‘ഇനിയും മാറ്റിനിർത്താനാകില്ല; ഹൂഡയും സഞ്ജുവും രോഹിത്– കോലി വിടവ്‌ നികത്താന്‍ പോന്നവർ’

sanju-hooda-rohit-kohli
സഞ്ജു സാംസൺ, ദീപക് ഹൂഡ, രോഹിത് ശർമ, വിരാട് കോലി എന്നിവർ (ചിത്രങ്ങൾ– ട്വിറ്റർ).
SHARE

ഡബ്ലിൻ∙ ട്വന്റി20 ലോകകപ്പ് മുന്നിൽകണ്ടുള്ള ‘പരീക്ഷണങ്ങളാണ് ടീം ഇന്ത്യയിൽ ഇപ്പോൾ നടക്കുന്നത്. ഐപിഎല്ലിൽ മികവു തെളിയിച്ച യുവതാരങ്ങളെല്ലാം ദേശീയ ടീമിൽ വരികയും തലകാണിച്ചു പോകുകയും ചെയ്യുന്നതൊക്കെ ഇതിന്റെ ഭാഗമായാണു താനും. ഈ വർഷം അവസാനം ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള 15 അംഗ ടീം തിരഞ്ഞെടുപ്പിനു മുൻപ് 2 ട്വന്റി20 പരമ്പരകൾ മാത്രമാണു ഇന്ത്യയ്ക്കു കളിക്കാനുള്ളത്.

ദക്ഷിണാഫ്രിക്ക– അയർലൻഡ് പരമ്പരകളിൽനിന്നു വിട്ടുനിന്ന സൂപ്പർ താരങ്ങൾ ഇനി ഇന്ത്യൻ ടീമിലേക്കു മടങ്ങിയെത്തും. ഇതിനു പുറമേ, ബാറ്റ് എടുക്കുന്ന താരങ്ങളെല്ലാം തകർത്തടിക്കുന്ന സാഹചര്യത്തിൽ സിലക്ടർമാരുടെ ‘പണി’ കൂടുമെന്നും ഉറപ്പ്. 2022 ട്വന്റി20 ലോകകപ്പിനു ശേഷം വിരാട് കോലി– രോഹിത് ശർമ സഖ്യത്തിന്റെ വിടവു നികത്താൻ പോന്ന താരങ്ങളാണു സഞ്ജു സാംസണും ദീപക് ഹൂഡയുമെന്നു മുൻ ഇംഗ്ലണ്ട് സ്പിന്നറും കമന്റേറ്ററുമായ ഗ്രെയിം സ്വാൻ അഭിപ്രായപ്പെട്ടു. അയർലൻഡിനെതിരായ 2–ാം ട്വന്റി20യിലെ സഞ്ജു– ഹൂഡ സഖ്യത്തിന്റെ ബാറ്റിങ് പ്രകടനത്തിനു പിന്നാലെയാണു സ്വാനിന്റെ അഭിപ്രായ പ്രകടനം. 

മത്സരത്തിൽ‌ 104 റൺസ് നേടിയ ഹൂഡ, രാജ്യാന്തര ട്വന്റി20യിൽ സെ‍ഞ്ചറി നേടുന്ന 4–ാമത്തെ ഇന്ത്യൻ താരം എന്ന നേട്ടത്തിലെത്തിയപ്പോൾ 77 റൺസെടുത്ത സഞ്ജു സാംസണും രാജ്യാന്തര കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണു കാഴ്ചവച്ചത്. 2–ാം വിക്കറ്റിൽ സഖ്യം 176 റൺസാണു ചേർത്തത്. 

‘ ഇന്ത്യൻ ടീമിലേക്കുള്ള ശക്തമായ അവകാശവാദമാണു സഞ്ജു സാംസണും ദീപക് ഹൂഡയും ഉന്നയിച്ചിരിക്കുന്നത്. രോഹിത് ശർമ, വിരാട് കോലി എന്നീ താരങ്ങൾ ട്വന്റി20 ലോകകപ്പിനുള്ള ടീമിലേക്കു മടങ്ങിയെത്തും. എന്നാൽ ട്വന്റി20 ലോകകപ്പിനു ശേഷം ഇന്ത്യൻ ടീമിൽ ഒന്നോ രണ്ടോ സ്ഥാനങ്ങൾ ഒഴിവു വരുമ്പോൾ, ആ സ്ഥാനങ്ങളിലേക്കു ഞങ്ങളുണ്ട് എന്ന് ഉറക്കെ വിളിച്ചു പറയാൻ ഇതിനേക്കാൾ നല്ല മാർഗമില്ല’ – സ്വാൻ പറഞ്ഞു.

‘അയർലൻഡിനെതിരായ മത്സരം നടന്ന ഗ്രൗണ്ട് ചെറുതാണെന്നു സമ്മതിക്കുന്നു. അതുകൊണ്ടുതന്നെ ഇന്ത്യ നേടിയ ടോട്ടൽ അത്ര മികച്ചതല്ല എന്നൊക്കെ അഭിപ്രായം ഉണ്ടായേക്കാം. പക്ഷേ, ഹൂഡയും സഞ്ജുവും കളിച്ച ഷോട്ടുകൾ നോക്കൂ, ഗ്രൗണ്ട് എത്ര ചെറുതാണെങ്കിലും ഇരുവരും പന്ത് വളരെ ദൂരേയ്ക്കാണ് അടിച്ചു പറത്തിയത്. ലോകോത്തര നിലവാരം പുലർത്തുന്ന താരങ്ങളാണ് രണ്ടുപേരും’– സ്വാനിന്റെ വാക്കുകൾ.  

English Summary: 'No better way to stand and scream 'I want that spot'': ENG great backs Hooda, Samson to fill Rohit-Kohli gap post T20WC

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS