ADVERTISEMENT

ഡബ്ലിന്‍∙ അയർലൻഡിനെതിരായ 2–ാം ട്വന്റി20യിലെ ഉജ്വല അർധ സെഞ്ചറിക്കു പിന്നാലെ സമൂഹ മാധ്യമങ്ങളിലും തരംഗമായി മലയാളി താരം സഞ്ജു സാംസൺ. ഇന്ത്യൻ ജഴ്സിയിൽ സഞ്ജുവിന്റെ മികച്ച പ്രകടനത്തിനായി ഏറെ നാൾ ക്ഷമയോടെ കാത്തിരുന്ന ആരാധകരുടെ മനസ്സു നിറയ്ക്കുന്ന ഇന്നിങ്സാണ് അയർലൻഡിനെതിരെ സഞ്ജു പുറത്തെടുത്തത്. മത്സരത്തിനു പിന്നാലെ സഞ്ജുവിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളാണു സമൂഹ മാധ്യമങ്ങളിൽ പൊടിപൊടിക്കുന്നത്. 

2–ാം ട്വന്റി20ക്കുള്ള പ്ലേയിങ് ഇലവനിൽ സഞ്ജു ഉൾപെട്ടിട്ടുണ്ട് എന്ന ക്യാപ്റ്റൻ ഹാർ‌ദിക് പാണ്ഡ്യയുടെ പ്രഖ്യാപനത്തെത്തന്നെ ഡബ്ലിനിലെ കാണികൾ ആർപ്പുവിളികളോടെയാണു വരവേറ്റത്. ബാറ്റിങ്ങിനിടെയും കാണികളുടെ ‘അതിരറ്റ’ പിന്തുണ സഞ്ജുവിനു ലഭിച്ചു. ആദ്യ ട്വന്റി20യിൽ പ്ലേയിങ് ഇലവനിൽ ഉൾപെട്ടിരുന്നില്ല എങ്കിലും ആരാധകർക്ക് ഓട്ടോഗ്രാഫ് നൽകാനും അവർക്കൊപ്പം ചിത്രങ്ങൾ പങ്കുവയ്ക്കാനും സഞ്ജു സമയം നീക്കിവച്ചിരുന്നു. 

2–ാം ട്വന്റി20ക്കു ശേഷം സോണി ചാനലിനു വേണ്ടി സഞ്ജുവുമായി നടത്തിയ വിഡിയോ കോൺറഫറൻസിനിടെ താനും സഞ്ജുവിന്റെ കടുത്ത ആരാധകനാണ് എന്നു മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ അജയ് ജഡേജയും വെളിപ്പെടുത്തി. എന്നാൽ തൊട്ടുപിന്നാലെ ജഡേജയുമായി സഞ്ജു സാസംൺ മലയാളത്തിൽ സംസാരിച്ചതോടെ അമ്പരന്നത് പ്രേക്ഷകരാണ്. ‘സഞ്ജു ഇത് കേരളത്തില്‍ നിന്നും അജയ് ജഡേജയാണ് സംസാരിക്കുന്നത്. താങ്കളുടെ പ്രകടനം ഗംഭീരമായിരുന്നു. അതീവ സന്തോഷവാനാണ് ഞാന്‍, എന്നാൽ താങ്കൾ സെഞ്ചറി നേടാതെ പോയതില്‍  വിഷമമുണ്ട്’– എന്നായിരുന്നു അജയ് ജഡേജ പറഞ്ഞത്.

ഇതിനു മറുപടിയായി മലയാളത്തിലുള്ള സംഭാഷണത്തിനു തുടക്കമിട്ടതു സഞ്ജു തന്നെയാണ്.

‘അജയ് ഭായ്, നമസ്‌കാരം സുഖമാണല്ലോ അല്ലെ?..ഭക്ഷണമൊക്കെ കഴിച്ചോ? സഞ്ജു ജഡേജയോടു ചോദിച്ചു. ‘ഇവിടെ സുഖമാണ്. അവിടെ സുഖമാണോ?’ എന്ന് ജഡേജയും സഞ്ജുവിനോട് ചോദിക്കുന്നുണ്ട്. താങ്കളുമായി പിന്നീടു ദീർഘനേരം മലയാളത്തിൽ സംസാരിക്കാമെന്നു പറഞ്ഞതിനു ശേഷമാണു സഞ്ജു ക്രിക്കറ്റിനെക്കുറിച്ചും അയർലൻഡിനെതിരായ ബാറ്റിങ്ങിനെക്കുറിച്ചും മനസ്സുതുറന്നത്. ആലപ്പുഴയില്‍ അമ്മവീടുള്ള അജയ് ജഡേജയ്ക്ക് കേരളവുമായും അടുത്ത ബന്ധമാണുള്ളത്. 

 

English Summary: Sanju Samson talking malayalam with Ajay Jadeja

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com