. 

ഗ്രെയിം സ്വാനും ഞാനുമെല്ലാം താങ്കളുടെ കടുത്ത ആരാധകരാണ്. താങ്കളും അതുപോലുള്ള വലിയ സ്കോറുകൾ നേടിക്കാണണം എന്നാണു ഞങ്ങളുടെ ആഗ്രഹം. താങ്കളുടെ കടുത്ത ആരാധകനായതുകൊണ്ടാണ് ഇത്തരത്തിൽ‌ പറയുന്നത്, എന്നോടും ക്ഷമിക്കണം’.

ജഡേജയുടെ വാക്കുകള്‍ക്കു കൃതജ്ഞത രേഖപ്പെടുത്തിയ സഞ്ജു നൽകിയ മറുപടി ഇങ്ങനെ, ‘നന്ദി അജയ് ഭായ്, ഇത്തരം വാക്കുകൾ നിശ്ചയമായും എനിക്ക് ഊർജം പകരും. വരും മത്സരങ്ങളിൽ വളരെയധികം റൺസ് നേടാൻ ഞാൻ നിശ്ചയമായും ശ്രമിക്കും’– സഞ്ജു പറഞ്ഞു നിർത്തി. ജൂലൈ 7ന് ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ ഇനിയുള്ള ട്വന്റി20 മത്സരം. 

 

 

English Summary: 'I'm sad because you should've scored century too. I hope you start feeling that': How Samson reacted to Jadeja's remark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com