‘കൊച്ചി ടസ്കേഴ്സിനു പാര പണിതതു വിന; ഒടുക്കം ലളിത് മോദി ഐപിഎല്ലിനു പുറത്ത്’

Mail This Article
ന്യൂഡൽഹി ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ ട്വന്റി20) ക്രിക്കറ്റിലേക്കു കൊച്ചി ടസ്കേഴ്സ് ടീമിന്റെ പ്രവേശനം തടയാൻ ഐപിഎൽ ചെയർമാനായിരുന്ന ലളിത് മോദി പരമാവധി ശ്രമിച്ചെന്ന് വെളിപ്പെടുത്തൽ.
കൊച്ചിയുമായുള്ള രസക്കേടിൽ തുടങ്ങിയ വിവാദം എങ്ങനെ ലളിത് മോദിയെ ബിസിസിഐയിൽ നിന്നു പുറത്താക്കുന്നതിലേക്കു നയിച്ചെന്നും മാധ്യമപ്രവർത്തകൻ ബോറിയ മജുംദാർ രചിച്ച ‘മാവ്‌റിക് കമ്മിഷണർ– ദ് ഐപിഎൽ–ലളിത് മോദി സാഗ’ എന്ന പുസ്തകം പറയുന്നു.
2010ലാണ് കൊച്ചി ആസ്ഥാനമായി പുതിയ ടീം ഐപിഎലിലെത്തുന്നത്. എന്നാൽ ടീമിനെ അംഗീകരിച്ചു കൊണ്ടുള്ള രേഖകളിൽ ഒപ്പു വയ്ക്കാൻ അവസാനനിമിഷം വരെ, ഐപിഎൽ കമ്മിഷണർ ലളിത് മോദി തയാറായില്ല. അവസാനം ബിസിസിഐ ചെയർമാൻ ശശാങ്ക് മനോഹറിൽനിന്ന് അർധരാത്രി ഒരു ഫോൺ കോൾ വന്നതിനു ശേഷമാണ് ലളിത് മോദി അയഞ്ഞത്. പുലർച്ചെ 3 മണിക്കായിരുന്നു രേഖകളിൽ ഒപ്പുവയ്ക്കൽ.
അതിനു പിന്നാലെ കൊച്ചി ടീമിൽ പങ്കാളിത്തമുണ്ടായിരുന്ന കേന്ദ്രമന്ത്രി ശശി തരൂരിനും ഭാര്യ സുനന്ദ പുഷ്കറിനുമെതിരെ മോദി തുടരെ ട്വീറ്റ് ചെയ്തു. സാമ്പത്തിക ക്രമക്കേടുകളെത്തുടർന്ന് 2010 ഐപിഎലിനു ശേഷം ബിസിസിഐയിൽ നിന്നു പുറത്തായ ലളിത് മോദിക്കു പിന്നീട് ആജീവനാന്ത വിലക്കും ലഭിച്ചു. പിന്നാലെ ലളിത് മോദി ഇന്ത്യ വിടുകയും ചെയ്തു.
English Summary: Maverick Commissioner revelations